ഡിജിറ്റല്‍ പരസ്യ വിപണി 30 ശതമാനത്തിലേക്ക് വളരും

ഡിജിറ്റല്‍ പരസ്യ വിപണി 30 ശതമാനത്തിലേക്ക് വളരും

ഓണ്‍ലൈന്‍ സെര്‍ച്ചിംഗ് പരസ്യങ്ങള്‍ക്കായാണ് കൂടുതലും ചെലവിടല്‍ നടക്കുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഡിജിറ്റല്‍ പരസ്യ വിപണി 2018ല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 30 ശതമാനം വളര്‍ച്ച കൈവരിച്ച് 12,046 കോടി രൂപയിലേക്ക് വളരുമെന്ന് റിപ്പോര്‍ട്ട്. 2017ല്‍ മുന്‍വര്‍ഷത്തക്കാള്‍ 27 ശതമാനം വളര്‍ച്ച കൈവരിച്ച് 9,266 കോടി രൂപയായി വിപണി വളര്‍ന്നുവെന്ന് ‘ഡിജിറ്റല്‍ അഡൈ്വര്‍ടൈസിംഗ് ഇന്‍ ഇന്ത്യ 2017’ എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ)യും കാന്തര്‍ ഐഎംആര്‍ബിയും സംയുക്തമായാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കായുള്ള ചെലവിടല്‍ നിലവില്‍ ാജ്യത്തെ മൊത്തം പരസ്യ വിപണിയുടെ ഏകദേശം 16 ശതമാനമാണ്. മേഖലാടിസ്ഥാനത്തില്‍ ബാങ്കിംഗ്, സാമ്പത്തിക സ്ഥാപനങ്ങളാണ് ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ചെലവിടല്‍ നടത്തിയത്. ഏകദേശം 2,022 കോടി രൂപയാണ് ഇവയുടെ ഡിജിറ്റല്‍ പരസ്യ ചെലവിടല്‍. ഇ-കൊമേഴ്‌സ്, ടെലികോം, ട്രാവല്‍ സ്ഥാപനങ്ങളാണ് ചെലവിടലില്‍ മുന്‍നിരയിലുള്ള മറ്റു മേഖലകള്‍.

ബ്രാന്‍ഡുകളും ഓര്‍ഗനൈസേഷനുകളും ഓണ്‍ലൈന്‍ സെര്‍ച്ചിംഗ് പരസ്യങ്ങള്‍ക്കായാണ് കൂടുതലും ചെലവിടല്‍ നടത്തിയത്. മൊത്തം ഡിജിറ്റല്‍ പരസ്യ ചെലവിടലിന്റെ 27 ശതമാനവും (2,502 കോടി രൂപ) സെര്‍ച്ചിംഗ് വിഭാഗത്തിലാണ് ചെലവഴിച്ചത്. ഇതിനു പിന്നിലായി വീഡിയോ, മൊബീല്‍ പരസ്യങ്ങള്‍ക്കായുള്ള ചെലവിടല്‍ വരുന്നു. ഇവയ്ക്കായി യഥാക്രമം 1,779 കോടി രൂപയും, 1,761 കോടി രൂപയുമാണ് ചെലവഴിച്ചത്. സാമൂഹിക മാധ്യമങ്ങളിലെ പരസ്യ ചെലവിടല്‍ 18 ശതമാനമാണ്. ഏകദേശം 1,668 കോടി രൂപ വരുമിത്.

മൊബീല്‍ ഫോണുകള്‍ വഴിയുള്ള പരസ്യങ്ങള്‍ (എസ്എംഎസുകള്‍, ഇന്‍-ആപ് പരസ്യങ്ങള്‍) 2017ല്‍ 34 ശതമാനം വളര്‍ച്ച നേടിയാണ് 1,761 കോടി രൂപയായത്. 2016ല്‍ ഇത് 1,314 കോടി രൂപയായിരുന്നു.

Comments

comments

Categories: Slider, Top Stories