ദേശീയ ചലച്ചിത്ര പുരസ്‌ക്കാര സമര്‍പ്പണം ഡല്‍ഹിയില്‍ ആരംഭിച്ചു

ദേശീയ ചലച്ചിത്ര പുരസ്‌ക്കാര സമര്‍പ്പണം ഡല്‍ഹിയില്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ബഹിഷ്‌കരണ വിവാദത്തിനിടെ 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണത്തിന് ഡല്‍ഹിയില്‍ തുടക്കമായി. രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കാത്തതില്‍ പ്രതിഷേധിച്ച് മലയാളികള്‍ ഉള്‍പ്പെടെ 68 പുരസ്‌കാര ജേതാക്കളാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം നേടിയ കെ.ജെ.യേശുദാസ്, മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജയരാജ് എന്നിവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്ന മലയാളികള്‍. ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ ചേര്‍ന്ന് ഒപ്പിട്ട കത്ത് കേന്ദ്ര സര്‍ക്കാരിനു കൈമാറും. പ്രതിഷേധക്കാര്‍ തയാറാക്കിയ കത്തില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നു.

പുരസ്‌കാരം ബഹിഷകരിച്ചിട്ടില്ലെന്നും പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാത്രമാണ് ബഹിഷ്‌കരിച്ചതെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പുരസ്‌കാര സമര്‍പ്പണ ചടങ്ങിനോട് അനുബന്ധിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംഘടിപ്പിക്കുന്ന വിരുന്നും ബഹിഷ്‌കരിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി. മുഴുവന്‍ പുരസ്‌കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്യണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവരാണ് ഈ 68 പേര്‍. രാഷ്ട്രപതിയും വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രിയും ചേര്‍ന്നു പുരസ്‌കാര സമര്‍പ്പണം നടത്തുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേരിട്ടെത്തി പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും ഫലം കണ്ടില്ല. ഇപ്പോഴത്തെ രാഷ്ട്രപതി സ്ഥാനമേറ്റശേഷം പുരസ്‌കാര സമര്‍പ്പണചടങ്ങളുകളില്‍ ഒരു മണിക്കൂറിലധികം പങ്കെടുക്കാറില്ലെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. ഇക്കാര്യം വാര്‍ത്താവിതരണ മന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നതാണെന്നും വ്യക്തമാക്കി.

Comments

comments

Categories: Slider