കാര്‍ഷിക കേരളം നെഞ്ചിലേറ്റിയ കെഎസ്ഇ

കാര്‍ഷിക കേരളം നെഞ്ചിലേറ്റിയ കെഎസ്ഇ

കേരളത്തിലെ ക്ഷീരോല്‍പ്പന്ന മേഖലയിലെ കര്‍ഷകരുടെ വിശ്വസ്ത സ്ഥാപനമാണ്് കെഎസ്ഇ ലിമിറ്റഡ് (കേരള സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍സ് ലിമിറ്റഡ്). കാലിത്തീറ്റ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കെഎസ് എന്ന പേര് ഓര്‍മയിലേക്ക് എത്തുംവിധമുള്ള പ്രവര്‍ത്തന ശൈലിയാണ് ഇവര്‍ കാഴ്ചവെക്കുന്നത്. അരനൂറ്റാണ്ടിലേറെയായി മേഖലയിലെ സജീവ സാന്നിധ്യമായ കമ്പനി 2020 ഓടെ ദക്ഷിണേന്ത്യയിലാകെ മികച്ച നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് വിപണി വിപുലീകരിക്കാനും ലക്ഷ്യമിടുന്നു

കാര്‍ഷിക കേരളത്തിന് ക്ഷീരമേഖലയില്‍ നിന്ന് മികച്ച കൈത്താങ്ങ് പടുത്തുയര്‍ത്തിയതില്‍ കെഎസ്ഇ ലിമിറ്റഡ് (കേരള സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍സ് ലിമിറ്റഡ്) എന്ന പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണ്. ഒരു കാലഘട്ടത്തിന്റെ വ്യാവസായിക-കാര്‍ഷിക മേഖലകള്‍ക്ക് മുന്നിലേക്ക് പുത്തന്‍ പരിഷ്‌കാരങ്ങളുടെ നേര്‍സാക്ഷ്യം എത്തിച്ചുകൊണ്ട് 1963ല്‍ ഇരിങ്ങാലക്കുടയുടെ മണ്ണില്‍ പിറവികൊണ്ട കെഎസ്ഇ കാലമിത്രയും കാഴ്ചവെച്ചത് കാലഘട്ടത്തിന്റെ കാലികമാറ്റങ്ങളെ സ്വാഗതം ചെയ്യുന്ന പരിഷ്‌കാരങ്ങള്‍ തന്നെയായിരുന്നു. വിപണിയിലെത്തിക്കുന്ന ഉല്‍പ്പന്നങ്ങളുടെ മികവിലും, വളര്‍ച്ചയുടെ പടവുകളില്‍ ഉപഭോക്താക്കളെയും കര്‍ഷകരെയും ഒപ്പം കൂട്ടുന്നതിലും ബദ്ധശ്രദ്ധരായ കെഎസ്ഇ, ജനകീയം എന്ന വാക്കിന്റെ നേര്‍സാക്ഷ്യം തന്നെയാണ്.

ഒഴുക്കിനെതിരെ..

