ടാറ്റ നെക്‌സോണ്‍ എഎംടി പുറത്തിറക്കി ; വില 9.41 ലക്ഷം രൂപ മുതല്‍

ടാറ്റ നെക്‌സോണ്‍ എഎംടി പുറത്തിറക്കി ; വില 9.41 ലക്ഷം രൂപ മുതല്‍

എഎംടിയുടെ കൂടെ ഡ്രൈവിംഗ് മോഡുകള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കാറാണ് നെക്‌സോണ്‍ എഎംടി എന്ന് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി : നെക്‌സോണ്‍ എഎംടി പുറത്തിറക്കുന്നതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. പെട്രോള്‍ വേരിയന്റിന് 9.41 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 10.30 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നെക്‌സോണ്‍ എഎംടി വിപണിയിലെത്തുന്നത് ഫോഡ്, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ വാഹന നിര്‍മ്മാതാക്കളുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കും. ഇവര്‍ക്കെല്ലാം ഈ സെഗ്‌മെന്റില്‍ കാറുകളുണ്ട്. സെഗ്‌മെന്റില്‍ മഹീന്ദ്ര ടിയുവി 300 ന് മാത്രമാണ് എഎംടിയുള്ളത്.

ഇന്ത്യയിലെ റോഡ് സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാണ് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പാരീക് പറഞ്ഞു. നെക്‌സോണ്‍ എഎംടി അവതരിപ്പിക്കുന്നതിലൂടെ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ മാത്രമല്ല, എഎംടി സെഗ്‌മെന്റിലും വിപണി വിഹിതം വര്‍ധിപ്പിക്കുകയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യം. സബ്‌കോംപാക്റ്റ് എസ്‌യുവിയായ ടാറ്റ നെക്‌സോണ്‍ കസ്റ്റമൈസ് ചെയ്യാനാഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കായി ഇമാജിനേറ്റര്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതായി മയങ്ക് പാരീക് അറിയിച്ചു.

എഎംടിയുടെ കൂടെ ഡ്രൈവിംഗ് മോഡുകള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കാറാണ് നെക്‌സോണ്‍ എഎംടി എന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെട്ടു. ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരങ്ങളിലൂടെ കടന്നുപോകാന്‍ സഹായിക്കുന്നതിന് നെക്‌സോണ്‍ എഎംടിയില്‍ ക്രീപ് ഫംഗ്ഷന്‍ നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ് മറ്റൊരു ഫീച്ചറാണ്. ആന്റി-സ്റ്റാള്‍, കിക്ക് ഡൗണ്‍, ഫാസ്റ്റ്-ഓഫ് എന്നീ ഫീച്ചറുകള്‍ സഹിതം ഇന്റലിജന്റ് ട്രാന്‍സ്മിഷന്‍ കണ്‍ട്രോളര്‍ ഫീച്ചര്‍ തന്നെ.

നെക്‌സോണ്‍ കസ്റ്റമൈസ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കായി ഇമാജിനേറ്റര്‍ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു

6.5 ഇഞ്ച് ഫ്‌ളോട്ടിംഗ് ഡാഷ് ടോപ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, നെക്‌സ്റ്റ്-ജെന്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, സറൗണ്ട് സൗണ്ട് തിയ്യറ്റര്‍ അനുഭവം സമ്മാനിക്കുന്ന ഹാര്‍മന്‍-കാര്‍ഡന്റെ 8 സ്പീക്കര്‍ സിസ്റ്റം എന്നിവ നെക്‌സോണ്‍ എഎംടിയില്‍ കാണാം. ആന്‍ഡ്രോയ്ഡ് ഓട്ടോ കൂടി ലഭ്യമാണ്.

Comments

comments

Categories: Auto