റെട്രോ ഭംഗിയില്‍ അണിഞ്ഞൊരുങ്ങി 2018 മിനി കണ്‍ട്രിമാന്‍ എത്തി

റെട്രോ ഭംഗിയില്‍ അണിഞ്ഞൊരുങ്ങി 2018 മിനി കണ്‍ട്രിമാന്‍ എത്തി

ഇന്ത്യ എക്‌സ് ഷോറൂം വില 34.90 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ഓട്ടോമോട്ടീവ് ബ്രാന്‍ഡായ മിനി ഇന്ത്യന്‍ വിപണിയില്‍ ഓള്‍-ന്യൂ കണ്‍ട്രിമാന്‍ അവതരിപ്പിച്ചു. ഈ വര്‍ഷത്തെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ എസ്‌യുവി പ്രദര്‍ശിപ്പിച്ചിരുന്നു. ചെറിയ ആഡംബര എസ്‌യുവികളുടെ സെഗ്‌മെന്റില്‍ മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍എ, ഔഡി ക്യു3, ബിഎംഡബ്ല്യു എക്‌സ്1 എന്നിവയാണ് മിനി കണ്‍ട്രിമാന്‍ എസ്‌യുവിയുടെ എതിരാളികള്‍. ഏകദേശം ഈ വാഹനങ്ങളുടെ അതേ വിലയില്‍ മിനി കണ്‍ട്രിമാന്‍ വാങ്ങാം. 34.90 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില.

രണ്ടാം തലമുറ മിനി കണ്‍ട്രിമാന്‍ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. കൂപ്പര്‍ എസ് (34.90 ലക്ഷം രൂപ), കൂപ്പര്‍ എസ്ഡി (37.40 ലക്ഷം രൂപ), സ്‌പോര്‍ടി വേരിയന്റായ കൂപ്പര്‍ എസ് ജെസിഡബ്ല്യു ഇന്‍സ്പയേഡ് (44.40 ലക്ഷം രൂപ) എന്നിവയാണ് വേരിയന്റുകള്‍. മുന്‍ തലമുറ കണ്‍ട്രിമാന്‍ എസ്‌യുവിയേക്കാള്‍ കൂടുതല്‍ പ്രായോഗികതയും സുഖകരമായ യാത്രയും ആഡംബരവും പ്രദാനം ചെയ്യുന്നതാണ് ന്യൂ-ജെന്‍ കണ്‍ട്രിമാന്‍.

സ്റ്റൈലിംഗ് കണക്കിലെടുക്കുമ്പോള്‍, മിനിയുടെ മറ്റ് മോഡലുകളില്‍നിന്ന് വ്യത്യസ്തമാണ് കണ്‍ട്രിമാന്‍. അതേസമയം മിനി ആരാധകരെ ആവേശം കൊള്ളിക്കുന്നതിന് റെട്രോ ഭംഗി വേണ്ടുവോളം കാണാം. അഗ്രസീവ് ബംപറുകളും വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും തടിച്ച ക്ലാഡിംഗും കാറിന് ബലവാന്‍ ലുക്ക് നല്‍കുന്നു. ഫ്രണ്ട് ഗ്രില്ലിന് മാറ്റമില്ല. മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2018 മോഡല്‍ മാസ് ആണെന്ന് പറയാം.

ബിഎംഡബ്ല്യു എക്‌സ്1 നിര്‍മ്മിച്ച അതേ യുകെഎല്‍ പ്ലാറ്റ്‌ഫോമാണ് പുതിയ കണ്‍ട്രിമാന്‍ അടിസ്ഥാനമാക്കിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ 2018 മിനി കണ്‍ട്രിമാന്‍ ലഭിക്കും. കൂപ്പര്‍ എസ്, കൂപ്പര്‍ എസ് ജെസിഡബ്ല്യു ഇന്‍സ്പയേഡ് എന്നീ വേരിയന്റുകളിലെ 2.0 ലിറ്റര്‍ ട്വിന്‍പവര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 192 എച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കൂപ്പര്‍ എസ്ഡി വേരിയന്റിലെ 2.0 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 190 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വഴി മുന്‍ ചക്രങ്ങളിലേക്ക് മാത്രമാണ് പവര്‍ കൈമാറുന്നത്. അന്തര്‍ദേശീയ വിപണികളില്‍ 4 വീല്‍ ഡ്രൈവ് അഥവാ ഓള്‍4 വേര്‍ഷനുകളില്‍ കണ്‍ട്രിമാന്‍ ലഭ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് വേര്‍ഷനുകള്‍ മാത്രമാണ് ലഭിക്കുന്നത്.

രണ്ടാം തലമുറ മിനി കണ്‍ട്രിമാന്‍ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും

പുതിയ ഐഡ്രൈവ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പുതിയ കണ്‍ട്രിമാന്‍ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നു. മിനി മോഡലുകളില്‍ സാധാരണ കാണുന്നതുപോലെ ഓപ്ഷണല്‍ എക്‌സ്ട്രാ ആയി നിരവധി ഫീച്ചറുകള്‍ ലഭ്യമാണ്. കൂപ്പര്‍ എസ് ജെസിഡബ്ല്യു ഇന്‍സ്പയേഡ് എന്ന സ്‌പോര്‍ടി വേരിയന്റിലെ ഫ്രണ്ട് ഏപ്രണില്‍ എയര്‍ ഡക്റ്റുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍ (നോണ്‍-ജെസിഡബ്ല്യു വേരിയന്റുകളില്‍ 17 ഇഞ്ച്), റിയര്‍ സ്‌പോയ്‌ലര്‍ എന്നിവ കാണാം. റിയര്‍ വ്യൂ ക്യാമറ, സ്‌പോര്‍ടി സ്റ്റിയറിംഗ് വീല്‍, ഹാര്‍മന്‍ കാര്‍ഡണ്‍ സിസ്റ്റം, ഹെഡ്-അപ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ പെഡല്‍ കവറുകള്‍ എന്നിവയും നല്‍കിയിരിക്കുന്നു.

Comments

comments

Categories: Auto