അമ്പതുകളുടെ നിറവസന്ത കാലഘട്ടത്തില്‍ വെളിച്ചെണ്ണ ഉല്‍പ്പാദന വ്യവസായവുമായി കത്തി നിന്ന പ്രദേശങ്ങളായിരുന്നു ഇരിങ്ങാലക്കുടയും ആലപ്പുഴയും. വെളിച്ചെണ്ണ വേര്‍തിരിച്ചെടുത്തതിന് ശേഷം ബാക്കി വരുന്ന പിണ്ണാക്ക് ലാഭകരമായി ഉപയോഗിച്ചിരുന്നില്ല. ബോംബെ കമ്പനികളും മറ്റും ഈ കൊപ്ര പിണ്ണാക്ക് കൊണ്ടുപോയി വെളിച്ചെണ്ണ എടുത്തതിന് ശേഷം ഇവിടെ തന്നെ വില്‍പ്പനയ്‌ക്കെത്തിക്കുന്ന രീതിയും ഉടലെടുത്തു. ഇതില്‍ നിന്നാണ് എന്തുകൊണ്ട് ബാക്കി വന്ന പിണ്ണാക്കില്‍ നിന്ന് വെളിച്ചെണ്ണ എടുക്കുന്നത് ഇവിടെ സാധ്യമാകില്ല എന്ന ചോദ്യം ഉയരുന്നത്. കാലത്തിന്റെ ഒഴുക്കിനെതിരെ തുഴയെറിഞ്ഞ ഈ ചിന്താഗതിയാണ് കെഎസ്ഇ എന്ന പ്രസ്ഥാനത്തിന്റെ തുടക്കത്തിന് കാരണമായത്. പിന്നീട് നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ വാതിലുകളില്‍ കയറിയിറങ്ങി ഒടുവില്‍ ഇരിങ്ങാലക്കുടയിലെ 12 ഏക്കറില്‍ ആ സ്വപ്‌നം പടുത്തുയര്‍ത്തപ്പെടുകയായിരുന്നു. പിന്നീട് കാലഘട്ടത്തിന്റെ ആവശ്യകതകള്‍ക്കനുസരിച്ച് ഘട്ടംഘട്ടമായി സേവനങ്ങള്‍ വിന്യസിച്ച കെഎസ്ഇ ഇന്ന് സമീകൃത കാലിത്തീറ്റ, സോള്‍വെന്റ് എക്‌സ്‌ക്ട്രാക്ഷന്‍സ്, ഡയറി പ്രൊഡക്ട്‌സ് തുടങ്ങി മൂന്ന് വിഭാഗങ്ങളിലായി പടര്‍ന്നുകഴിഞ്ഞു. ചെയര്‍മാന്‍ ഡോ. ജോസ് പോള്‍ തളിയത്ത്, മാനേജിംഗ് ഡയറക്റ്റര്‍ എപി ജോര്‍ജ്, എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ എംപി ജാക്‌സണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കമ്പനി മികവിന്റെ പാതകള്‍ താണ്ടുകയാണ്. ഇവര്‍ക്കൊപ്പം മികച്ച ഡയറക്റ്റര്‍ ബോര്‍ഡും കൂടി ചേര്‍ന്നപ്പോള്‍ കെഎസ്ഇയുടെ ജൈത്രയാത്രയ്ക്ക് പതിന്മടങ്ങ് വേഗത കൈവരികയായിരുന്നു. ഇപ്പോള്‍ പത്ത് യൂണിറ്റുകളിലാണ് ഉല്‍പ്പാദനം നടത്തുന്നത്. ഇതില്‍ ഏഴ് യൂണിറ്റുകള്‍ സ്വന്തവും മൂന്ന് യൂണിറ്റുകള്‍ ലീസിന് എടുത്തിരിക്കുന്നതുമാണ്. 1976ല്‍ കമ്പനി കടന്നെത്തിയ കാലിത്തീറ്റയുടെ മേഖല കെഎസ്ഇ എന്ന പ്രസ്ഥാനത്തെ കൊണ്ടെത്തിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളിലായിരുന്നു. ഇന്ന് വരുമാനത്തിന്റെ 86 ശതമാനവും കാലിത്തീറ്റ വില്‍പ്പനയില്‍ നിന്നാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാലിത്തീറ്റ നിര്‍മാതാക്കളാണ് കെഎസ്ഇ. സമീകൃത കാലിത്തീറ്റയുടെ നിര്‍മാണ രീതിയും ഗുണമേന്മയും കൊണ്ടുതന്നെ കെഎസ്ഇ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചെടുത്ത വിശ്വാസ്യതയുടെ നേര്‍ക്കാഴ്ച തന്നെയാണ് അത്.

