ഉത്തരേന്ത്യയിലെ മഴയും പൊടിക്കാറ്റും; മരണം 73 ആയി

ഉത്തരേന്ത്യയിലെ മഴയും പൊടിക്കാറ്റും; മരണം 73 ആയി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച് പൊടിക്കാറ്റും മഴയും തുടരുന്നു. മരിച്ചവരുടെ എണ്ണം 73 ആയി. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളെയും ദുരിതം ബാധിച്ചു.

രാജസ്ഥാനില്‍ ബുധനാഴ്ച രാത്രിയുണ്ടായ കനത്ത പൊടിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. സംസ്ഥാനത്തിന്റെ കഴിക്കന്‍ പ്രദേശത്താണു പൊടിക്കാറ്റ് ശ്കതമായത്. രാജസ്ഥാനിലെ അല്‍വാര്‍, ധോല്‍പുര്‍, ഭരത്പുര്‍ ജില്ലകളില്‍ കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണു പൊടിക്കാറ്റ് വീശിയടിച്ചത്. കാറ്റില്‍പ്പെട്ടു മറിഞ്ഞുവീണ മരങ്ങളുടെയും വൈദ്യുത തൂണുകളുടെയും അടിയില്‍പ്പെട്ടാണു മരണങ്ങളേറെയും സംഭവിച്ചിരിക്കുന്നത്. മിക്ക ജില്ലകളിലും ബുധനാഴ്ച രാത്രി മുതല്‍ വൈദ്യുതി നിലച്ചിരിക്കുകയാണ്. വീടുകള്‍ ഉള്‍പ്പെടെ ഒട്ടേറെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ട്. പ്രശ്‌നബാധിത സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു. രണ്ട് ആഭ്യന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍നിന്നുള്ള 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ 45.4 ഡിഗ്രി സെല്‍ഷ്യസ് വരെയാണു ചൂട് ഉയര്‍ന്നത്. പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. ഉത്തര്‍പ്രദേശില്‍ ബുധനാഴ്ച രാത്രിയില്‍ വലിയ തോതില്‍ ഇടിയും മിന്നലും കൊടുങ്കാറ്റുമുണ്ടായതായി സര്‍ക്കാര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Top Stories