ഇന്ത്യന്‍ രുചിക്ക് ബ്രിട്ടീഷ് വിപണിയുമായി ‘സോമീസ് കിച്ചണ്‍’

ഇന്ത്യന്‍ രുചിക്ക് ബ്രിട്ടീഷ് വിപണിയുമായി ‘സോമീസ് കിച്ചണ്‍’

ഇന്ത്യന്‍ രുചിയോട് ബ്രിട്ടീഷ് ജനതയ്ക്കുള്ള ആകര്‍ഷണമാണ് യുകെ ആസ്ഥാനമായി സോമീസ് കിച്ചണിനു തുടക്കമിടാന്‍ ഈ ഇന്ത്യന്‍ ദമ്പതികളെ പ്രേരിപ്പിച്ചത്. ലണ്ടനിലെ സ്വന്തം വീട് വിറ്റ് തുടങ്ങിയ സംരംഭം ഇന്ന് ഓണ്‍ലൈന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് ആഗോള മാര്‍ക്കറ്റിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്

ഇന്ത്യന്‍ വിഭവത്തിന്റെ വേറിട്ട രുചിയിലൂടെ വിദേശത്ത് ലാഭം കൊയ്യുന്ന സംരംഭം, സോമീസ് കിച്ചണിന്റെ പ്രശസ്തിയെ ഒറ്റ വാക്കില്‍ അങ്ങനെ നിര്‍വചിക്കാം. ഇന്ത്യന്‍ വിഭവമായ ചിക്കന്‍ ടിക്ക മസാല ദേശീയ വിഭവമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ബ്രിട്ടനിലാണ് ഈ സംരംഭത്തില്‍ നിന്നുള്ള വിവിധയിനം അച്ചാര്‍ മസാലകള്‍ ശ്രദ്ധേയമാകുന്നത്. ഇവിടെയുള്ള ഉല്‍പ്പന്നങ്ങളെ വെറും അച്ചാര്‍ എന്നു പറയാനാവില്ല, കാരണം പൂരി , ചപ്പാത്തി എന്നിവയ്‌ക്കൊപ്പം കഴിക്കാനാവുന്ന ചിക്കന്‍, ഫിഷ് കറികള്‍ തന്നെയാണ് ഈ അച്ചാര്‍ മസാലകളെല്ലാം. ജോയല്‍ ജെറോം, സാന്‍ഡി സാമുവന്‍ ജെറോം എന്നിവരാണ് സോമീസ് കിച്ചണിന്റെ സ്ഥാപകര്‍. യുകെ ആസ്ഥാനമായി മൂന്നു വര്‍ഷം മുമ്പാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.

സോമീസിന്റെ തുടക്കം

സാന്‍ഡിയുടെ അമ്മ സോമി സാമുവലാണ് സോമീസ് കിച്ചണിലെ കൈപുണ്യത്തിന്റെ രഹസ്യം. യുകെയില്‍ സ്ഥിരതാമസമാക്കിയ മകളെ കാണാന്‍ വര്‍ഷംതോറുമെത്തുന്ന അവര്‍ കൈനിറയെ അച്ചാറുകളുമായാണ് വരവ്. ചിക്കന്‍, ചെമ്മീന്‍, മറ്റു മീന്‍ അച്ചാറുകള്‍ എന്നിവയുമായെത്തുന്ന സോമിയുടെ കൈപുണ്യം അധികം വൈകാതെ തന്നെ അവിടെ ഹിറ്റായി മാറി. ഓരോ തവണ വരുമ്പോഴും യുകെയിലെ സുഹൃത്തുക്കള്‍ക്കിടയില്‍ അച്ചാറിനുള്ള ഡിമാന്‍സും ഏറിവന്നു. ഇതോടെയാണ് യുകെയില്‍ സോമീസ് കിച്ചണ്‍ എന്ന പേരില്‍ ഒരു സംരംഭം തുടങ്ങാന്‍ കാരണമായത്. ഇന്ത്യയില്‍ സ്വന്തം വീട്ടില്‍ അച്ചാറുകള്‍ സ്ഥിരമായുണ്ടാക്കുന്ന സോമി തന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി വരുമാനം കണ്ടെത്തുന്നത് അച്ചാര്‍ നിര്‍മാണത്തിലൂടെ ആയിരുന്നു. ഇന്ന് സോമീസ് കിച്ചണ്‍ എന്ന സംരംഭത്തിലൂടെയും സേവനപ്രവര്‍ത്തനങ്ങള്‍ കുറവല്ല. ഇവിടെ ലാഭത്തിന്റെ 50 ശതമാനവും സേവനപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുകയാണ് പതിവ്. ഇന്ത്യന്‍ വിഭവങ്ങളോടുള്ള ബ്രിട്ടന്‍ ജനതയുടെ ഇഷ്ടമാണ് സോമീസ് കിച്ചണിന് അവിടെ വിപണിയുണ്ടാക്കി കൊടുത്തത്. ഒമ്പതാം വയസു മുതല്‍ പാചകത്തോട് ആകര്‍ഷണം തോന്നി ഈ മേഖലയിലേക്ക് ഇറങ്ങിത്തിരിച്ചയാളാണ് സോമി.