1976ല്‍ കാലിത്തീറ്റയുടെ മേഖലയിലേക്ക് കടന്നുവന്ന കമ്പനി സമാനതകളില്ലാത്ത നേട്ടങ്ങളിലേക്കാണ് പ്രസ്ഥാനത്തെ കൊണ്ടെത്തിച്ചത്. ഇന്ന് വരുമാനത്തിന്റെ 86 ശതമാനവും കാലിത്തീറ്റ വില്‍പ്പനയില്‍ നിന്നാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാലിത്തീറ്റ നിര്‍മാതാക്കളാണ് കെഎസ്ഇ

അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ പ്ലാന്റുകള്‍

ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത, ദിവസേന 500 ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള ഓട്ടോമാറ്റിക് കാലിത്തീറ്റ പ്ലാന്റാണ് ഇരിങ്ങാലക്കുടയില്‍ കെഎസ്ഇ സജ്ജമാക്കിയിരിക്കുന്നത്. മികച്ച പ്രവര്‍ത്തന ശേഷിയുള്ള ഇത് വൈദ്യുതിയുടെ ഉപയോഗവും തൊഴിലാളികളുടെ ജോലിഭാരവും കുറയ്ക്കുന്നതിനൊപ്പം മികവുറ്റ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ അളവില്‍ ലഭ്യമാക്കുകയും ചെയ്യും. കമ്പനിയുടെ 11 ശതമാനം വരുമാനമെത്തിക്കുന്ന വിഭാഗമായ സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍സ്, തുടക്കകാലം മുതല്‍ ഇന്നും കെസ്ഇയുടെ ഉല്‍പ്പന്ന നിരയിലെ നെടുംതൂണ് തന്നെയാണ്. വെളിച്ചെണ്ണ വേര്‍തിരിച്ചെടുത്തതിന് ശേഷവും പിണ്ണാക്കില്‍ 6 മുതല്‍ 8 ശതമാനം വരെ വെളിച്ചെണ്ണ അടങ്ങിയിരിക്കും. ഈ എണ്ണ വേര്‍തിരിച്ചെടുത്താണ് വിപണിയില്‍ കെഎസ്ഇ ജൈത്രയാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. ഇന്ന് കൊരട്ടിയിലും, പളനിക്കടുത്ത് സ്വാമിനാഥപുരത്തുമായി രണ്ട് പ്ലാന്റുകളാണ് കമ്പനി ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ എണ്ണ വേര്‍തിരിച്ചെടുത്തതിന് ശേഷം ബാക്കി വരുന്ന ഡീ ഓയില്‍ഡ് കേക്കിന്റെ ഒരു ഭാഗം കാലിത്തീറ്റയില്‍ ചേര്‍ക്കുകയും ചെയ്യും. ഇത്തരത്തില്‍ ഓരോ ഉല്‍പന്നങ്ങളും പരസ്പരബന്ധിതമായാണ് നിര്‍മിക്കപ്പെടുന്നത്. അടുത്ത തലത്തില്‍ സ്ഥാപനം ഉല്‍പ്പാദനം നടത്തുന്നത് ഡയറി വിഭാഗത്തിലാണ്. പാല്‍, നെയ്യ്, സംഭാരം എന്നിവയ്ക്ക് പുറമെ വെസ്റ്റ എന്ന ബ്രാന്‍ഡ് നാമത്തില്‍ ഐസ്‌ക്രീമും കെഎസ്ഇ വിപണിയിലെത്തിക്കുന്നുണ്ട്. പശുക്കള്‍ക്ക് സമീകൃത കാലിത്തീറ്റ നല്‍കി കര്‍ഷകരില്‍ നിന്ന് പാല്‍ തിരികെ വാങ്ങുന്ന കെഎസ്ഇ സൃഷ്ടിക്കുന്ന മാതൃക മികച്ചതാണ്. ക്ഷീരകര്‍ഷകരും വ്യാവസായിക മേഖലയും തമ്മിലുള്ള ബന്ധം കൊടുക്കല്‍ വാങ്ങലുകളുടെ തുടര്‍ച്ചയായ പ്രക്രിയയിലൂടെ നിലനിര്‍ത്തിപ്പോരുന്ന കെഎസ്ഇ വാണിജ്യ രംഗത്തെ സദാ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഡയറി ഉല്‍പ്പന്നങ്ങള്‍ക്കായി രണ്ടും ഐസ്‌ക്രീം നിര്‍മാണത്തിനായി മൂന്ന് പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ പ്ലാന്റുകള്‍ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് മതിയായ സജ്ജീകരണങ്ങള്‍ എല്ലാം ഒരുക്കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം പ്രധാന വിപണന മേഖലയാക്കിയെടുത്തുകൊണ്ടാണ് കെഎസ്ഇ സ്വകാര്യ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള കാലിത്തീറ്റ ബ്രാന്‍ഡ് ആയി മാറിയത്. ദിവസേന 2000 ടണ്ണിലധികം നിര്‍മാണം നടക്കുന്ന ഇവിടെ ഓരോ ഘട്ടവും കടന്നുപോകുന്നത് വ്യക്തമായ പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും ഉറപ്പിലാണ്. ഓരോ ഘട്ടങ്ങളിലും ഉല്‍പ്പന്നത്തിന്റെ മികവ് പരിശോധിക്കപ്പെടുന്നതിനാല്‍ തന്നെ അന്തിമ ഉല്‍പ്പന്നം മികവിന്റെ കാര്യത്തില്‍ ഉപഭോക്താവിനോട് പരമാവധി നീതി പുലര്‍ത്തുന്നുണ്ട്. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പരിശോധനകള്‍ക്കായി ലാബ് സജ്ജീകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. കാലിത്തീറ്റയ്ക്ക് മാത്രമല്ല, ഓരോ ഉല്‍പ്പന്നങ്ങളുടെയും നിര്‍മാണ പ്രക്രിയ ഇത്രമേല്‍ സസൂക്ഷ്മമായിത്തന്നെയാണ് നിര്‍വഹിക്കപ്പെടുന്നത്. ഡയറി വിഭാഗത്തിലെ പ്രവര്‍ത്തനങ്ങളുടെയും കൃത്യത ഇത്തരത്തില്‍ തന്നെയാണ്. യാതൊരു വിധത്തിലുമുള്ള മായം കലരാതെ തികച്ചും ശുദ്ധമായ പാലാണ് കെഎസ്ഇ വിപണിയിലെത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും മറ്റും കൊണ്ടുവരുമ്പോള്‍ പാല്‍ ചില്ലിംഗ് പ്രോസസിന് വിധേയമാക്കിയാണ് എത്തിക്കുന്നത്. പ്ലാന്റിലെത്തിച്ച പാല്‍ പിന്നീട് പാസ്ചുറൈസേഷന് വിധേയമാക്കും. തുടര്‍ന്ന് മില്‍ക്ക് സൈലോയിലേക്കും. തുടര്‍ന്നാണ് പായ്ക്കിംഗ് നടക്കുന്നത്. ഒരു ഘട്ടത്തിലും യാതൊരു വിധത്തിലുള്ള മായവും കലര്‍ത്തപ്പെടുന്നില്ല എന്നതിനാല്‍ തികച്ചും ശുദ്ധമായ പാലാണ് പായ്ക്കറ്റുകളില്‍ നിറയ്ക്കുന്നത്. ഇതിന് പുറമെ മറ്റ് പാലുല്‍പന്നങ്ങള്‍, ഐസ്‌ക്രീം തുടങ്ങിയവയുടെ നിര്‍മാണവും ഇത്തരത്തില്‍ പൂര്‍ണശ്രദ്ധയോടെ തന്നെ നിര്‍വഹിക്കപ്പെടുന്നു.

