റിട്ടേണ്‍ സംവിധാനം ലളിതമാക്കുന്നതിന് ഹൈബ്രിഡ് മോഡല്‍

റിട്ടേണ്‍ സംവിധാനം ലളിതമാക്കുന്നതിന് ഹൈബ്രിഡ് മോഡല്‍

പരോക്ഷ നികുതി നിയമങ്ങളിലെ ഭേദഗതിയും യോഗം ചര്‍ച്ച ചെയ്യും

ന്യൂഡെല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ജിഎസ്ടി കൗണ്‍സിലിന്റെ 27-ാമത് യോഗം വെള്ളിയാഴ്ച ചേരും. ഏകീകൃത ചരക്ക് സേവന നികുതിക്ക് (ജിഎസ്ടി) കീഴില്‍ റിട്ടേണ്‍ സംവിധാനം ലളിതമാക്കുന്നതിനുള്ള അന്തിമ തീരുമാനം യോഗത്തിലുണ്ടാകുമെന്നാണ് സൂചന. റിട്ടേണ്‍ ഫോം ലൡതമാക്കുന്നതിന് ഹൈബ്രിഡ് മോഡല്‍ തെരഞ്ഞെടുക്കണമെന്നാണ് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്.

ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി മുന്നോട്ടുവെച്ച റിട്ടേണ്‍ മാതൃകയുടെയും സര്‍ക്കാര്‍ നേതൃത്വങ്ങള്‍ മുന്നോട്ടുവെച്ച പ്രൊവിഷണല്‍ ക്രെഡിറ്റ് മോഡലിന്റെയും സമ്മിശ്ര രൂപമാണ് ഹൈബ്രിഡ് മോഡല്‍. ഈ റിട്ടേണ്‍ സംവിധാനത്തിനു കീഴില്‍ വില്‍പ്പനക്കാര്‍ അപ്‌ലോഡ് ചെയ്യുന്ന ഇന്‍വോയിസുകളുടെ അടിസ്ഥാനത്തിലായിരിക്കും വാങ്ങുന്നവര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുക. വില്‍പ്പനക്കാര്‍ യഥാര്‍ത്ഥത്തില്‍ നികുതി അടച്ചിട്ടുണ്ടോ എന്ന കാര്യം ഇവിടെ പരിഗണിക്കില്ല. ഈ റിട്ടേണ്‍ മാതൃക കൗണ്‍സില്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രൊവിഷണല്‍ ക്രെഡിറ്റ് മോഡലില്‍ നഷ്ടപ്പെട്ട ഇന്‍വോയിസുകള്‍ അപ്‌ലോഡ് ചെയ്യുന്ന പക്ഷം വാങ്ങുന്നവര്‍ക്ക് താല്‍ക്കാലികമായി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് കിട്ടും. വില്‍പ്പനക്കാരന്‍ ഇന്‍വോയിസുകള്‍ അപ്‌ലോഡ് ചെയ്യാതെയും നികുതി അടക്കാതെയും വന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ ഈ ആനുകൂല്യം തിരിച്ചെടുക്കും. ഹൈബ്രിഡ് മോഡലിന് വില്‍പ്പനക്കരാന്‍ നികുതി അടക്കുന്നതുമായി യാതൊരു ബന്ധവുമില്ലെന്നും ഇനി വില്‍പ്പനക്കാരന്‍ നികുതി അടച്ചില്ലെങ്കിലും വാങ്ങുന്നവര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് നേരിടുന്ന വ്യപാരികള്‍ക്ക് ആശ്വാസം പകരുന്നതായിരിക്കും പുതിയ പരിഷ്‌കരണം. കാര്യങ്ങള്‍ എളുപ്പമാക്കുന്നതിന് ഓരോ ദിവസവും ഇന്‍വോയിസുകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് അനുമതി നല്‍കുന്ന കാര്യവും യോഗം പരിഗണിക്കും. നിലവിലുള്ള ജിഎസ്ടിആര്‍-1 ഫോമില്‍ ഒരു മാസത്തെ മൊത്തം ഇന്‍വോയിസുകളാണ് അപ്‌ലോഡ് ചെയ്യുന്നത്. പുതിയ റിട്ടേണ്‍ സംവിധാനത്തിനനുസരിച്ച മാറ്റങ്ങള്‍ നെറ്റ്‌വര്‍ക്കില്‍ വരുത്തുന്നതിനാവശ്യമായ സമയം ജിഎസ്ടിഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ നിലവിലെ റിട്ടേണ്‍ സംവിധാനം തുടരും.

പരോക്ഷ നികുതി നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിനെകുറിച്ചും ഇന്ന് നടക്കുന്ന യോഗം ചര്‍ച്ച ചെയ്യും. ജിഎസ്ടി നെറ്റ്‌വര്‍ക്കിനെ (ജിഎസ്ടിഎന്‍) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായി മാറ്റുന്നതിനുള്ള നിര്‍ദേശവും യോഗം പരിഗണിച്ചേക്കും. 5 ശതമാനം പ്രത്യേക ഷുഗര്‍ സെസ് ഏര്‍പ്പെടുത്തുന്നതും ഇന്നത്തെ കൗണ്‍സിലിന്റെ പരിഗണനയിലുണ്ട്.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇത്തവണ യോഗം ചേരുന്നത്. വൃക്ക രോഗം മൂലം വിശ്രമത്തില്‍ കഴിയുന്ന അരുണ്‍ ജയ്റ്റ്‌ലി അണുബാധ ഒഴിവാക്കുന്നതിന് മറ്റുള്ളവരില്‍ നിന്നും മാറിനില്‍ക്കണമെന്ന് ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തവണ വീഡിയോ കോണ്‍ഫോറന്‍സ് വഴി യോഗം ചേരാന്‍ തീരുമാനിച്ചത്.

Comments

comments

Categories: Slider, Top Stories