മലബാറിന്റെ മൊഞ്ച് കൂട്ടി മല്‍സ്യസദ്യ

മലബാറിന്റെ മൊഞ്ച് കൂട്ടി മല്‍സ്യസദ്യ

17 കൂട്ടം വിഭവങ്ങള്‍ ഉള്ള സദ്യയില്‍ പപ്പടവും പായസുമൊഴികെ ബാക്കിയെല്ലാം മല്‍സ്യം ചേര്‍ത്തുള്ളവയാണ്. ചെമ്മീന്‍ മുതല്‍ ഉണക്കമീനടക്കം വിവിധ മല്‍സ്യങ്ങള്‍ കൊണ്ടുള്ള രുചിയുടെ ആഘോഷമാണ് കോഹിനൂരിലെ ലി കാഞ്ചീസിന്റെ മല്‍സ്യസദ്യ

വ്യത്യസ്ത ഭക്ഷണ വിഭവങ്ങള്‍ക്കും രുചിക്കും എക്കാലവും പേരു കേട്ട ഇടമാണ് മലബാര്‍. ഇപ്പോഴിവിടെ രുചിയുടെ താരം കോഴിക്കോട് സര്‍വകലാശാലയ്ക്ക് സമീപം കോഹിനൂരില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ലി കാഞ്ചീസിലെ മല്‍സ്യസദ്യയാണ്. രുചിയിലെ വൈവിധ്യം തേടി പോകുന്ന ഭക്ഷണ പ്രിയര്‍ക്ക് ഇനി മലബാറിന്റെ മല്‍സ്യസദ്യ കൂടി പരിചയപ്പെടാം.

സദ്യ എന്നു കേട്ടാല്‍ ഏതൊരും മലയാളിയുടേയും മനസില്‍ പരിപ്പും പപ്പടവും പലവിധ കറികളും കൂട്ടിയിണക്കിയ വെജിറ്റേറിയന്‍ ഊണാണ് തെളിയുന്നത്. എന്നാല്‍ സദ്യയുടെ കാഴ്ചയേയും രുചിയേയും മാറ്റിമറിച്ച് പുതുമ നല്‍കിയിരിക്കുകയാണ് ഹോട്ടല്‍ ലി കാഞ്ചീസ്. മലബാറില്‍ നിരവധി പ്രശസ്തമായ ഹോട്ടലുകളുണ്ടെങ്കിലും മല്‍സ്യസദ്യ ആദ്യമായി മലബാറില്‍ കൊണ്ടുവന്നതിന്റെ ക്രഡിറ്റ് ഹോട്ടല്‍ ലി കാഞ്ചീസിനു തന്നെ നല്‍കണം. ഇതിന് തുടക്കമിട്ടതാവട്ടെ കോഹിനൂര്‍ സ്വദേശി ടി കെ രാധാകൃഷ്ണനും. ചെന്നൈയില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ് കോഴിക്കോട് പോളിടെക്‌നിക്കില്‍ ഫുഡ് ക്രാഫ്റ്റില്‍ അധ്യാപകനായി ജോലി ചെയ്ത രാധാകൃഷ്ണന്‍ ഈ മേഖലയില്‍ നിന്നും നേടിയ പരിചയ സമ്പത്ത് കൈമുതലാക്കിയാണ് ഹോട്ടല്‍ രംഗത്തേക്ക് പ്രവേശിക്കുന്നത്.

കാറ്ററിംഗില്‍ തുടങ്ങി ഹോട്ടല്‍ രംഗത്തേക്ക്

പാചകത്തോട് ആദ്യം മുതല്‍ക്കെ ഏറെ താല്‍പര്യം ഉണ്ടായിരുന്ന രാധാകൃഷ്ണന്‍ 22 വര്‍ഷം മുമ്പാണ് ആര്‍കെ കേരള എന്ന പേരില്‍ കാറ്ററിംഗ് യൂണിറ്റ് തുടങ്ങുന്നത്. അക്കാലത്ത് കാറ്ററിംഗ് എന്ന മേഖലയെ കുറിച്ച് ആളുകള്‍ അറിഞ്ഞും മനസിലാക്കിയും വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കേരളത്തില്‍ എല്ലായിടത്തും ആര്‍ കെ ഗ്രൂപ്പിന്റെ സേവനം ലഭ്യമാണ്. ആര്‍കെ കേരള ഗ്രൂപ്പിന്റെ ഹോട്ടല്‍ ലീ കാഞ്ചീസ് പ്രവര്‍ത്തനം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണിപ്പോള്‍. ആദ്യ ഘട്ടത്തില്‍ സാധാരണ വിഭവങ്ങള്‍ മാത്രം നല്‍കിയിരുന്ന ഹോട്ടല്‍ വേറിട്ടൊരു പരീക്ഷണം നടത്തുന്നതിന്റെ ഭാഗമായാണ് മല്‍സ്യ സദ്യയ്ക്ക് തുടക്കം കുറിക്കുന്നത്. മലയാളികള്‍ പ്രത്യേകിച്ച് മലബാര്‍ സ്വദേശികള്‍ പച്ചക്കറിയേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് മല്‍സ്യവും മാംസവുമാണ്. അതിനാലാണ് ഈ പുതുമ നിറഞ്ഞ പരീക്ഷണത്തിലേക്ക് കടക്കാന്‍ കാരണം- രാധാകൃഷ്ണന്‍ പറയുന്നു.