ആയിരത്തിലധികം ആളുകള്‍ക്ക് നേരിട്ട് ജോലി നല്‍കുന്ന കമ്പനി അയ്യായിരത്തോളം ആളുകള്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യയ്‌ക്കൊപ്പം കര്‍ഷകനെ ചേര്‍ത്തുനിര്‍ത്തിയ സ്ഥാപനം മൈസൂരിനടുത്ത് നഞ്ചങ്കോടില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്

ഉല്‍പ്പാദനം പോലെ തന്നെ വിപണനവും വ്യവസായത്തിന്റെ വളര്‍ച്ചയിലെ അവിഭാജ്യഘടകമാണ്. മികച്ച ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചിട്ടും മികച്ച വില്‍പ്പന നേടാനായില്ലെങ്കില്‍ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തും. അതിനാല്‍ എപ്രകാരമെങ്കിലും ജനശ്രദ്ധ പിടിച്ചു പറ്റാന്‍ പരസ്യങ്ങള്‍ക്ക് പിന്നാലെ പായുന്നവരാണ് ഭൂരിഭാഗം കമ്പനികളും. എന്നാല്‍ കെഎസ്ഇയുടെ വളര്‍ച്ച പരസ്യചിത്രങ്ങളുടെ വര്‍ണപ്പൊലിമയില്‍ കെട്ടിപ്പടുത്തല്ല. മറിച്ച് കെഎസ്ഇയുടെ ഉപഭോക്താക്കള്‍ തന്നെയാണ് കാലമിത്രയും പ്രചാരകരായി മാറിയത്. ഉല്‍പ്പന്നത്തിന്റെ മികവും പരിശുദ്ധിയും ഉപയോഗിച്ച് മനസിലാക്കിയവര്‍ മറ്റുള്ളവരിലേക്കും ആ പേര് എത്തിച്ചു. ഇന്ന് കാലിത്തീറ്റ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകളുടെ മനസിലേക്ക് കെഎസ് എന്ന പേര് എത്തുന്നിടത്തെത്തി കാര്യങ്ങള്‍. മാര്‍ക്കറ്റിംഗ് സാധ്യതകളില്‍ കെഎസ്ഇ നാളുകളേറെയായി പ്രയോജനപ്പെടുത്തി വരുന്നത് ചെലവ് കുറഞ്ഞ റേഡിയോ പരസ്യങ്ങളായാണ്. അതിനും കൃത്യമായ കാരണങ്ങള്‍ കമ്പനിക്കുണ്ട്. ക്ഷീരകര്‍ഷകരിലേക്ക് എളുപ്പത്തില്‍ കടന്നെത്തുന്ന മാധ്യമമാണ് റേഡിയോ എന്ന തിരിച്ചറിവാണ് ആ തീരുമാനത്തിലെത്തിച്ചത്. തൊഴുത്തുകളിലും മറ്റും പശുക്കള്‍ക്കായി റേഡിയോ സംഗീതം വെച്ചുനല്‍കുന്ന കര്‍ഷകര്‍ നിരവധിയാണ്. അതിനാല്‍ ആ രീതി മികച്ച ഫലം നല്‍കി. അത്തരത്തില്‍ തങ്ങള്‍ക്ക് വേണ്ട മേഖലകളെ വ്യക്തമായി തിരിച്ചറിഞ്ഞ് അതിന് യോജിക്കുന്ന വിധത്തിലേക്ക് പ്രവര്‍ത്തനങ്ങളെ നയിക്കുന്ന മികച്ച മാനേജ്‌മെന്റ് തന്നെയാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്നത്. വിപണനത്തിന് ശേഷം ആ വഴിക്ക് തിരിഞ്ഞുനോക്കാത്ത സ്ഥാപനങ്ങളുള്ള ഇക്കാലത്ത് കെഎസ്ഇയുടെ സേവനങ്ങള്‍ മികവുറ്റതാണ്. ഉപഭോക്താക്കള്‍ക്ക് വില്‍പ്പനാനന്തര സേവനങ്ങള്‍ നല്‍കാന്‍ സ്ഥാപനം ബദ്ധശ്രദ്ധരാണ്. ഇതിനുപുറമെ ശാസ്ത്രീയ മൃഗ സംരക്ഷണം, ഉല്‍പ്പാദന വര്‍ധനവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് വിദഗ്ധരുടെ ക്ലാസുകളും സജ്ജമാക്കുന്നു. കേരളത്തിലാകമാനം അറുനൂറിലധികം വിതരണക്കാര്‍ കെഎസ്ഇയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളും വിപണിയുടെ ആവശ്യകതയും മനസിലാക്കിക്കൊണ്ട് പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇവര്‍ വഴി സാധിക്കുന്നു. എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന സമീപനമാണ് കെഎസ്ഇയുടേത്. കമ്പനിയുടെ തുടക്കം മുതല്‍ക്കെ ആ ദീര്‍ഘവീക്ഷണത്തോടെ തന്നെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ചെറുകിട കമ്പനി തുടങ്ങാന്‍ ബുദ്ധിമുട്ടിയിരുന്ന അക്കാലത്ത് വ്യവസായം ചെറിയ രീതിയില്‍ ഒതുക്കാതെ 12 ഏക്കര്‍ സ്ഥലത്ത് തുടക്കമിട്ടത് തന്നെ ആ ദീര്‍ഘവീക്ഷണത്തിന്റെ മികച്ച ഉദാഹരണമാണ്. പില്‍ക്കാലത്ത് കമ്പനി ഇത്രമേല്‍ വളര്‍ച്ച പ്രാപിക്കുമെന്ന് അന്നേ അവര്‍ ഉറപ്പിച്ചിരുന്നു.

