‘വിദ്യാഭ്യാസ ഹബ്ബാകാന്‍ കേരളം ശ്രദ്ധവെക്കേണ്ടത് എന്‍ജിനീയറിംഗില്‍’

‘വിദ്യാഭ്യാസ ഹബ്ബാകാന്‍ കേരളം ശ്രദ്ധവെക്കേണ്ടത് എന്‍ജിനീയറിംഗില്‍’

ഇന്നൊവേഷന്റെയും കൃത്രിമ ബുദ്ധിയുടെയും കാലത്ത് ലോകഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുക എന്‍ജിനീയറിംഗ് വിദ്യാഭ്യാസമായിരിക്കുമെന്ന് ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍

കൊച്ചി: സാധ്യതകള്‍ ഏറെയുണ്ടായിട്ടും വിദ്യാഭ്യാസ ഹബ്ബായി കേരളം മാറാത്തതിന് കാരണം ഇവിടെ വൈവിധ്യങ്ങളായ കോഴ്‌സുകള്‍ ഇല്ലാത്തതോ ഇന്നൊവേഷന് സാഹചര്യം ഇല്ലാത്തതോ അല്ല, മറിച്ച് മികച്ച ഫാക്കല്‍റ്റി അംഗങ്ങളുടെ സഹകരണത്തോടെ ഈ മേഖലയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള സമഗ്ര ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്താത്തതാണെന്ന് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഫിസാറ്റ്) ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍.

എന്‍ജിനിനീയറിംഗ്, മാനേജ്‌മെന്റ്, മെഡിക്കല്‍ വിദ്യാഭ്യാസരംഗങ്ങളില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. മാനേജ്‌മെന്റ് വിദ്യഭ്യാസ രംഗത്ത് ആവശ്യമായ ഇന്‍ഡസ്ട്രി ഇന്ററാക്ഷന്‍ നടക്കാത്തതും സിലബസില്‍ കാലാനുസൃതമായ അപ്‌ഡേഷന്‍ ഇല്ലാത്തതും പ്രശ്‌നങ്ങളാണ്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്താണെങ്കില്‍ സീറ്റുകളും കുറവാണ്. എന്നാല്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസരംഗത്തിന്റെ കാര്യം അങ്ങനെയല്ല. കേരളത്തില്‍ ആവശ്യത്തിലധികം എന്‍ജിനീയറിംഗ് കോളെജുകളുണ്ട്. ഇവയില്‍ പലതും ആഗോള നിലവാരം പുലര്‍ത്തുന്നവയുമാണ്-അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ആവശ്യത്തിലധികം എന്‍ജിനീയറിംഗ് കോളെജുകളുണ്ട്. ഇവയില്‍ പലതും ആഗോള നിലവാരം പുലര്‍ത്തുന്നവയുമാണ്

ഇവിടുത്തെ ഒട്ടുമിക്ക എന്‍ജിനീയറിംഗ് വിദ്യാഭ്യസ സ്ഥാപനങ്ങളും ടെക്‌നിക്കല്‍ എജുക്കേഷന്‍ കമ്മിറ്റി നിര്‍ദേശിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ്. ഈ സാഹചര്യത്തില്‍ കേരളത്തെ രാജ്യത്തിന്റെ വിദ്യാഭ്യാസ ഹബ് എന്ന നിലയിലേക്ക് ഉയര്‍ത്തുന്നതിന് മികച്ച പിന്തുണ നല്‍കാന്‍ കഴിയുന്നത് എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന് ആയിരിക്കുമെന്ന് പോള്‍ മുണ്ടാടന്‍ അഭിപ്രായപ്പെട്ടു.

ഇന്‍ഡസ്ട്രി ഇന്ററാക്ഷന്‍, സിലബസ് അപ്‌ഡേഷന്‍ എന്നിവയക്കൊപ്പം തന്നെ ഇന്നൊവേഷന്‍, കൃത്രിമ ബുദ്ധി എന്നിവയുടെ സാധ്യതകള്‍ കൂടി മികച്ച രീതിയില്‍ വിനിയോഗിക്കാന്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസരംഗത്തിന് കഴിയണം. ഫോറിന്‍ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാം എന്നിവ പരമാവധി പ്രോത്സാഹിപ്പിക്കണം. നിലവില്‍ ഫാക്കല്‍റ്റി ഗുണനിലവാരത്തില്‍ നമ്മള്‍ അല്‍പ്പം പിന്നിലാണ്. അതേസമയം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മറ്റാരുമായും കിടപിടിക്കത്തക്ക കഴിവുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories