ഡിഫന്‍സ്, എയ്‌റോസ്‌പേസ് ബിസിനസ് ടാറ്റ മോട്ടോഴ്‌സ് വില്‍ക്കുന്നു

ഡിഫന്‍സ്, എയ്‌റോസ്‌പേസ് ബിസിനസ് ടാറ്റ മോട്ടോഴ്‌സ് വില്‍ക്കുന്നു

മറ്റൊരു ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസിനാണ് ടാല്‍ മാനുഫാക്ച്ചറിംഗ് സൊലൂഷന്‍സ് വില്‍ക്കുന്നത്

ന്യൂഡെല്‍ഹി : പ്രതിരോധ, എയ്‌റോസ്‌പേസ് പാര്‍ട്‌സ് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉപകമ്പനിയായ ടാല്‍ മാനുഫാക്ച്ചറിംഗ് സൊലൂഷന്‍സ് ലിമിറ്റഡ് വില്‍ക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ്. മറ്റൊരു ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡാണ് ടാല്‍ മാനുഫാക്ച്ചറിംഗ് സൊലൂഷന്‍സ് വാങ്ങുന്നത്. വലിയ ട്രക്കുകള്‍, വെപ്പണ്‍സ് സിസ്റ്റം കാരിയറുകള്‍, വലിയ സ്‌പെഷലൈസ്ഡ് വാഹനങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന ബിസിനസ്സാണ് കൈമാറുന്നത്. ഇന്ത്യന്‍ സൈന്യത്തിനും മറ്റ് രാജ്യങ്ങള്‍ക്കും വേണ്ടിയാണ് ടാറ്റ മോട്ടോഴ്‌സ് ഇവ നിര്‍മ്മിച്ചിരുന്നത്.

അതേസമയം സിവിലിയന്‍മാര്‍ ഉപയോഗിക്കുന്ന സഫാരി സ്റ്റോം പോലുള്ള ഭാരം കുറഞ്ഞ വാഹനങ്ങള്‍ സൈന്യത്തിന് വിതരണം ചെയ്യുന്നത് തുടരുമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. 625 കോടി രൂപ നല്‍കിയാണ് ടാല്‍ മാനുഫാക്ച്ചറിംഗ് സൊലൂഷന്‍സിനെ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് വാങ്ങുന്നത്. അതേസമയം ടാല്‍ മാനുഫാക്ച്ചറിംഗ് സൊലൂഷന്‍സിന്റെ നോണ്‍-എയ്‌റോസ്‌പേസ് ബിസിനസ് 10 ലക്ഷം രൂപ നല്‍കി ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുക്കും. മൂലധന ചെലവിനത്തില്‍ ടാറ്റ മോട്ടോഴ്‌സിന് 100 കോടി രൂപ ലഭിക്കുകയും ചെയ്യും. സമാനമായ ബിസിനസ്സുകള്‍ ടാറ്റ പവര്‍ കഴിഞ്ഞ മാസം ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിന് വിറ്റിരുന്നു.

സിവിലിയന്‍മാര്‍ ഉപയോഗിക്കുന്ന സഫാരി സ്റ്റോം പോലുള്ള വാഹനങ്ങള്‍ സൈന്യത്തിന് വിതരണം ചെയ്യുന്നത് തുടരും

കൂടുതല്‍ മൂലധനം ലഭിക്കുന്നത് പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹന ബിസിനസ്സുകള്‍ ശക്തിപ്പെടുത്താന്‍ ടാറ്റ മോട്ടോഴ്‌സിനെ സഹായിക്കും. പുതിയ കാറുകളും എസ്‌യുവികളും പുറത്തിറക്കാനിരിക്കേ, പ്ലാറ്റ്‌ഫോമുകളും ഡ്രൈവ്‌ട്രെയ്‌നുകളും (ഇലക്ട്രിക് ഉള്‍പ്പെടെ) വലിയ തോതില്‍ പരിഷ്‌കരിക്കുന്നതിനും മികച്ച ഡിസൈനുകള്‍ അവതരിപ്പിക്കുന്നതിനും ടാറ്റ മോട്ടോഴ്‌സിന് പരമാവധി പണം ആവശ്യമായി വരും.

Comments

comments

Categories: Auto