ഇന്ത്യന്‍ വിഭവങ്ങളോടുള്ള ആരാധന

ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ വിഭവങ്ങളോട് വല്ലാത്തൊരു ആരാധയുണ്ട്. ഇതുതന്നെയാണ് സോമീസ് കിച്ചണിന്റെ വിജയത്തിനു കാരണം. പിക്കിള്‍ഡ് മസാലയും (ചെമ്മീന്‍, വിവധയിനം മല്‍സ്യം, ചിക്കന്‍) ഇന്ത്യന്‍ ബ്രെഡുമാണ് (ഗോതമ്പ്, പൂരി) സോമീസ് കിച്ചണിലെ പ്രധാന ഉല്‍പ്പന്നങ്ങള്‍. സോമീസിലെ വിഭവങ്ങളെ അച്ചാര്‍ എന്നു പറയാനാവില്ല. ചപ്പാത്തിക്കും പൂരിക്കുമൊപ്പം കഴിക്കാവുന്ന ഒരു സൈഡ് ഡിഷ് എന്ന നിലയിലാണ് ഇവ നിര്‍മ്മിക്കുന്നത്. ചപ്പാത്തി, ചോറ് എന്നിവയ്‌ക്കൊപ്പം ഇവ കഴിക്കാവുന്നതാണ്. യുകെയില്‍ ചപ്പാത്തിക്കും കിഴങ്ങിനുമൊപ്പം ഈ അച്ചാര്‍ മസാല കഴിക്കാനാണ് ഞങ്ങള്‍ കൂടുതല്‍ പ്രോല്‍സാഹനം നല്‍കുന്നത്. 90 ദിവസത്തെ കാലാവധിയാണ് ഞങ്ങള്‍ ഇവയ്ക്ക് നല്‍കുന്നത്-സാന്‍ഡി പറയുന്നു.

ബിഗ് ബാസ്‌കറ്റ്, ബിഗ് ബസാര്‍, സ്റ്റാര്‍ ബസാര്‍ എന്നിവിടങ്ങള്‍ വഴിയും സോമീസ് കിച്ചണ്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നുണ്ട്. ഈ വര്‍ഷം പകുതിയോടെ ആമസോണ്‍ ഇന്ത്യ, ആമസോണ്‍ യുകെ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കമ്പനി. 2019 ല്‍ യുഎസിലും പശ്ചിമ യൂറോപ്പിലെ ചില ഭാഗങ്ങളിലേക്കും 2020 ഓടെ മിഡില്‍ ഈസ്റ്റിലും ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും ആലോചനയുണ്ട്

തുടക്കത്തിലെ വെല്ലുവിളികള്‍

2015 ഓക്‌റ്റോബറില്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനിക്ക് തുടക്കത്തില്‍ മതിയായ നിക്ഷേപം കണ്ടെത്താനും ഫാക്റ്ററി സ്ഥാപിക്കാനും ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. നിരവധി നിക്ഷേപകരെയും ബാങ്കുകളെയും പണത്തിനായി സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ബിസിനസില്‍ മുന്‍കാല ട്രാക്ക് റെക്കോര്‍ഡുകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സ്റ്റാര്‍ട്ടപ്പിനു വേണ്ടി പണം മുടക്കാന്‍ ആരു തയാറായിരുന്നില്ല- സാന്‍ഡി പറയുന്നു. ഒടുവില്‍ ലണ്ടനിലെ വീട് വിറ്റ് ആ പണം ബിസിനസ് ആവശ്യങ്ങള്‍ക്കായി നിക്ഷേപിക്കാനായിരുന്നു അവരുടെ തീരുമാനം. ഇന്ന് ബെര്‍മിംഗ്ഹാമിനടുത്ത് റഗ്ബിയിലാണ് ഈ സംരംഭക കുടുംബത്തിന്റെ താമസം.

