കാലിത്തൊഴുത്ത് ക്ലാസ്മുറിയാക്കിയ അധ്യാപകന്‍

കാലിത്തൊഴുത്ത് ക്ലാസ്മുറിയാക്കിയ അധ്യാപകന്‍

ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കിയാണ് ഗോഹട്ടിയിലെ പാരിജാത് അക്കാഡമി ശ്രദ്ധേയമാകുന്നത്. 15 വര്‍ഷം മുമ്പ് മണിപ്പൂര്‍ സ്വദേശി ഉത്തം തെറോണ്‍ 800 രൂപയില്‍ കാലിത്തൊഴുത്ത് ക്ലാസ്മുറിയാക്കി തുടങ്ങിയ സ്‌കൂളില്‍ ഇന്ന് 500 ല്‍ പരം പാവപ്പെട്ട വിദ്യാര്‍ത്ഥികളുണ്ട്

ഗോഹട്ടിയിലെ പാരിജാത് അക്കാഡമിയുടെ ചരിത്രം തുടങ്ങുന്നത് ഒരു കാലിത്തൊഴുത്തിലാണ്. കൈയിലുള്ള 800 രൂപ കൊണ്ട് കാലിത്തൊഴുത്തിനെ ക്ലാസ്മുറിയാക്കി മാറ്റിയ ഉത്തം തെറോണ്‍ എന്ന യുവാവിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ കഥയാണ് ഈ ചുവരുകളില്‍ തെളിയുന്നത്. ”പണത്തിനു വേണ്ടിയല്ല, മനസ് പറയുന്നു ഞാന്‍ ചെയ്യുന്നു” – സൗജന്യ അധ്യാപകവൃത്തിയെ കുറിച്ചു ചോദിച്ചാല്‍ ഇതാണ് ഉത്തമിന്റെ പ്രതികരണം.

സ്വര്‍ഗത്തിലെ പാരിജാതത്തിന് ഭൂമിയില്‍ വേരുകള്‍

അസമിന്റെ തലസ്ഥാനമായ ഗോഹട്ടിയില്‍ നിന്നും 20 കിലോമീറ്റര്‍ മാറി കര്‍ബിയിലാണ് പാമൊഹി ഗ്രാമം. ഉത്തമിന്റെ സ്വന്തം നാടാണിത്. ഈ ഗ്രാമത്തില്‍ ആദിവാസി സമൂഹമാണ് കൂടുതലായുമുള്ളത്. കുന്നിന്‍ മുകളിലുള്ള പ്രദേശം, മാത്രവുമല്ല വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെകുറിച്ച് അറിവില്ലാത്ത ജനതയാണ് ഇവരില്‍ ഭൂരിഭാഗവും. പിതാവ് ട്രെയിന്‍ ഡ്രൈവര്‍ ആയിരുന്നതിനാല്‍ സിറ്റിയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കാന്‍ ഉത്തമിനു കഴിഞ്ഞു. പഠനം കഴിഞ്ഞു ഗ്രാമത്തിലെത്തിയ അദ്ദേഹത്തിന്റെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു കളിച്ചു ഉല്ലസിച്ചും മാത്രം വീടുകളില്‍ വെറുതെ ഇരിക്കുന്ന കുട്ടികള്‍. അവര്‍ സ്‌കൂളില്‍ പോകാറില്ല. വിദ്യാഭ്യാസം എന്താണെന്നും അതിന്റെ ആവശ്യകതയും അവരെ പറഞ്ഞു മനസിലാക്കാന്‍ ആരുമുണ്ടായില്ല. പാവപ്പെട്ട കുട്ടികളെ എഴുത്തും വായനയും അഭ്യസിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന മോഹമുണ്ടായെങ്കിലും കൈയില്‍ പണമില്ലാത്തതിനാല്‍ മികച്ച സാഹചര്യത്തിനായി ഉത്തം രണ്ടു വര്‍ഷത്തോളം കാത്തിരുന്നു. ഒടുവില്‍ 2003 ല്‍ പാമൊഹിയുടെ തലവിധി മാറ്റിയെഴുതിക്കൊണ്ടാണ് പാരിജാത് അക്കാഡമിക്ക് അദ്ദേഹം തുടക്കമിട്ടത്. കൈയില്‍ ആകെയുണ്ടായിരുന്നത് 800 രൂപയാണ്. വീടിനോട് ചേര്‍ന്ന പഴയ കാലിത്തൊഴുത്ത് വൃത്തിയാക്കി ക്ലാസ്മുറിയായി പരുവപ്പെടുത്തി ഉത്തം പാരിജാതി അക്കാഡമിക്ക് രൂപം നല്‍കി. ഹൈന്ദവ വിശ്വാസപ്രകാരം പാരിജാതം എന്നാല്‍ സ്വര്‍ഗത്തില്‍ വിരിയുന്ന മനോഹരമായ പുഷ്പം എന്നാണ് സങ്കല്‍പം. സ്വര്‍ഗത്തിലെ പാരിജാതത്തിന് ഭൂമിയില്‍ വേരുകള്‍ തീര്‍ത്ത ഉത്തം തന്റെ സ്ഥാപനത്തില്‍ സൗജന്യമായി കുട്ടികളെ പഠിപ്പിക്കാനും തീരുമാനിച്ചു.

വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ ഇന്ന് പാരിജാത് അക്കാഡമിക്ക് സ്വന്തമായി ലൈബ്രറി, കംപ്യൂട്ടര്‍ ലാബ്, തയ്യല്‍ ക്ലാസ്, കലാ കായിക വിഭാഗങ്ങള്‍ എന്നിങ്ങനെ പലവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രവുമല്ല ദൂരസ്ഥലത്തുനിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടു ഹോസ്റ്റലുകളിലായി സൗജന്യ താമസസൗകര്യം ഒരുക്കുകയും ചെയ്യുന്നു

സ്‌കൂളിനെ അക്കാഡമിയാക്കിയ യുവാവ്

ടിന്നില്‍ തീര്‍ത്ത മേല്‍ക്കൂര, മുളകള്‍ അടുക്കിച്ചേര്‍ത്തുവെച്ച ഭിത്തികള്‍- ഇതായിരുന്നു പാരിജാതിലെ ക്ലാസ്മുറി. തുടക്കത്തില്‍ ഇവിടെ പഠനത്തിനെത്തിയത് 4 പേര്‍ മാത്രം. കുട്ടികളെ പഠനത്തിനെത്തിക്കുന്നത് വിചാരിച്ചതുപോലെ എളുപ്പമല്ലെന്ന് അതോടെ ഉത്തമിന് മനസിലായി. സ്‌കൂള്‍ വിദ്യാഭ്യാസം എന്നു പറഞ്ഞാല്‍ എന്താണെന്നുപോലും അറിയാത്ത സമൂഹത്തിലായിരുന്നു അദ്ദേഹത്തിന് പരീക്ഷണം നടത്തേണ്ടിവന്നത്. എന്നിരുന്നാലും പിന്‍മാറാന്‍ തയാറായിരുന്നില്ല ആ യുവാവ്. സ്ഥാപനത്തിന് സ്‌കൂള്‍ എന്നതിനു പകരം അക്കാഡമി എന്നു മുന്‍കൂട്ടി നല്‍കിയതുപോലും തന്റെ ഏറെനാളത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാണെന്നാണ് ഉത്തമിന്റെ അഭിപ്രായം. അസാമിസ് ഭാഷയ്ക്കു പുറമെ ഇംഗ്ലീഷും സ്വന്തം നാട്ടിലെ കുട്ടികള്‍ പഠിക്കണമെന്ന ആഗ്രഹമാണ് ഇതിനു പ്രേരകമായത്.

പഠിക്കാനെത്തിയ കുട്ടികള്‍ക്ക് ഭക്ഷണം വീട്ടില്‍ തന്നെ ഒരുക്കി ഉത്തമിന്റെ അമ്മയും ഈ ഉദ്യമത്തിന്റെ ഭാഗമായി. കുട്ടികള്‍ക്കായി പെന്‍സിലും പഴയ സ്‌കൂള്‍ ബാഗും ബുക്കുകളും മറ്റും ഗ്രാമത്തിലെ ആളുകളില്‍ നിന്നുതന്നെ ഉത്തം തരപ്പെടുത്തി. ശമ്പളമില്ലാതെ തികച്ചും സൗജന്യമായി ഈ ജോലി ചെയ്യുന്നതില്‍ വീട്ടുകാര്‍പ്പ് എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും അതു മറികടന്നും അദ്ദേഹം മുന്നോട്ടുപോയി. ആ നിശ്ചയദാര്‍ഢ്യത്തില്‍ സ്‌കൂളിന്റെ ഖ്യാതി മെല്ലെ ഉയരുകയായിരുന്നു. പണം മുടക്കി കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ കഴിയാതിരുന്നവര്‍ പാരിജാത് അക്കാഡമി തേടിവന്നു. കൂട്ടികളുടെ ബാഹുല്യം അതോടെ വര്‍ധിച്ചു. 2005ല്‍ കുട്ടികളുടെ എണ്ണം 34 കടന്നതോടെ സ്വന്തം വീട്ടില്‍ നിന്നും 50,000 രൂപ കടം വാങ്ങി ഉത്തം വീടിനു സമീപത്തായി രണ്ടു ക്ലാസ് മുറികള്‍ കൂടി പണികഴിപ്പിച്ചു. അങ്ങനെ കാലിത്തൊഴുത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. പാമൊഹിയിലെ വിവിധ ഷോപ്പുകളില്‍ നിന്നും പഴയ പഠനസാമഗ്രികള്‍ വാങ്ങിയാണ് കുട്ടികളുടെ പഠനം സുഗമമായി നടത്തിക്കൊണ്ടുപോയത്. ഭാഗ്യമെന്നു പറയട്ടെ, അതേ വര്‍ഷം പാരിജാത് സന്ദര്‍ശിക്കാനിടയായ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിലൂടെ ആ യുവാവിന്റെ പ്രവര്‍ത്തനങ്ങള്‍ പുറംലോകം അറിഞ്ഞുതുടങ്ങി. തുടര്‍ന്ന് ഒരു അപരിതന്‍ 4000 രൂപ കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായി സംഭാവന നല്‍കിയത് ഉത്തം ഇന്നും നന്ദിയോടെ ഓര്‍ക്കുന്നു.

