ചെറിയ റോക്കറ്റുകളെ ബഹിരാകാശത്തേക്കയക്കാന്‍ ഐഎസ്ആര്‍ഒയുടെ വമ്പന്‍ പദ്ധതി

ചെറിയ റോക്കറ്റുകളെ ബഹിരാകാശത്തേക്കയക്കാന്‍ ഐഎസ്ആര്‍ഒയുടെ വമ്പന്‍ പദ്ധതി

ന്യൂഡെല്‍ഹി: കുറഞ്ഞ ചെലവില്‍ ഭാരം കുറഞ്ഞ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടത്താവുന്ന തരത്തിലുള്ള ഒരു ചെറിയ റോക്കറ്റ് വികസിപ്പിക്കുന്നതിന് ടെക്‌നോളജി-എന്‍ജിനീയറിംഗ് കമ്പനികളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നു. ഇത്തരം സേവനങ്ങള്‍ക്കുള്ള ആഗോള ആവശ്യകത ഉപയോഗപ്പെടുത്താനാണ് ഐഎസ്ആര്‍ഒയുടെ നീക്കം.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ വാണിജ്യ സംരംഭമായ ആന്‍ട്രിക്‌സ് കോര്‍പ് ആയിരിക്കും കമ്പനികളുടെ കണ്‍സോര്‍ഷ്യത്തെ നയിക്കുക. എന്‍ജിനീയറിംഗ് രംഗത്തെ പ്രമുഖ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, ഗോദ്‌റെജ് എയ്‌റോസ്‌പേസ്, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളെയും കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുത്തും. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് 500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാന്‍ ശേഷിയുള്ള ഒരു റോക്കറ്റ് നിര്‍മിക്കുന്നതിന് ഈ കൂട്ടായ്മ ഐഎസ്ആര്‍ഒയെ സഹായിക്കും. ഈ കമ്പനികളെ ഉള്‍പ്പെടുത്തുന്നതിലൂടെ പ്രാരംഭ ഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും റോക്കറ്റിനായുള്ള ചെലവ് ചുരുക്കാനും സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്.
പിഎസ്എല്‍വി (പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍) വിക്ഷേപണത്തിനു സജ്ജമാക്കുന്നതിന് സാധാരണഗതിയില്‍ 45 ദിവസമാണ് ഐഎസ്ആര്‍ഒ എടുക്കാറുള്ളത്. ചെറിയ റോക്കറ്റ് മൂന്ന് ദിവസത്തിനുള്ളില്‍ വിക്ഷേപണത്തിന് സജ്ജമാക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.

ചെറു റോക്കറ്റ് നിര്‍മിക്കുന്നതിനുള്ള മാതൃക തയാറാക്കാനുള്ള ശ്രമത്തിലാണ് ആന്‍ട്രിക്‌സ്. ഇത്തരത്തിലുള്ള ഒന്നോ രണ്ടോ റോക്കറ്റുകളുടെ വിക്ഷേപണം നടത്തുന്നതിനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നതെന്നും വ്യാവസായിക ലോകം ഇത്തരം റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിര്‍മാണത്തിലേക്ക് കടക്കുന്നതിന് ഇത് വഴിവെക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. ഇതിനായി കമ്പനികളെ സമീപിച്ചതായും ഇക്കാര്യത്തില്‍ അവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറിയ റോക്കറ്റില്‍ ഒരു ഉപഗ്രഹം വിക്ഷേപിക്കുന്നതിന് നിലവിലെ വിക്ഷേപണത്തിന്റെ അഞ്ചിലൊന്നില്‍ താഴെമാത്രമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ഈ പദ്ധതി പ്രകാരമുള്ള റോക്കറ്റ് വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി.

Comments

comments

Categories: Slider, Top Stories