വാള്‍മാര്‍ട്ട് നിക്ഷേപത്തോടെ സച്ചിന്‍ ബന്‍സാല്‍ ഫിള്പ്കാര്‍ട്ട് വിട്ടേക്കും

വാള്‍മാര്‍ട്ട് നിക്ഷേപത്തോടെ സച്ചിന്‍ ബന്‍സാല്‍ ഫിള്പ്കാര്‍ട്ട് വിട്ടേക്കും

ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന് സൂചന

ബെംഗളൂരു: യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടുമായള്ള നിക്ഷേപ ചര്‍ച്ചകള്‍ ഫലം കാണുകയാണെങ്കില്‍ ഫിള്പ്കാര്‍ട്ട് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സച്ചിന്‍ ബന്‍സാല്‍ കമ്പനിയില്‍ നിന്നും പുറത്തുപോയേക്കുമെന്ന് റിപ്പോര്‍ട്ട്. വാള്‍മാര്‍ട്ടുമായുള്ള കരാറില്‍ തന്റെ കൈവശമുള്ള ഓഹരികളൊന്നും വില്‍ക്കാന്‍ സച്ചിന്‍ ബന്‍സാല്‍ തീരുമാനിച്ചിട്ടില്ലെന്നും കമ്പനിയുടെ ഉന്നതസ്ഥാനത്ത് തുടരാനുള്ള സാധ്യതകളാണ് അദ്ദേഹം തേടുന്നത് എന്നുമായിരുന്നു കഴിഞ്ഞാഴ്ച വരെ വാര്‍ത്തകള്‍ വന്നിരുന്നത്. ഏകദേശം 5.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഫിള്പ്കാര്‍ട്ടില്‍ അദ്ദേഹത്തിനുള്ളത്.

20017ല്‍ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ചേര്‍ന്ന് ആരംഭിച്ച കമ്പനിയാണ് ഫിള്പ്കാര്‍ട്ട്. 2016 ജനുവരി വരെ സച്ചിന്‍ ഫിള്പ്കാര്‍ട്ടിന്റെ സിഇഒ ആയിരുന്നു. ഫഌപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയിലിരുന്ന ആളാണ് സച്ചിന്‍ . വാള്‍മാര്‍ട്ടുമായുള്ള കരാറോടെ സച്ചിന്‍ ബന്‍സാല്‍ കമ്പനി വിടുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ മൂന്ന് നാല് ദിവസത്തിനിടെയാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഫിള്പ്കാര്‍ട്ടിലെ ബോര്‍ഡ് അംഗങ്ങളുടെ കാര്യത്തില്‍ വാള്‍മാര്‍ട്ടുമായി ധാരണയിലെത്തുന്നതോടെ സച്ചിന്‍ കമ്പനി വിടുന്നത് സംബന്ധിച്ച് തീരുമാനമാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും സച്ചിന്‍ ബന്‍സാല്‍ കമ്പനി വിടുന്നതിനുള്ള സാധ്യത കൂടുതലാണെന്നും ഇവര്‍ പറയുന്നു.

ഫിള്പ്കാര്‍ട്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായിട്ടുള്ള കമ്പനിയുടെ ഗ്രൂപ്പ് സിഇഒ ബിന്നി ബന്‍സാലും ഫിള്പ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തിയും നിലവിലെ പദവികളില്‍ തന്നെ തുടരണമെന്നാണ് വാള്‍മാര്‍ട്ട് ആഗ്രഹിക്കുന്നത്. ഫഌപ്കാര്‍ട്ടിന്റെ പത്തംഗ ബോര്‍ഡില്‍ നിലവില്‍ കല്യാണ്‍ കൃഷ്ണമൂര്‍ത്തിയില്ലെന്നാണ് സിംഗപ്പൂരില്‍ കമ്പനി സമര്‍പ്പിച്ചിട്ടുള്ള റെഗുലേറ്ററി രേഖയില്‍ നിന്നും വ്യക്തമാകുന്നത്. ഫിള്പ്കാര്‍ട്ടിന്റെ പത്തംഗ ബോര്‍ഡില്‍ മൂന്നോ നാലോ സീറ്റ് വാള്‍മാര്‍ട്ടിന് ലഭിക്കും.

ഇക്കാര്യത്തില്‍ ഫിള്പ്കാര്‍ട്ടോ ബിന്നി ബന്‍സാലോ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. ഫിള്പ്കാര്‍ട്ടില്‍ തനിക്കുള്ള ഓഹരി അവകാശത്തിന്റെ പത്തിലൊന്ന് ബിന്നി ബന്‍സാല്‍ വില്‍പ്പന നടത്തിയേക്കും. ഫിള്പ്കാര്‍ട്ടില്‍ നിന്നും പുറത്തുപോയാലും സച്ചിന്‍ ബന്‍സാല്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലും മറ്റ് സംരംഭകര്‍ക്ക് മെന്റര്‍ഷിപ്പ് നല്‍കുന്നതിലും തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫിള്പ്കാര്‍ട്ടിന്റെ ഉന്നതതല മാനേജ്‌മെന്റില്‍ ഇതാദ്യമായല്ല മാറ്റങ്ങള്‍ വരുത്തുന്നത്. പക്ഷെ, സ്ഥാപകരിലൊരാളുടെ പുറത്തുപോക്ക് കമ്പനിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും.

Comments

comments

Categories: Business & Economy