എപി ജോര്‍ജ് മാനേജിംഗ് ഡയറക്റ്റര്‍

എംപി ജാക്‌സണ്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍

വെല്ലുവിളികള്‍

കാലിത്തീറ്റ നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് പ്രധാനമായും കമ്പനി നേരിടുന്ന വെല്ലുവിളി. കേരളം കേരവൃക്ഷത്തിന്റെ പെരുമയിലാണ് അറിയപ്പെടുന്നതെങ്കിലും കേര ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്നത് ശ്രമകരമാണ്. നാളികേര ഉല്‍പ്പാദനത്തില്‍ വന്ന കുറവ് തന്നെയാണ് ഈ ക്ഷാമത്തിന് വഴിവെക്കുന്നതും. ഇതേ തുടര്‍ന്ന് കൊപ്ര പിണ്ണാക്ക് ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കപ്പലില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ വന്‍തോതിലുള്ള നിര്‍മാണം ദിവസേന നടത്തപ്പെടേണ്ടതുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപാരം വിന്യസിച്ചിട്ടുണ്ടെങ്കിലും കേരളമാണ് ഏറ്റവും മികച്ച വിപണിയെന്നാണ് കെഎസ്ഇയുടെ പക്ഷം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃഷിയിടങ്ങള്‍ കുറവായതാണ് കാരണം. അസംസ്‌കൃത വസ്തുക്കള്‍ കിട്ടാനില്ലാത്തതിനാല്‍ ചെറുകിട യൂണിറ്റുകള്‍ക്ക് ഇവിടെ നിര്‍മാണം നടത്തുക എന്നത് ചെലവേറിയ കാര്യവുമാണ്. സുരക്ഷിതവും പോഷകം ഏറെ അടങ്ങിയതുമായ സമീകൃത കാലിത്തീറ്റ മിതമായ നിരക്കില്‍ എത്തിച്ചുകൊണ്ട് കെഎസ്ഇ കാലിത്തീറ്റയുടെ പര്യായമായി മാറിക്കഴിഞ്ഞു. 2020 ഓടെ ദക്ഷിണേന്ത്യയിലാകെ മികച്ച നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കൂടുതലായി എത്തിച്ചുകൊണ്ട് വിപണി വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. കൂടുതല്‍ ഡിലര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്താനും കെഎസ്ഇ തയാറെടുക്കുന്നുണ്ട്.

കാലിത്തീറ്റ നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് പ്രധാനമായും കമ്പനി നേരിടുന്ന വെല്ലുവിളി. കേരളം കേരവൃക്ഷത്തിന്റെ പെരുമയിലാണ് അറിയപ്പെടുന്നതെങ്കിലും കേര ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്നത് ശ്രമകരമാണ്. നാളികേര ഉല്‍പ്പാദനത്തില്‍ വന്ന കുറവ് തന്നെയാണ് ഈ ക്ഷാമത്തിന് വഴിവെക്കുന്നതും.

