അജയ്യനാകാന്‍ മെഴ്‌സിഡീസ്-എഎംജി ഇ 63 എസ് 4മാറ്റിക്പ്ലസ്

അജയ്യനാകാന്‍ മെഴ്‌സിഡീസ്-എഎംജി ഇ 63 എസ് 4മാറ്റിക്പ്ലസ്

ഇന്ത്യ എക്‌സ് ഷോറൂം വില 1.5 കോടി രൂപ

ന്യൂഡെല്‍ഹി : മെഴ്‌സിഡീസ്-ബെന്‍സിന്റെ ഹൈ പെര്‍ഫോമന്‍സ് ബ്രാന്‍ഡായ മെഴ്‌സിഡീസ്-എഎംജി ഇന്ത്യയില്‍ ഇ 63 എസ് 4മാറ്റിക്പ്ലസ് അവതരിപ്പിച്ചു. 1.5 കോടി രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വിലയെന്ന് മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും പവര്‍ഫുള്‍ ഇ-ക്ലാസ് കാറാണ് എഎംജി ഇ 63 എസ് 4മാറ്റിക്പ്ലസ്. മേബാക്ക് എസ്650, പുതിയ എസ്-ക്ലാസ് ഫേസ്‌ലിഫ്റ്റ്, ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്‍ എന്നിവയ്ക്കുശേഷം ഈ വര്‍ഷം ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളുടെ നാലാമത്തെ ലോഞ്ചാണ് എഎംജി ഇ 63 എസ് 4മാറ്റിക്പ്ലസ്.

ഇ-ക്ലാസ് കാറുകളില്‍ മുന്‍ നിരയിലാണ് എഎംജി ഇ 63 എസ് 4മാറ്റിക്പ്ലസ്സിന്റെ സ്ഥാനം. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 3.4 സെക്കന്‍ഡ് സമയം മതി. ഇന്ത്യയില്‍ ഈയിടെ അവതരിപ്പിച്ച എഎംജി ജിടി ആറിനേക്കാള്‍ വേഗമുള്ളവന്‍. എഎംജി ഇ 63 എസ് 4മാറ്റിക്പ്ലസ്സിന് നിലവില്‍ ഇന്ത്യയില്‍ ഒരേയൊരു എതിരാളി മാത്രമാണുള്ളത്. അത് മറ്റാരുമല്ല, ബിഎംഡബ്ല്യു എം5.

ബാഹ്യരൂപം വര്‍ണ്ണിച്ചാല്‍, സ്റ്റാന്‍ഡേഡ് ഇ-ക്ലാസിന്റെ ചില എക്സ്റ്റീരിയര്‍ പ്രൊഫൈല്‍ എഎംജി ഇ 63 എസ് 4മാറ്റിക്പ്ലസ്സില്‍ നിലനിര്‍ത്തിയിരിക്കുന്നു. സ്റ്റാന്‍ഡേഡ് ഇ-ക്ലാസ്സിലെ സ്മൂത്ത് ക്യാരക്ടര്‍ ലൈനുകളും നിലനിര്‍ത്തി. എന്നാല്‍ മുന്‍ വശത്തെ എഎംജി പാന്‍അമേരിക്കാന റേഡിയേറ്റര്‍ ഗ്രില്ല് പുതിയതാണ്. ഫ്രണ്ട് ബംപര്‍ പുതുക്കിപ്പണിതിരിക്കുന്നു. അല്‍പ്പം വലിയ എയര്‍ ഇന്‍ടേക്കുകള്‍ ഇവിടെ കാണാം. പിന്‍ ഭാഗത്തെ എക്‌സ്‌ഹോസ്റ്റ് സംവിധാനം സ്‌പോര്‍ടിയാണ്. വീല്‍ ആര്‍ച്ചുകള്‍ക്ക് സ്റ്റാന്‍ഡേഡ് ഇ-ക്ലാസിനേക്കാള്‍ അല്‍പ്പം വീതി കൂടുതലാണ്. കൃത്യമായി പറഞ്ഞാല്‍ അര ഇഞ്ച്. മാറ്റ് ബ്ലാക്ക് എഎംജി 20 ഇഞ്ച് അലോയ് വീലുകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. പിന്നില്‍, ബൂട്ട് ലിഡ്ഡില്‍ വാഹനത്തിന്റെ നിറത്തിന് അനുസൃതമായ സ്‌പോയ്‌ലര്‍ ലിപ്, ഡിഫ്യൂസര്‍-ലുക്ക് ഇന്‍സെര്‍ട്ടുകളോടെ റിയര്‍ ഏപ്രണ്‍ എന്നിവ ലഭിച്ചിരിക്കുന്നു.

