ബഹ്‌റൈന്‍ തുടരും, ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി

ബഹ്‌റൈന്‍ തുടരും, ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി

ബഹ്‌റൈന്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോര്‍ഡ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് രാജ്യം ഈ വര്‍ഷവും ശക്തമായ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തും

മനാമ: ഗള്‍ഫ് മേഖലയില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ് ബഹ്‌റൈന്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2017ലെ ബഹ്‌റൈനിന്റെ റിയല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 3.9 ശതമാനമാണ്. അതേസമയം എണ്ണ ഇതര സാമ്പത്തിക രംഗം അഞ്ച് ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. ബഹ്‌റൈന്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോര്‍ഡാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

2016ല്‍ 3.2 ശതമാനമായിരുന്നു ബഹ്‌റൈനിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. ഇത് 2017ല്‍ മെച്ചപ്പെട്ടു. 2018ലും ബഹ്‌റൈന്‍ അതിശക്തമായ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നാണ് ബഹ്‌റൈന്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോര്‍ഡ് പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

മേഖലയിലെ വളര്‍ച്ചാ നിരക്ക് അത്ര മികച്ച സൂചനകള്‍ നല്‍കാത്ത സാഹചര്യത്തില്‍ ബഹ്‌റൈന് ഗുണകരമായി മാറിയത് എണ്ണ ഇതര സ്വകാര്യ മേഖലയിലെ വളര്‍ച്ചയാണ്. ടൂറിസം രംഗം മികച്ച രീതിയിലുള്ള പുരോഗതിയാണ് രേഖപ്പെടുത്തുന്നത്. മാത്രമല്ല അടിസ്ഥാന സൗകര്യ പദ്ധതികളും സജീവമാണ്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കണക്കും പ്രതീക്ഷ നല്‍കുന്നത് തന്നെ.

ഈ മാസം ആദ്യം അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ ജിസിസിയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം ബഹ്‌റൈന്‍ നിലനിര്‍ത്തും. ഈ വര്‍ഷവും മികച്ച രീതിയിലുള്ള പുരോഗതി ബഹ്‌റൈന്‍ കൈവരിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക രംഗം വൈവിധ്യവല്‍ക്കരിക്കുന്നത് അനുസരിച്ച് ഇനിയും വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം

2018ല്‍ ജിസിസി മേഖലയ്ക്കാകെ പ്രതീക്ഷകള്‍ നല്‍കുന്ന കാര്യങ്ങള്‍ സംഭവിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളും എണ്ണ ഇതര മേഖലകളിലേക്കുള്ള ശ്രദ്ധയും രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുന്നു.

കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കപ്പെടുന്ന സമ്പദ് വ്യവസ്ഥകളാകും പെട്ടെന്നുള്ള വളര്‍ച്ച കൈവരിക്കുകയെന്നും അതാണ് ബഹ്‌റൈനിന്റെ പ്രകടനം വ്യക്തമാക്കുന്നതെന്നും ബഹ്‌റൈന്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോര്‍ഡിലെ ചീഫ് ഇക്കണോമിസ്റ്റ് ഡോ. ജര്‍മോ കോട്ടിലയ്ന്‍ പറഞ്ഞു. ഘടനാപരമായ ശക്തമായ പരിഷ്‌കരണങ്ങളാണ് ബഹ്‌റൈനിന്റെ സാമ്പത്തിക മേഖലയ്ക്ക് ഗുണകരമായതെന്ന് ബഹ്‌റൈന്‍ ഇഡിബിയുടെ ചീഫ് ഇക്കണോമിക് അഡൈ്വസര്‍ കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക രംഗം വൈവിധ്യവല്‍ക്കരിക്കുന്നത് അനുസരിച്ച് ഇനിയും വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം. ഫിന്‍ടെക് മേഖലയിലെ പുത്തന്‍ പ്രവണതകള്‍ രാജ്യം ഉപയോഗപ്പെടുത്തുന്നത് വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന വിലയിരുത്തലുമുണ്ട്. സ്വകാര്യമേഖലയാണ് ബഹ്‌റൈനിന്റെ എണ്ണ ഇതര രംഗത്തെ വളര്‍ച്ചയില്‍ പ്രധാനമായും സംഭാവന ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ ഇതേ മാതൃക പിന്തുടരുന്നതാണ് നല്ലതെന്നും പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.

ടൂറിസം രംഗത്തെ പുഷ്ടിപ്പെടുത്താനുള്ള പദ്ധതിക്ക് ബഹ്‌റൈന്‍ പ്രത്യോക ഊന്നല്‍ നല്‍കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ആഗോളനിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും രാജ്യം നടത്തുന്നുണ്ട്. സൗദിയില്‍ നിന്നും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള പദ്ധതികളും ടൂറിസം രംഗത്ത് സജീവമാണ്.

ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഗള്‍ഫ് മേഖലയില്‍ യുഎഇക്ക് ശേഷം ഏറ്റവും മികച്ച പ്രകടനം നടത്തിയതും ബഹ്‌റൈനാണ്. ഗള്‍ഫ് മേഖലയിലെ തങ്ങളുടെ ആദ്യ ഡാറ്റ സെന്ററിനായി ആമസോണ്‍ തെരഞ്ഞെടുത്തത് ബഹ്‌റൈനെയാണ് എന്നതും രാജ്യത്തിന്റെ വികസന സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Comments

comments

Categories: Arabia

Related Articles