പരിശുദ്ധി സന്നദ്ധസേവനത്തിലും

വ്യാവസായിക രംഗത്തെ മികവിന് പുറമെ മാനുഷിക പരിവേഷത്തിലും കെഎസ്ഇ വ്യത്യസ്ത സമീപനമാണ് കാഴ്ചവെക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ വിപണനം ചെയ്ത് വിജയം കുറിച്ച കമ്പനി ഇന്നും ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. ഇരിങ്ങാലക്കുടയിലെ പ്ലാന്റിന് സമീപത്ത് കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന അത്യാധുനിക പാര്‍ക്ക്, ലൈബ്രറി, കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ തുടങ്ങി നിരവധി സജ്ജീകരണങ്ങള്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സന്നദ്ധ സംഘടനകള്‍ക്കും മറ്റുമായി ആംബുലന്‍സും മരുന്നുകളും വാങ്ങി നല്‍കുന്നതിലും സ്ഥാപനം ശ്രദ്ധ ചെലുത്തുന്നു. നാടിന് വേണ്ട ആവശ്യകതകളെ കണ്ടറിഞ്ഞ് നടപ്പിലാക്കിയാണ് സ്ഥാപനം യാത്ര തുടരുന്നത്. ഇരിങ്ങാലക്കുടയിലെ പ്ലാന്റിനോട് ചേര്‍ന്നുതന്നെ 80 ലക്ഷത്തോളം രൂപ മുതല്‍മുടക്കിലാണ് കെഎസ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ ആന്‍ഡ് പാര്‍ക്ക് പണിതീര്‍ത്തിരിക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ വികസനം, പഠനം എന്നിവയെ മെച്ചപ്പെടുത്തുന്നതിനായുളള വെക്കേഷന്‍ ക്ലാസുകളും ഇവിടെ തയാറാക്കിയിട്ടുണ്ട്. എല്ലാവര്‍ഷവും നവംബര്‍ 14ന് കെഎസ് പാര്‍ക്കില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മല്‍സരങ്ങള്‍ ഉള്‍പ്പെടെ വിവിധ കാര്യപരിപാടികള്‍ നടത്തിവരുന്നുണ്ട്. അമല കാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ക്രൈസ്റ്റ് കോളെജ്, സെന്റ് ജോസഫ് കോളെജ്, ഭാരതീയ വിദ്യാഭവന്‍, ഡോണ്‍ ബോസ്‌കോ ഹൈ സ്‌കൂള്‍, ക്രൈസ്റ്റ് വിദ്യാനികേതന്‍ തുടങ്ങിയവയുമായി സഹകരിച്ച് നിരവധി മേഖലകളിലേക്കാണ് സ്ഥാപനം സഹായങ്ങള്‍ എത്തിക്കുന്നത്. സിഎസ്ആര്‍ ചട്ടങ്ങള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തന്നെ കെഎസ്ഇ അത് നടപ്പിലാക്കിയിരുന്നു. സിഎസ്ആര്‍, കമ്പനിയുടെ സല്‍പേര് നിലനിര്‍ത്തുന്നതിനൊപ്പം തന്നെ മാനസിക സംതൃപ്തിയും നല്‍കുമെന്നാണ് കമ്പനിയുടെ ഭാഷ്യം. തങ്ങളുടെ വളര്‍ച്ചയില്‍ സാധാരണക്കാരനെ കൂടി ഒപ്പം ചേര്‍ക്കാനായിരുന്നു കമ്പനി എക്കാലവും ശ്രമിച്ചതും. ഇതിന് പുറമെ സമീപവാസികളായ നിരവധി ആളുകളുടെ വരുമാനമാര്‍ഗം കൂടിയാണ് കെഎസ്ഇ. സ്ഥാപനത്തിന്റെ ഓരോ പ്രാദേശിക പ്ലാന്റുകളിലും ജോലിക്കാരായി ഏറ്റവും അധികം ഉള്ളത് സമീപവാസികള്‍ തന്നെയാണ്. ഇതിനാല്‍ തന്നെ മാനേജ്‌മെന്റിനും ഇവരോടുള്ള വ്യക്തിപരമായ അടുപ്പം വളരെ വലുതാണ്. ആയിരത്തിലധികം ആളുകള്‍ക്ക് നേരിട്ട് ജോലി നല്‍കുന്ന കമ്പനി അയ്യായിരത്തോളം ആളുകള്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തില്‍ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ഉല്‍പന്നങ്ങള്‍ കൊണ്ടും സേവനങ്ങള്‍ കൊണ്ടും നേരിട്ട് കടന്നു ചെന്നാണ് കെഎസ്ഇ എന്ന മൂന്നക്ഷരം ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടിയത്. 5500 ഓഹരി ഉടമകളുള്ള സ്ഥാപനത്തിന്റെ ടേണോവര്‍ 1300 കോടി രൂപയാണ്. ഇതര സ്ഥാപനങ്ങള്‍ നിരവധി ഉപോല്‍പ്പന്നങ്ങളുമായി വിപണിയില്‍ സജീവമാകാന്‍ പാടുപെടുന്ന കാലത്താണ് പയറ്റിത്തെളിഞ്ഞ സ്വന്തം ഉല്‍പ്പന്നങ്ങളില്‍ തന്നെ നിന്നുകൊണ്ട് കെഎസ്ഇ ചരിത്രം കുറിക്കുന്നത്.

