സേവന മേഖലയിലെ വളര്‍ച്ച തുടര്‍ന്നു, പിഎംഐ 51.4 ലെത്തി

സേവന മേഖലയിലെ വളര്‍ച്ച തുടര്‍ന്നു, പിഎംഐ 51.4 ലെത്തി

തൊഴില്‍ സൃഷ്ടിയില്‍ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഉയര്‍ച്ച

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയില്‍ ഏപ്രില്‍ മാസത്തിലും മെച്ചപ്പെടല്‍ തുടര്‍ന്നതായി ഐഎച്ച്എസ് മാര്‍കിറ്റ് റിപ്പോര്‍ട്ട്. ബിസിനസ് പ്രവര്‍ത്തനങ്ങളിലുണ്ടായ വര്‍ധനവിനൊപ്പം തൊഴില്‍ സൃഷ്ടിയില്‍ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. പുതിയ ഓര്‍ഡറുകളുടെ വളര്‍ച്ച, പണപ്പെരുപ്പ സമ്മര്‍ദം ലഘൂകരിക്കപ്പെട്ടത് എന്നിവയുടെ അടിസ്ഥാത്തില്‍ ഡിമാന്റ് പശ്ചാത്തലം മെച്ചപ്പെട്ടതിനാല്‍ നിക്കെയ് ഇന്ത്യ സര്‍വീസസ് ബിസിനസ് ആക്റ്റിവിറ്റി സൂചിക മാര്‍ച്ചിലെ 50.3 ല്‍ നിന്ന് ഏപ്രിലില്‍ 51.4 ആയി ഉയര്‍ന്നു.

മുന്‍മാസത്തെ അപേക്ഷിച്ച് ഇന്ത്യന്‍ സേവന കമ്പനികളുടെ ഉല്‍പ്പന്നങ്ങളില്‍ വേഗത്തില്‍ വിപുലീകരണം നടക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ ഉയര്‍ച്ചയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിന്റെ തുടക്കത്തില്‍ തന്നെ രാജ്യത്തെ സേവന മേഖല മെച്ചപ്പെടല്‍ മുന്നോട്ടുകൊണ്ടുപോയത് ശുഭസൂചനയാണെന്നും പുതിയ ഓര്‍ഡറുകളുടെ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സേവന മേഖലയുടെ ഏപ്രില്‍ റിപ്പോര്‍ട്ട് പ്രോത്സാഹനജനകമാണെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ ഐഎച്ച്എസ് മാര്‍കിറ്റിലെ ഇക്കണോമിസ്റ്റായ അഷ്‌ന ദോദിയ പറയുന്നു. ഇന്ത്യയുടെ മൊത്തത്തിലുള്ള സമ്പദ്ഘടനയില്‍ വില സമ്മര്‍ദ നിയന്ത്രണം കാണാന്‍ സാധിച്ചുവെന്നും ഇന്‍പുട്ട്, ഔട്ട്പുട്ട് ചാര്‍ജുകളിലെ പണപ്പെരുപ്പം 2017 ജൂണിനും 2017 സെപ്റ്റംബറിനും ശേഷമുള്ള കുറഞ്ഞ തലത്തിലാണെന്നും ദോദിയ പറയുന്നു. ഫെബ്രുവരിയിലെ താല്‍ക്കാലിക ഇടിവില്‍ നിന്നും വീണ്ടെടുപ്പ് നടത്തുന്നത് സേവന സമ്പദ്ഘടന തുടരുമെന്നും അവര്‍ വിലയിരുത്തുന്നു.

ഇന്ത്യയുടെ സേവന മേഖലകളിലുടനീളം ഓര്‍ഡറുകളില്‍ ഉയര്‍ച്ചയുണ്ടായതായി മാര്‍ച്ചിലെ ഡാറ്റയും ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് മാനുഫാക്ചറിംഗ് മേഖലയിലെ പുതിയ ഓര്‍ഡറുകള്‍ ഏപ്രിലില്‍ തുടര്‍ച്ചയായ ആറാം മാസമാണ് ഉയര്‍ച്ച നേടിയത്.

Comments

comments

Categories: Slider, Top Stories