പുതുതായി രണ്ട് അതിഥികളെത്തിയതിന്റെ സന്തോഷത്തിലാണ് സരിസ്‌ക കടുവ സങ്കേതം

പുതുതായി രണ്ട് അതിഥികളെത്തിയതിന്റെ സന്തോഷത്തിലാണ് സരിസ്‌ക കടുവ സങ്കേതം

ആള്‍വാര്‍(രാജസ്ഥാന്‍): രാജസ്ഥാനിലെ ആള്‍വാറിലുള്ള സരിസ്‌ക ദേശീയ ഉദ്യാനത്തില്‍ ST-14 എന്നു പേരുള്ള പെണ്‍പൂലി, രണ്ട് കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയ വാര്‍ത്ത വനം വകുപ്പിനെയും, മൃഗശാലയിലെ അധികൃതരെയും, മൃഗസ്‌നേഹികളെയുമൊക്കെ സന്തോഷിപ്പിച്ചിരിക്കുകയാണ്. രണ്ട് പുതിയ അതിഥികള്‍ കൂടിയെത്തിയതോടെ സരിസ്‌കയിലെ കടുവകളുടെ എണ്ണം 14-ലെത്തുകയും ചെയ്തു. 2005-ല്‍ 0 എന്ന നിലയില്‍നിന്നുമാണ് 2018-ല്‍ 14 എന്ന നിലയിലേക്ക് എത്തിയിരിക്കുന്നത്. ഇപ്പോള്‍ എട്ട് പെണ്‍ പുലികളും, നാല് ആണ്‍ കടുവകളും, രണ്ട് കുഞ്ഞുങ്ങളുമുണ്ട് ഇവിടെ.

പെണ്‍ പുലി പ്രസവിച്ച വിവരം മൃഗശാല അധികൃതര്‍ അറിഞ്ഞത്, സിസിടിവി ക്യാമറ ദൃശങ്ങള്‍ നിരീക്ഷിച്ചപ്പോഴാണ്. ഏപ്രില്‍ ആറിന് റെക്കോഡ് ചെയ്ത ക്യാമറ ദൃശ്യങ്ങളിലാണ് കുഞ്ഞുങ്ങളുമൊത്തു പെണ്‍പുലിയെ കണ്ടതെന്നു സരിസ്‌കയിലെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജി.എസ്. ഭരദ്വാജ് പറഞ്ഞു. കുഞ്ഞുങ്ങള്‍ രണ്ട് മാസം പ്രായമായവയാണ്.

സരിസ്‌ക ദേശീയ ഉദ്യാനത്തെ സംബന്ധിച്ച് പുലി പ്രസവിച്ച വാര്‍ത്ത ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നു കൂടിയാണ്. കാരണം, സമീപകാലത്തായിരുന്നു എസ്ടി-11, എസ്ടി-5 എന്നീ പേരുകളുള്ള രണ്ട് കടുവകളെ നഷ്ടമായത്. ഒന്നിനെ കാണാതാവുകയായിരുന്നു. മറ്റൊരെണ്ണം വന്യജീവി സങ്കേതത്തിലുള്ള മുള്ളു വേലിയില്‍ കുടുങ്ങി കൊല്ലപ്പെടുകയും ചെയ്തു.

അനധികൃത വേട്ടയെ തുടര്‍ന്ന് ഇൗ വന്യജീവി സങ്കേതത്തില്‍ 2005-ല്‍ എല്ലാ കടുവകളെയും കൊന്നൊടുക്കിയിരുന്നു. പിന്നീട് 2008-ലാണു പുനര്‍-ജനസംഖ്യ പദ്ധതി (re-population plan) ആരംഭിച്ചത്. ഇതിന്റെ ഭാഗമായി രാജസ്ഥാനില്‍ തന്നെയുള്ള രത്തമ്പോറില്‍നിന്നും 2008-ല്‍ എട്ട് കടുവകളെ കൊണ്ടുവരികയായിരുന്നു.

Comments

comments

Categories: FK Special, Slider