മികച്ച മാനേജ്‌മെന്റിന്റെ കരുത്തുറ്റ ആശയങ്ങളും നേതൃപാടവവും തന്നെയാണ് കെഎസ്ഇയുടെ വിജയത്തിന് വേഗം കൂട്ടിയത്. കമ്പനിയുടെ ആദ്യകാല ഡയറക്റ്റര്‍മാരില്‍ ഒരാളായി പ്രവര്‍ത്തനം തുടങ്ങിയ എപി ജോര്‍ജ് ഇപ്പോള്‍ മാനേജിംഗ് ഡയറക്റ്ററായി കമ്പനിക്ക് നേതൃത്വം നല്‍കുന്നു. അദ്ദേഹത്തിന് പുറമെ, ചെയര്‍മാന്‍ ഡോ. ജോസ് പോള്‍ തളിയത്ത്, എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ എംപി ജാക്‌സണ്‍ എന്നിവരും കമ്പനിയുടെ അമരത്തുണ്ട്. ഇവര്‍ക്കൊപ്പം പിഡി ആന്റോ, ടിആര്‍ രഘുലാല്‍, ജോസഫ് സേവിയര്‍, പോള്‍ ജോണ്‍, മേരിക്കുട്ടി വര്‍ഗീസ്, സതി എ മേനോന്‍, പോള്‍ ഫ്രാന്‍സിസ് തുടങ്ങിയവരും കമ്പിനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നു. സേവന മികവിനുള്ള അംഗീകാരങ്ങളും നിരവധി തവണ കെഎസ്ഇ ലിമിറ്റഡ് കരസ്ഥമാക്കിയിട്ടുണ്ട്. നാഷണല്‍ പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കാലിത്തീറ്റ രംഗത്തെ മികച്ച ഉല്‍പ്പാദന ക്ഷമതയ്ക്കുള്ള അവാര്‍ഡ് തുടര്‍ച്ചയായി 11 വര്‍ഷം കരസ്ഥമാക്കിയത് കെഎസ്ഇയാണ്. ഇതിന് പുറമെ സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍സ് അസോസിയേഷന്‍ അവാര്‍ഡ്, കേരള സ്‌റ്റേറ്റ് പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍ അവാര്‍ഡ്, ടോപ് ക്യാറ്റില്‍ ഫീഡ് അവാര്‍ഡ്, തമിഴ്‌നാട് പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍ സേഫ്റ്റി അവാര്‍ഡ്, അനിമല്‍ നുട്രീഷ്യന്‍ സൊസൈറ്റി അവാര്‍ഡ്, എന്‍ഡസ്ട്രി എക്‌സലന്‍സ് അവാര്‍ഡ്, എന്‍ട്രപ്രണര്‍ അവാര്‍ഡ് എന്നിവയ്ക്ക് പുറമെ ഐഎസ്ഒ അംഗീകാരം കൂടി കെഎസ്ഇ കരസ്ഥമാക്കിയിട്ടുണ്ട്. കര്‍മപഥത്തില്‍ അഞ്ചരപ്പതിറ്റാണ്ടിന്റെ സേവനത്തികവുമായി കെഎസ്ഇ ജൈത്രയാത്ര തുടരുകയാണ്. ആധുനിക സാങ്കേതിക വിദ്യയ്‌ക്കൊപ്പം കര്‍ഷകനെ ചേര്‍ത്തുനിര്‍ത്തിയ സ്ഥാപനം മൈസൂരിനടുത്ത് നഞ്ചങ്കോടില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്.

Comments

comments