പാരിജാതിനെകുറിച്ചും അവിടെയുള്ള 34 കുട്ടികളെ കുറിച്ചും പത്രങ്ങളും മാസികകളും അച്ചടിച്ചതോടെ സംഭാവന ഏറി. നല്ലവരായ മനുഷ്യരില്‍ ചിലര്‍ കുട്ടികള്‍ക്കാവശ്യമായ ബാഗുകള്‍, പെന്‍സില്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം സംഭാവന ചെയ്തു തുടങ്ങിയതുവഴി പാരിജാത് അക്കാഡമിയുടെ വലുപ്പവും കൂടിവന്നു. അതോടെ നാലാം ക്ലാസുവരെ പഠനം വ്യാപിപ്പിക്കാന്‍ ഉത്തമിനു കഴിഞ്ഞു.

കാലിത്തൊഴുത്തില്‍ നിന്നും ഹൈസ്‌കൂളിലേക്ക്

തുടക്കം കാലിത്തൊഴുത്തിലായിരുന്നെങ്കിലും ഇന്ന് പാരിജാത് അക്കാഡമി ഹൈസ്‌കൂള്‍ തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. ഒന്നു മുതല്‍ പത്താം ക്ലാസ് വരെയായി 512 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. 20ഓളം അധ്യാപകര്‍ ഇവിടെ ക്ലാസ് എടുക്കുന്നു. പാമൊഹി, മാഗുപുര, ഡിയോസൂട്ടല്‍, ഗാര്‍ചുക്, മൈനാഘോരോംഗ്, ധാല്‍ബാമ, നോവാഗോണ്‍, ഗാരോഘുലി, ഗര്‍ഭംഗ എന്നിങ്ങനെ ആദിവാസി ജനത തിങ്ങിനിറഞ്ഞ ഗ്രാമങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ഭാവി സുരക്ഷിതമാക്കിയിരിക്കുകയാണിപ്പോള്‍ പാരിജാത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറെ ബുദ്ധിമുട്ടി ഉത്തം തുടങ്ങിവെച്ച എളിയ സ്ഥാപനം ഇന്നൊരു പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞു. സൗജന്യ വിദ്യാഭ്യാസം നല്‍കി ഒരു ഭാവിതലമുറയെ സംരക്ഷിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ വലിയൊരു നേട്ടമായിട്ടാണ് ഉത്തം കാണുന്നത്. അക്കാഡമിയുടെ പേര് അന്വര്‍ത്ഥമാക്കും വിധം സ്വര്‍ഗത്തില്‍ വിരിഞ്ഞ പുഷ്പമായി പാരിജാത് അക്കാഡമിയെ വളര്‍ത്താനും ഉത്തമിനു കഴിഞ്ഞു.

2011ല്‍ ഉത്തമിന്റെ മാനോഷികോന്‍മുഖ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി സിഎന്‍എന്‍- ഐബിഎന്‍ അദ്ദേഹത്തെ റിയല്‍ ഹീറോ അവാര്‍ഡ് നല്‍കി ആദരിച്ചു. ഇതിനു പുറമെ ഈസ്റ്റേണ്‍ വുമണ്‍ അസോസിയേഷന്‍ സോഷ്യല്‍ സര്‍വീസ് അവാര്‍ഡ്, റോട്ടറി വൊക്കേഷണല്‍ അവാര്‍ഡ്, ബലിപാറ ഫൗണ്ടേഷന്‍ അവാര്‍ഡ്, ലയണ്‍സ് ക്ലബിന്റെ കര്‍മയോഗി അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ഉത്തമിന് ലഭിച്ചിട്ടുണ്ട്.

വിവിധ സന്നദ്ധസംഘടനകളുടെ സഹായത്താല്‍ ഇന്ന് പാരിജാത് അക്കാഡമിക്ക് സ്വന്തമായി ലൈബ്രറി, കംപ്യൂട്ടര്‍ ലാബ്, തയ്യല്‍ ക്ലാസ്, കലാ കായിക വിഭാഗങ്ങള്‍ എന്നിങ്ങനെ പലവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രവുമല്ല ദൂരസ്ഥലത്തുനിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടു ഹോസ്റ്റലുകളിലായി സൗജന്യ താമസസൗകര്യം ഒരുക്കുകയും ചെയ്യുന്നു. അധികം വൈകാതെ പ്ലസ് വണ്‍, പ്ലസ് ടു തലത്തിലെ ക്ലാസുകള്‍ കൂടി പാരിജാതില്‍ ഒരുക്കണമെന്നാണ് ഈ നാല്‍പത്തിരണ്ടുകാരന്റെ ഇനിയുള്ള മോഹം.

Comments

comments

Categories: FK Special, Slider