അച്ചാര്‍ വിപണിയില്‍ ദ്രുതഗതിയില്‍ വളര്‍ച്ച

അച്ചാര്‍ വിപണിയില്‍ മികച്ച വളര്‍ച്ചയാണ് സോമീസ് കിച്ചണിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ നേടാനായത്. തുടക്കത്തില്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു കച്ചവടം. വളരെ പെട്ടെന്നു തന്നെ പ്രതിമാസം 500 ബോട്ടിലുകള്‍ വീതം വിറ്റഴിക്കുന്ന നിലയില്‍ ഇതിന്റ വില്‍പ്പനയുടെ തോത് ഉയര്‍ന്നുവെന്നും സാന്‍ഡി പറയുന്നു. വില്‍പ്പന വര്‍ധിച്ചതോടെ സ്വന്തമായി ഒരു ഫാക്റ്ററി സ്ഥാപിക്കേണ്ട സാഹചര്യം ഉടലെടുക്കുകയും ചെയ്തു. ” നിക്ഷേപം കുറവായതുകൊണ്ടുതന്നെ ഫാക്റ്ററി സ്ഥാപിച്ചത് ഇന്ത്യയിലാണ്. 2018 ല്‍ ചപ്പാത്തി, പൂരി എന്നിവയ്‌ക്കൊപ്പം ചിക്കന്‍ അച്ചാര്‍ മസാല കൂടി നല്‍കുന്ന രീതി ഇന്ത്യയിലും യുകെയിലും ഒരുപോലെ ഇവര്‍ ആരംഭിക്കുകയുണ്ടായി. ചിക്കനൊപ്പം തന്നെ ഇവരുടെ വിവിധ മല്‍സ്യ വിഭാഗങ്ങളിലുള്ള അച്ചാറുകളും ഇന്ത്യയിലും യുകെയിലും ശ്രദ്ധേയമാണ്.

ബിഗ് ബാസ്‌കറ്റ്, ബിഗ് ബസാര്‍, സ്റ്റാര്‍ ബസാര്‍ എന്നിവിടങ്ങള്‍ വഴിയും സോമീസ് കിച്ചണ്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നുണ്ട്. കഴിഞ്ഞമാസം മുതല്‍ ഇവരുടെ വിവിധ വിഭാഗങ്ങളിലെ അച്ചാറുകളുടെ വില 240 രൂപ മുതലാണ്. ഓര്‍ഗാനിക് ചപ്പാത്തി, പൂരി എന്നിവയ്ക്ക് യഥാക്രമം 55, 125 രൂപ നിരക്കുണ്ട്. വില്‍പന, വിതരണം, എച്ച്ആര്‍, ഫിനാന്‍സ്, മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 50 പേരടങ്ങുന്ന സംഘമാണ് സോമീസ് കിച്ചണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഈ വര്‍ഷം പകുതിയോടെ ആമസോണ്‍ ഇന്ത്യ, ആമസോണ്‍ യുകെ വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കമ്പനി. ഈ സാമ്പത്തികവര്‍ഷത്തോടെ പ്രതിമാസം 5 കോടി വിറ്റുവരവ് കടക്കുമെന്നാണ് പ്രതീക്ഷ. 2019 ല്‍ യുഎസിലും പശ്ചിമ യൂറോപ്പിലെ ചില ഭാഗങ്ങളിലേക്കും 2020 ഓടെ മിഡില്‍ ഈസ്റ്റിലും ഏഷ്യയുടെ മറ്റു ഭാഗങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും ആലോചനയുണ്ട്. ആഗോള മാര്‍ക്കറ്റില്‍ തങ്ങളുടേതായ സാന്നിധ്യം ഊട്ടിയുറപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Comments

comments