കാര്‍ഷിക സബ്‌സിഡി പരിധി ലംഘിച്ചിട്ടില്ലെന്ന് ഡബ്ല്യുടിഒയില്‍ ഇന്ത്യ

കാര്‍ഷിക സബ്‌സിഡി പരിധി ലംഘിച്ചിട്ടില്ലെന്ന് ഡബ്ല്യുടിഒയില്‍ ഇന്ത്യ

താഴ്ന്ന വരുമാനം അല്ലെങ്കില്‍ കുറഞ്ഞ വിഭവമുള്ള കൃഷിക്കാര്‍ രാജ്യത്ത് 99.29 ശതമാനമാണ്

ന്യൂഡെല്‍ഹി: 2014-15, 2015-16 വര്‍ഷങ്ങളിലെ കാര്‍ഷിക സബ്‌സിഡി പരിധി ലംഘിച്ചിട്ടില്ലെന്ന് ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ)യില്‍ ഇന്ത്യ അറിയിച്ചു. അരി, ഗോതമ്പ്, അസംസ്‌കൃത ധാന്യങ്ങള്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ക്കായുള്ള ചെലവിടല്‍ പരിധിക്ക് താഴെയായിരുന്നുവെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. ഇന്ത്യയുടെ കാര്‍ഷിക സംബ്‌സിഡി ഉയര്‍ന്നതാണെന്ന സംശയവുമായി യുഎസും, ഓസ്‌ട്രേലിയയുമടക്കമുള്ള രാജ്യങ്ങള്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

വളം, ജലസേചനം, വൈദ്യുതി എന്നിവയ്ക്കുള്‍പ്പടെയുള്ള ഇന്‍പുട്ട് കാര്‍ഷിക സബ്‌സിഡികള്‍ യഥാക്രമം 24.8 ബില്യണ്‍ ഡോളര്‍, 23.5 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് യഥാക്രമം 2014-15,2015-16 വര്‍ഷങ്ങളില്‍ നല്‍കിയതെന്ന് ഇന്ത്യ അറിയിച്ചു.

പരുത്തി, പയര്‍വര്‍ഗങ്ങള്‍, നിലക്കടല, സൂര്യകാന്തി, കടുക് എന്നിവയ്‌ക്കെല്ലാം അനുവദനീയമായതിലും താഴെയാണ് കുറഞ്ഞ താങ്ങുവിലയായി ചെലവിട്ടത്. ഇക്കാര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ പരിധി കാര്‍ഷിക ഉല്‍പ്പാദനത്തിന്റെ 10 ശതമാനമാണ്. ഗ്രീന്‍ ബോക്‌സ് എന്നറിയപ്പെടുന്ന ഈ സബ്‌സിഡികളില്‍ ഇന്ത്യയുടെ പിന്തുണ 2014-15ലെ 20.8 ബില്യണ്‍ ഡോളറില്‍ നിന്ന് 2015-16ല്‍ 18.3 ബില്യണ്‍ ഡോളറായി ഇടിഞ്ഞു.

‘ഇന്ത്യ അതിന്റെ കാര്‍ഷിക പദ്ധതികളെ പുനരാവിഷ്‌കരിച്ച് അവയെ ഗ്രീന്‍ ബോക്‌സില്‍ കൊണ്ടു വരേണ്ടതാണ്. കാരണം ഗ്രീന്‍ ബോക്‌സിന് സബ്‌സിഡി പരിധികളില്ല. രാസവളങ്ങളുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം അത്തരമൊരു സബ്‌സിഡിയാണ്’, ഡബ്ല്യുടിഒ വൃത്തങ്ങള്‍ വിലിയിരുത്തുന്നു. താഴ്ന്ന വരുമാനം അല്ലെങ്കില്‍ കുറഞ്ഞ വിഭവമുള്ള കൃഷിക്കാര്‍ രാജ്യത്ത് 99.29 ശതമാനമാണെന്ന് 2010-11ലെ കാര്‍ഷിക സെന്‍സസ് ചൂണ്ടിക്കാട്ടി ഇന്ത്യ വ്യക്തമാക്കി. 2005-2006ലെ കാര്‍ഷിക സെന്‍സസില്‍ ഇത് 99.15 ശതമാനമായിരുന്നു.

Comments

comments

Categories: More