ഈ വികസനം കൊണ്ട് എന്ത് പ്രയോജനം

ഈ വികസനം കൊണ്ട് എന്ത് പ്രയോജനം

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 15 നഗരങ്ങളില്‍ 14 എണ്ണം ഇന്ത്യയില്‍ നിന്നാണെന്ന് ഡബ്ല്യുഎച്ച്ഒയുടെ ഗ്ലോബല്‍ എയര്‍ പൊലൂഷന്‍ ഡാറ്റ ബേസ് പറയുന്നു. വികസന കാഴ്ച്ചപ്പാടുകളിലെ നിരര്‍ത്ഥകത കൂടിയാണ് ഇത് അടിവരയിടുന്നത്

വികസനത്തിന്റെ ആത്യന്തിക ലക്ഷ്യമെന്താണ് എന്നതിനെക്കുറിച്ച് യാതൊരുവിധ ബോധ്യവുമില്ലാത്ത തരത്തിലുള്ള വഴികളിലൂടെയാണ് പല നിലപാടുകളും നമ്മള്‍ കൈക്കൊള്ളുന്നു എന്നത് ആവര്‍ത്തിച്ച് ബോധ്യമാകുന്ന തരത്തിലാണ് പല പഠന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ഇതില്‍ ഏറ്റവും ഗുരുതമായതാണ് കഴിഞ്ഞ ദിവസം വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട ഗ്ലോബല്‍ എയര്‍ പൊലൂഷന്‍ ഡാറ്റ ബേസ് ചൂണ്ടിക്കാണിക്കുന്നത്.

ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട 15 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എത്രയൊക്കെ വ്യാവസായിക വിപ്ലവം വന്നാലും ആരോഗ്യത്തോടെ ജീവിക്കാനുള്ള ആവാസ വ്യവസ്ഥയില്ലെങ്കില്‍ പിന്നെ എന്ത് പ്രയോജനം. 100 രാജ്യങ്ങളില്‍ നിന്നുള്ള 4,000ത്തോളം നഗരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള ഡാറ്റബേസ് ആണ് ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയിരിക്കുന്നത്. ഡെല്‍ഹിയുടെ വായുമലിനീകരണ തോത് കുറഞ്ഞിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ നഗരമായ കാന്‍പൂര്‍ ആണ് മലിനീകരണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഇതൊരു വലിയ പൊതുആരോഗ്യ പ്രതിസന്ധിയാണ്. അത്രമാത്രം പ്രാധാന്യം കൊടുത്തുതന്നെ സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ടതുമുണ്ട്. തെറ്റ് തിരിച്ചറിഞ്ഞാല്‍ അത് എത്രയും വേഗം തിരുത്താന്‍ തയാറാകുക എന്നതാണ് ഏത് കാര്യത്തിലും ചെയ്യേണ്ടത്. ജനസംഖ്യയിലെ വന്‍വര്‍ധന കണക്കിലെടുക്കുമ്പോള്‍ മലിനീകരണതോതിന്റെ കാര്യത്തില്‍ ഡെല്‍ഹിയും ബെയ്ജിംഗും മുമ്പ് സമാനമായിരുന്നു. എന്നാല്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ ചൈന പിന്നീട് സ്വീകരിച്ചത് നഗരത്തെ ശുദ്ധീകരിക്കാനുള്ള പദ്ധതികളാണ്. അതിന്റെ ഫലമായാണ് 2013 മുതല്‍ ബെയ്ജിംഗിലെ വായുമലിനീകരണ തോത് ക്രമാനുഗതമായി കുറഞ്ഞ് വരുന്നത്. വായുമലിനീകരണം നിയന്ത്രിക്കാനുള്ള ദേശീയ കര്‍മ പദ്ധതിയും പരിസ്ഥിതി സൗഹൃദമായ നിരവധി നയങ്ങളും അവര്‍ നടപ്പാക്കി.

വായുമലിനീകരണം മനുഷ്യന്റെ ആയുസിനെ പോലും വലിയ രീതിയില്‍ ബാധിക്കുന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണെന്നാണ് ലോക ആരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ഇത് മൂലം സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും കണക്കുകൂട്ടലുകള്‍ക്കപ്പുറത്താണ്.

ഡബ്ല്യുഎച്ച്ഒയുടെ പുതിയ റിപ്പോര്‍ട്ട് കണ്ണ് തുറക്കാനുള്ള അവസാന അവസരമായി വേണം കേന്ദ്ര സര്‍ക്കാര്‍ കാണാന്‍. പരിസ്ഥിതി മലിനീകരണവും വായു മലിനീകരണവും രൂക്ഷമാക്കുന്ന ഒരു തരത്തിലുള്ള വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കരുത്. ശക്തമായ നടപടികള്‍ എടുക്കുന്നതിലൂടെ വ്യവസായങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തേക്കാള്‍ എത്രയോ വലുതും ഭയാനകവുമാണ് പരിസ്ഥിതി മലിനീകരണം കൊണ്ട് മാനവരാശിക്കും നമ്മുടെ ആവാസവ്യവസ്ഥയ്ക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍.മരപ്പൊടിയും മറ്റും ഉപയോഗിച്ചുള്ള പാചകം ഉണ്ടാക്കുന്ന പുക മാരകമായ അസുഖങ്ങള്‍ക്കാണ് കാരണമാകുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതാകട്ടെ സ്ത്രീകളെയും കുട്ടികളെയുമാണ്. ഇത്രയും കാലം എല്‍പിജി കണക്ഷനുകള്‍ വ്യാപിപ്പിക്കാതിരിക്കാന്‍ രാജ്യം ഭരിച്ച സര്‍ക്കാരുകള്‍ എന്തുകൊണ്ട് വേണ്ടത്ര നടപടികള്‍ എടുത്തില്ല എന്നത് നമ്മുടെ രാഷ്ട്രീയ, വികസന കാഴ്ച്ചപ്പാടുകളുടെ പ്രശ്‌നമാണ്.അതുകൊണ്ടുതന്നെയാണ് 2016 മേയ് 1ന് പ്രധാനമന്ത്രി ഉജ്വല്‍ യോജന എന്നപേരില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ പേരില്‍ സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിക്ക് കയ്യടിക്കേണ്ടതും. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ 3.7 കോടി കുടുംബങ്ങള്‍ക്കാണ് സൗജന്യ ഗ്യാസ് കണക്ഷന്‍ അനുവദിച്ചത്. 2020ല്‍ 8 കോടി കുടുംബങ്ങളില്‍ ഗ്യാസ് കണക്ഷന്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതുപോലുള്ള ശ്രമങ്ങള്‍ വിവിധ തലങ്ങളില്‍ വ്യാപകമാക്കുകയാണ് വേണ്ടത്.

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം എത്രയും വേഗത്തില്‍ തന്നെ സാധ്യമാക്കാനുള്ള നടപടികള്‍ കേന്ദ്രം കൈക്കൊള്ളണം. അവയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുഖ്യ പരിഗണ നല്‍കണം. കേവല രാഷ്ട്രീയ താല്‍പ്പര്യങ്ങളും പ്രതിലോമകരമായ നിലപാടുകളും മാറ്റിവെച്ച് കൂട്ടായ്മയോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ ദുരവസ്ഥയില്‍ നിന്ന് മോചനം ലഭിക്കൂ. ഭരണനേതൃത്വത്തിന്റെ ഇച്ഛാശക്തിയും ജനങ്ങളുടെ ഉത്തരവാദിത്ത ബോധവുമാണ് ഇതില്‍ പ്രധാനം.

Comments

comments

Categories: Editorial, Slider