വിനോദസഞ്ചാരികള്‍ക്കു നേരേ കങ്കാരുക്കളുടെ ആക്രമണം: ഭക്ഷണം നല്‍കുന്നത് നിറുത്തിവയ്ക്കാന്‍ ഉത്തരവിട്ടു

വിനോദസഞ്ചാരികള്‍ക്കു നേരേ കങ്കാരുക്കളുടെ ആക്രമണം: ഭക്ഷണം നല്‍കുന്നത് നിറുത്തിവയ്ക്കാന്‍ ഉത്തരവിട്ടു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയ്ല്‍സില്‍ The City of Lake Macquarie ക്കു സമീപം മോറിസെറ്റ് ആശുപത്രിയുടെ മൈനാത്ത് കഴിഞ്ഞ ദിവസം കങ്കാരുവിന്റെ ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. ഈ പ്രദേശം ടൂറിസ്റ്റ് ഹോട്ട് സ്‌പോട്ട് ആയിട്ടാണ് അറിയപ്പെടുന്നത്. ഇവിടെയെത്തിയാല്‍ കങ്കാരുക്കളെ വളരെയടുത്തു സൗജന്യമായി കാണുവാനുള്ള സൗകര്യമുണ്ടാകുമെന്ന് ട്രാവല്‍ വെബ്‌സൈറ്റുകളിലും, സോഷ്യല്‍ മീഡിയകളിലും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നു വിനോദസഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. കങ്കാരുക്കളെ കാണാനെത്തുന്നവര്‍ പലരും കാരറ്റും, ആപ്പിളും, പഴങ്ങളും, കോണ്‍ ചിപ്‌സ് പോലുള്ള ജംഗ് ഫുഡും കരുതാറുണ്ട്. ഇവ കങ്കാരുക്കള്‍ക്കു നല്‍കുകയും ചെയ്യും. എന്നാല്‍ കങ്കാരുക്കളുടെ സ്വാഭാവിക ഭക്ഷണം എന്നു പറയുന്നത് പുല്ലാണ്. പ്രമുഖ ന്യൂട്രീഷ്യനായ മൈക്കള്‍ ഷായുടെ അഭിപ്രായത്തില്‍ മൃഗങ്ങളെ ഭക്ഷണം നല്‍കി ഊട്ടുന്നത് വളരെ ദോഷകരമാണെന്നാണ്. പശുവിന്റേതു പോലുള്ള ദഹന വ്യവസ്ഥയുള്ള മൃഗമാണു കങ്കാരു.

ഇവയ്ക്കു പഴമോ, പച്ചക്കറികളോ ഭക്ഷിക്കാന്‍ കൊടുക്കുന്നത് വയറ്റില്‍ അള്‍സര്‍ വരാന്‍ ഇടയാകും. സ്വാഭാവിക ദഹനത്തെ ബാധിക്കുകയും ചെയ്യും. ഇക്കാര്യം മനസിലാക്കാതെയാണു പലരും അവയെ ഊട്ടുന്നത്.
ഭക്ഷണം നല്‍കുമ്പോള്‍ ആദ്യമൊക്കെ കങ്കാരുക്കള്‍ സൗമ്യമായി വാങ്ങി കഴിക്കാറുണ്ട്. എന്നാല്‍ പിന്നീട് ഇവ വന്യമായ രീതിയില്‍ ആക്രമിക്കുന്ന കാഴ്ചയാണു കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ കണ്ടത്. ഒരു വിനോദസഞ്ചാരിയെ ചാടി ആക്രമിക്കുന്ന ദൃശ്യമാണു പുറത്തുവന്നത്. ഇയാളുടെ കീഴ് വയറിനും കൈയ്ക്കും മുതുകിനും ഗുരുതരമായ മുറിവ് പറ്റി. കീഴ് വയറിന്റെ ഭാഗത്തുനിന്നും മാംസം മുറിഞ്ഞു പോയിട്ടുമുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സ്ഥലം എംപി ഗ്രെഗ് പൈപ്പര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇതേ തുടര്‍ന്നു വിനോദസഞ്ചാരികളോട് കങ്കാരുക്കള്‍ക്കു ഭക്ഷണം നല്‍കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special, Slider