സൗദി അറേബ്യയില്‍ ഇന്റര്‍നാഷണല്‍ റോമിംഗുമായി ബിഎസ്എന്‍എല്‍

സൗദി അറേബ്യയില്‍ ഇന്റര്‍നാഷണല്‍ റോമിംഗുമായി ബിഎസ്എന്‍എല്‍

കൊച്ചി: ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് മൊബീല്‍ വരിക്കാര്‍ക്ക് സൗദി അറേബ്യയില്‍ ഇന്റര്‍നാഷണല്‍ റോമിംഗ് സൗകര്യം ലഭ്യമാക്കുകയാണെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി ടി മാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ഒട്ടനവധി പ്രവാസികള്‍ക്കു ഉപകാരപ്രദമാകുന്ന ഈ സൗകര്യം സൗദി അറേബ്യയിലെ പ്രമുഖ ടെലികോം സേവനദാതാവായ സെയ്‌നുമായി (ZAIN) സഹകരിച്ചാണ് നടപ്പാക്കിയിരിക്കുന്നത്. പത്രപ്രവര്‍ത്തകനായ അനില്‍ ഫിലിപ്പിന് ആദ്യ സിം കൈമാറി ഡോ. പി ടി മാത്യു റോമിംഗ് സേവനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷം 24 ലക്ഷം പുതിയ മൊബീല്‍ല്‍ കണക്ഷനുകളും, 1.8 ലക്ഷം ലാന്‍ഡ്‌ലൈന്‍ കളക്ഷനുകളും, രണ്ടു ലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 30,000 എഫ്ടിടിഎച്ച് കണക്ഷനുകളും പുതുതായി നല്‍കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. പുതിയ 710 4ജി മൊബീല്‍ ബിടിഎസുകളും 1050 3ജി മൊബീല്‍ ബിടിഎസുകളും 150 2ജി മൊബൈല്‍ ബിടിഎസുകളും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

2100 ആക്‌സസ് പോയിന്റുകളോട് കൂടിയ 600 ഹോട്‌സ്‌പോട്ടുകളാണ് ബിഎസ്എന്‍എല്‍ കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. 620 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ കൂടി ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുവാന്‍ പദ്ധതിയിട്ടിട്ടുണ്ട്. എഫ്ടിടിഎച്ച് സാങ്കേതിക വിദ്യ ഉപയോഗിച്ച് 100 എംബിപിഎസ് വരെ വേഗതയുള്ള ഇന്റര്‍നെറ്റ് സേവനം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യമാകാന്‍ ഉള്ള സൗകര്യം സംസ്ഥാനത്തുള്ള എല്ലാ എക്‌സ്‌ചേഞ്ചുകളിലും നടപ്പിലാക്കുമെന്നും പി ടി മാത്യു വ്യക്തമാക്കി. കേരളത്തില്‍ വര്‍ധിച്ചു വരുന്ന ഡാറ്റ ട്രാഫിക് കൈകാര്യം ചെയ്യുന്നതിന് എറണാകുളത്തു പുതിയ അന്താരാഷ്ട്ര ഗേറ്റ് വേ റൗട്ടര്‍ സ്ഥാപിച്ചിട്ടുണ്ട്.
മൊബീല്‍ വരിക്കാര്‍ക്കും ലാന്‍ഡ് ലൈന്‍ വരിക്കാര്‍ക്കുമുള്ള പുതിയ ഓഫറുകളും ചടങ്ങില്‍ വിശദീകരിച്ചു.

Comments

comments

Categories: Slider, Top Stories