മല്‍സ്യത്തിന്റെ വിവിധ രുചിഭേദങ്ങള്‍

മല്‍സ്യസദ്യയില്‍ പപ്പടവും പായസവുമൊഴികെ ബാക്കിയെല്ലാ വിഭവങ്ങളും മല്‍സ്യം ചേര്‍ത്തുള്ളവയാണ്. അച്ചാര്‍, പുളിയിഞ്ചി, തോരന്‍, കൂട്ടുകറി, അവിയല്‍ തുടങ്ങി പതിനേഴ് കൂട്ടം വിഭവങ്ങളാണ് സദ്യയില്‍ ഉണ്ടായിരിക്കുക. എല്ലാം മല്‍സ്യം കൊണ്ടുള്ളവ തന്നെ. വിവിധയിനം വിഭവങ്ങള്‍ക്കായി ചെമ്മീന്‍, കടുക്ക, നെയ്മീന്‍, വത്തന്‍, അയക്കൂറ, കൂന്തള്‍, ചൂര, ചാള തുടങ്ങി ഉണക്കമീന്‍ വരെ ഉപയോഗിക്കുന്നുണ്ട്. നെയ്മീന്‍, ഉണക്കമീന്‍ എന്നിവ കൊണ്ടുള്ള അച്ചാര്‍, ചെമ്മീന്‍ കൂട്ടുകറി, മത്തി തോരന്‍, ഇരുന്ത് ഓലന്‍, മീന്‍ വറ്റിച്ചത്, മീന്‍ കറി, രണ്ടു തരം മീന്‍ പൊരിച്ചത്, ഉണക്ക ചെമ്മീന്‍ ചമ്മന്തി, കപ്പ എന്നിങ്ങനെ നീളുകയാണ് ഈ സദ്യയിലെ വിഭവങ്ങള്‍. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ മല്‍സ്യസദ്യ ഒരുക്കുന്നത്. ഈ മൂന്നു ദിവസങ്ങളിലും ദിവസേന 600 ല്‍ പരം ആളുകള്‍ ലി കാഞ്ചീസിലേക്ക് എത്തുന്നുണ്ട്. രാവിലെ 11.30 മുതല്‍ 3.30 വരെയാണ് ഹോട്ടല്‍ സമയം. മറ്റു നേരങ്ങളില്‍ ഹോട്ടല്‍ മുറിയും കെട്ടിടത്തിന്റെ മറ്റ് നിലകളെ പോലെ കണ്‍വെന്‍ഷന്‍ ഹാള്‍ ആയി പ്രവര്‍ത്തിക്കുന്നു.

നെയ്മീന്‍, ഉണക്കമീന്‍ എന്നിവ കൊണ്ടുള്ള അച്ചാര്‍, ചെമ്മീന്‍ കൂട്ടുകറി, മത്തി തോരന്‍, ഇരുന്ത് ഓലന്‍, മീന്‍ വറ്റിച്ചത്, മീന്‍ കറി, രണ്ടു തരം മീന്‍ പൊരിച്ചത്, ഉണക്ക ചെമ്മീന്‍ ചമ്മന്തി, കപ്പ എന്നിങ്ങനെ നീളുകയാണ് സദ്യയിലെ വിഭവങ്ങള്‍. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഇവിടെ മല്‍സ്യസദ്യ ഒരുക്കുന്നത്

പുതുമ നിറഞ്ഞ പരീക്ഷണവുമായി തുടങ്ങിയ മല്‍സ്യസദ്യ ആദ്യം വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമാണുണ്ടായിരുന്നത്. വര്‍ധിച്ചുവന്ന തിരക്കുകാരണം പിന്നീട് ഞായറാഴ്ച കൂടി ഉള്‍പ്പെടുത്തി. സാധാരണയായി വെജിറ്റേറിയന്‍ സദ്യ 70, 110 രൂപ നിരക്കില്‍ നല്‍കുമ്പോള്‍ 220 രൂപയാണ് മല്‍സ്യസദ്യയുടെ നിരക്ക്.

