സ്വിറ്റ്‌സര്‍ലാന്‍ഡിലെ പര്‍വതങ്ങളും മലിനീകരണത്തിന്റെ ദൂഷ്യം അനുഭവിക്കുന്നതായി പഠനം

സ്വിറ്റ്‌സര്‍ലാന്‍ഡിലെ പര്‍വതങ്ങളും മലിനീകരണത്തിന്റെ ദൂഷ്യം അനുഭവിക്കുന്നതായി പഠനം

ജനീവ: മൈക്രോ പ്ലാസ്റ്റിക് മലിനീകരണം സ്വിറ്റ്‌സര്‍ലാന്‍ഡിലെ വിദൂര പര്‍വതങ്ങളെ പോലും മലിനീകരിക്കുന്നതായി പുതിയ പഠനം. ജിയോഗ്രാഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി യൂണിവേഴ്‌സിറ്റി ഓഫ് ബേണിലെ മൈക്കിള്‍ ഷ്യൂററും, മോറിറ്റ്‌സ് ബിഗാല്‍ക്കേയുമാണു പഠനം സംഘടിപ്പിച്ചത്. പഠന റിപ്പോര്‍ട്ട് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വ്യാവസായിക ഉല്‍പാദനത്തിന്റെ ഭാഗമായി പുറന്തള്ളുന്നവയാണു ഭൂരിഭാഗം മൈക്രോ പ്ലാസ്റ്റിക് മാലിന്യങ്ങളും. ഇവ മനുഷ്യരുടെ ഭക്ഷണത്തിലേക്കു കൂടി കലരുന്നുണ്ടോ എന്നു കണ്ടെത്താനുള്ള ഗവേഷണം ഉടന്‍ നടത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മണ്ണില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കലര്‍ന്നിട്ടുണ്ടോ എന്ന് അറിയാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ പ്രകൃതിദത്തമായ 29 നദീതടങ്ങളില്‍ നിന്നുള്ള മണ്ണിന്റെ സാമ്പിളുകളാണു ഗവേഷകര്‍ വിശകലനം ചെയ്തത്. ഇങ്ങനെ വിശകലനം ചെയ്തപ്പോള്‍ ശേഖരിച്ച മണ്ണിന്റെ 90 ശതമാനത്തിലും 5 മില്ലിമീറ്റര്‍ വലുപ്പം വരുന്ന മൈക്രോ പ്ലാസ്റ്റിക്കിന്റെ ശകലങ്ങള്‍ കണ്ടെത്തുകയുണ്ടായി. ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രാജ്യത്താകമാനം കാറ്റിലൂടെ വ്യാപിക്കുന്നതായും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നുണ്ട്.

ആര്‍ട്ടിക്ക് പ്രദേശം ഉള്‍പ്പെടെ, ഭൂമിയില്‍ എല്ലായിടത്തും കാണപ്പെടുന്ന മൈക്രോ പ്ലാസ്റ്റിക്കിനെയും അത് സൃഷ്ടിക്കുന്ന മലിനീകരണത്തെക്കുറിച്ചും നടത്തിയിട്ടുള്ള ഗവേഷണങ്ങള്‍ കൂടുതലും സമുദ്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ഇവ സമുദ്ര ജീവികള്‍ക്കും ഭീഷണിയാണെന്നു ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സമീപകാലത്തു നടത്തിയ ചില പഠനങ്ങളില്‍ ബോട്ടിലുകളില്‍ വില്‍ക്കുന്ന വെള്ളത്തില്‍ മൈക്രോ പ്ലാസ്റ്റിക്ക് അടങ്ങിയതായി കണ്ടെത്തുകയുണ്ടായി. ഇതോടെ, ബിയര്‍, തേന്‍, ഉപ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്ന പ്രസ്താവന നടത്താന്‍ ലോകാരോഗ്യ സംഘടനയെ ബാദ്ധ്യസ്ഥമാക്കുകയും ചെയ്യുകയുണ്ടായി.

Comments

comments

Categories: FK Special, Slider