എഎംജി 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 എന്‍ജിനാണ് എഎംജി ഇ 63 എസ് 4മാറ്റിക്പ്ലസ്സിന്റെ ഹൃദയം. പരമാവധി 603 ബിഎച്ച്പി കരുത്തും പരമാവധി 850 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഈ എന്‍ജിന് കഴിയും. എക്കാലത്തെയും ഏറ്റവും പവര്‍ഫുള്‍ ഇ-ക്ലാസ്. മണിക്കൂറില്‍ 249 കിലോമീറ്ററാണ് ടോപ് സ്പീഡ്. 9 സ്പീഡ് എഎംജി സ്പീഡ്ഷിഫ്റ്റ് ഡുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. എഎംജി പെര്‍ഫോമന്‍സ് 4മാറ്റിക്പ്ലസ് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും ലഭിക്കും.

എഎംജി ഇ 63 എസ് 4മാറ്റിക്പ്ലസ്സിലെ ഡ്രിഫ്റ്റ് മോഡ് എന്ന ഫീച്ചര്‍ ശ്രദ്ധേയമാണ്

എഎംജി ഇ 63 എസ് 4മാറ്റിക്പ്ലസ്സിലെ ഡ്രിഫ്റ്റ് മോഡ് എന്ന ഫീച്ചര്‍ ശ്രദ്ധേയമാണ്. റിയര്‍ ആക്‌സിലിനെ ഫ്രണ്ട് ആക്‌സിലുമായി കണക്റ്റ് ചെയ്യുന്ന, ഇലക്ട്രോമെക്കാനിക്കലായി നിയന്ത്രിക്കാവുന്ന കപ്ലിംഗാണ് ഈ ഫീച്ചര്‍. ഡ്രൈവിംഗ് സാഹചര്യങ്ങളും ഡ്രൈവറുടെ ഇന്‍പുട്ടുകളും നിരന്തരം മനസ്സിലാക്കുകയും ഡ്രിഫ്റ്റ് മോഡ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്പി) ഡീആക്റ്റിവേറ്റ് ആയിരിക്കുകയും ട്രാന്‍സ്മിഷന്‍ മാന്വല്‍ മോഡില്‍ ആയിരിക്കുകയും ചെയ്താല്‍ ‘റേസ്’ ഡ്രൈവില്‍ ഷിഫ്റ്റ് പാഡിലുകള്‍ ഉപയോഗിച്ച് ഡ്രിഫ്റ്റ് മോഡ് ആക്റ്റിവേറ്റ് ചെയ്യാം. ഡ്രിഫ്റ്റ് മോഡ് ആക്റ്റിവേറ്റ് ചെയ്താല്‍ എഎംജി ഇ 63 എസ് 4മാറ്റിക്പ്ലസ് റിയര്‍ വീല്‍ ഡ്രൈവ് വാഹനമായി മാറും. ഡ്രൈവര്‍ ഡീആക്റ്റിവേറ്റ് ചെയ്യുന്നതുവരെ വാഹനം ഡ്രിഫ്റ്റ് മോഡില്‍ തുടരും.

Comments

comments

Categories: Auto