ഹോട്ടലില്‍ മാത്രമല്ല, മല്‍സ്യസദ്യയ്ക്കായി ഇപ്പോള്‍ കാറ്ററിംഗും ഇവര്‍ നടത്തിവരുന്നു. ആഘോഷങ്ങളിലും മറ്റും സ്ഥിരമായി ബിരിയാണി കഴിച്ച് ആളുകള്‍ മടുത്തിരിക്കുന്നതിനാല്‍ മല്‍സ്യ സദ്യയ്ക്കുള്ള ഓര്‍ഡറുകള്‍ കൂടിവരികയാണിപ്പോഴെന്നും രാധാകൃഷ്ണന്‍ പറയുന്നു.

കൂലി കുറവു നല്‍കി ഇതരസംസ്ഥാനക്കാരെ കൊണ്ട് പാചകം ചെയ്യിക്കുന്ന രീതിയോട് താല്‍പര്യമില്ല. അങ്ങനെ ചെയ്യുമ്പോള്‍ കൂലി കുറച്ച് നല്‍കുന്നതിന്റെ നിലവാരമേ അവര്‍ ഭക്ഷണത്തിലും കാണിക്കൂ

 

ടി കെ രാധാകൃഷ്ണന്‍

ഹോട്ടല്‍ ഉടമ

തൊഴിലവസരങ്ങള്‍ കൂടുതലും സ്ത്രീകള്‍ക്ക്

കേരളത്തില്‍ മുഴുവന്‍ ആര്‍കെ കേരള ഗ്രൂപ്പിന്റെ സേവനങ്ങള്‍ ലഭ്യമാണെങ്കിലും ബ്രാഞ്ചുകള്‍ മറ്റെവിടെയുമില്ല. കഴിഞ്ഞ 22 വര്‍ഷമായി കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍കെ കേരള ഗ്രൂപ്പ് വര്‍ഷത്തില്‍ രണ്ട് തവണകളിലായി പായസം മേളയും നടത്താറുണ്ട്. വ്യത്യസ്തങ്ങളായ 150 ല്‍ പരം പായസങ്ങളാണ് മേളയില്‍ കഴിഞ്ഞ 10 കൊല്ലങ്ങളായി പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ജനങ്ങളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണമാണ് മേളയ്ക്ക് ലഭിച്ചിട്ടുള്ളത്- രാധാകൃഷ്ണന്‍ പറയുന്നു.

സാധാരണയായി വെജിറ്റേറിയന്‍ സദ്യ 70, 110 രൂപ നിരക്കുകളില്‍ നല്‍കുമ്പോള്‍ 220 രൂപയാണ് മല്‍സ്യസദ്യയുടെ നിരക്ക്. ഹോട്ടലില്‍ മാത്രമല്ല, മല്‍സ്യസദ്യയ്ക്കായി കാറ്ററിംഗും ഇവര്‍ നടത്തിവരുന്നുണ്ട്. 25 ഓളം സ്ഥിരം ജോലിക്കാരില്‍ ഒരാള്‍ പോലും ഇതരസംസ്ഥാന തൊഴിലാളികളില്ല എന്നതും ഇവിടുത്തെ സവിശേഷതയാണ്.

ഭക്ഷണം വ്യത്യസ്തമായി നല്‍കുമ്പോള്‍ അവയുടെ രുചിയിലും ആ പ്രത്യേകത വേണമെന്ന നിര്‍ബന്ധം ഈ സംരംഭകനുണ്ട്. അതുകൊണ്ടു തന്നെ പാചകക്കാരെ തെരഞ്ഞെടുക്കുന്നതിലും രാധാകൃഷ്ണന്‍ അതീവശ്രദ്ധ പുലര്‍ത്താറുണ്ട്. 25 ഓളം സ്ഥിരം ജോലിക്കാരില്‍ ഒരാള്‍ പോലും ഇതരസംസ്ഥാന തൊഴിലാളികളില്ല എന്നതും ഇവിടുത്തെ സവിശേഷതയാണ്. കൂടുതലും സ്ത്രീകള്‍ക്കാണ് തൊഴിലവസരം നല്‍കുന്നത്. കൂലി കുറവു നല്‍കി ഇതരസംസ്ഥാനക്കാരെ കൊണ്ട് പാചകം ചെയ്യിക്കുന്ന രീതിയോട് തീരെ താല്‍പര്യമില്ല. അങ്ങനെ ചെയ്യുമ്പോള്‍ കൂലി കുറച്ച് നല്‍കുന്നതിന്റെ നിലവാരമേ അവര്‍ ഭക്ഷണത്തിലും കാണിക്കുകയുള്ളൂ എന്നാണ് രാധാകൃഷ്ണന്റ അഭിപ്രായം.

Comments

comments

Categories: FK Special, Slider