പരിസ്ഥിതി വേണോ സാമ്പത്തിക അഭിവൃദ്ധി വേണോ ?

പരിസ്ഥിതി വേണോ സാമ്പത്തിക അഭിവൃദ്ധി വേണോ ?

ഫ്രാന്‍സിന്റെ അധികാര പരിധിയിലുള്ള പ്രദേശമാണ് ഫ്രഞ്ച് ഗയാന. ഇവിടെ 920 ഏക്കറിലേറെ വരുന്ന വനപ്രദേശത്ത് ഖനനം നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് മള്‍ട്ടിനാഷണല്‍ കമ്പനി. തൊഴിലില്ലായ്മ രൂക്ഷമായ ഫ്രഞ്ച് ഗയാന പോലൊരു പ്രദേശത്ത് ഖനനം സൃഷ്ടിക്കുന്ന സാമ്പത്തിക അഭിവൃദ്ധി വലുതായിരിക്കും. എന്നാല്‍ അതിലൂടെ സംഭവിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങളും നിസാരമായിരിക്കില്ല.

ഫ്രാന്‍സിനു പുറത്തു സ്ഥിതി ചെയ്യുന്നതും, എന്നാല്‍ ഫ്രാന്‍സിന്റെ അധികാര പരിധിയില്‍ വരുന്നതുമായൊരു പ്രദേശമാണ് ഫ്രഞ്ച് ഗയാന. കിഴക്ക് ബ്രസീലുമായും, തെക്ക് സുരിനാമുമായും അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശം ആമസോണ്‍ വനങ്ങളുടെ ഭാഗം കൂടിയാണ്. ഈ പ്രദേശത്തിന്റെ 90 ശതമാനവും നിബിഡമായ മഴക്കാടുകളാണ്. കുറച്ചു നാളുകളായി ഈ പ്രദേശം അന്താരാഷ്ട്ര ശ്രദ്ധ കൈവരിച്ചിരിക്കുകയാണ്. പാറയില്‍ നിന്നോ ധാതുക്കളില്‍ നിന്നോ വേര്‍തിരിച്ചെടുക്കുന്ന ഉപരിതല ഖനനത്തിന്റെ (open-pit mine) പേരിലാണ് ഏവരുടെയും ശ്രദ്ധ ഇവിടെ പതിഞ്ഞിരിക്കുന്നത്. ജൈവ വൈവിധ്യത്താല്‍ പേരെടുത്ത ഈ പ്രദേശത്തു ഖനനം നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണു മള്‍ട്ടിനാഷണല്‍ കമ്പനി. സ്വര്‍ണ സമ്പന്നമായ മണ്ണ് ഇവിടെയുണ്ടെന്നതാണു കമ്പനിയെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

Montagne d’Or എന്ന പേരിലറിയപ്പെടുന്ന ഈ സ്വര്‍ണ ഖനന പദ്ധതി, ഫ്രാന്‍സിലെ തന്നെ ഏറ്റവും വലിയ ഖനന പദ്ധതിയെന്നാണു വിശേഷിപ്പിക്കുന്നത്. ഫ്രഞ്ച് ഗയാനയില്‍ ഖനനം നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന സ്ഥലത്തുനിന്നും പ്രതിവര്‍ഷം 6.7 ടണ്‍ സ്വര്‍ണം ഖനനം ചെയ്യാനാകുമെന്നാണു കരുതുന്നത്. ഇതാണ് 12 വര്‍ഷമെടുത്ത് ഖനനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് ബില്യന്‍ യൂറോ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്. കാനഡയുടെ കൊളംബസ് ഗോള്‍ഡ്, അലക്‌സി മോര്‍ദാഷോവ് എന്ന റഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നന്റെ ഉടമസ്ഥതിയിലുള്ള, ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ഡ് ഗോള്‍ഡ് തുടങ്ങിയവരുടെ സംയുക്ത സംരംഭമാണ് ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവല്‍ മാക്രോണില്‍നിന്നും ഖനനത്തിനുള്ള അനുമതിക്കായി കാത്തിരിക്കുന്നത്. ഏകദേശം 32 ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ വ്യാപ്തി വരുന്ന വനഭാഗത്ത് ഖനനം നടത്താന്‍ അനുവദിക്കണമെന്നാണു കമ്പനി, ഫ്രഞ്ച് സര്‍ക്കാരിനോട് അപേക്ഷിച്ചിരിക്കുന്നത്. ഖനനത്തെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പിന്തുണയ്ക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരിസ്ഥിതിവാദികളും, തദ്ദേശീയ പ്രമുഖരും ഖനനത്തെ ശക്തിയുക്തം എതിര്‍ക്കുന്നുമുണ്ട്. ഖനനം നടന്നാല്‍ അത് മനാ നദീതടം(river basin) മലിനപ്പെടാന്‍ കാരണമാകുമെന്നും അത് പ്രദേശത്തെ ജൈവവൈവിധ്യത്തിനു ഭീഷണിയാകുമെന്നും അവര്‍ പറയുന്നു. നദീതടം മാത്രമല്ല, വന്യജീവികള്‍ക്കും, തദ്ദേശവാസികള്‍ക്കും ഖനനം ഭീഷണിയായി തീരും.12 വര്‍ഷക്കാലം ഖനനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 57,000 ടണ്‍ സ്‌ഫോടക വസ്തുക്കള്‍, 46,500 ടണ്‍ സൈനെയ്ഡ്, 142 മില്യന്‍ ലിറ്റര്‍ ഇന്ധനം എന്നിവ ഖനനത്തിനായി ഉപയോഗിക്കാനും സാധ്യതയുണ്ടെന്നാണു കണക്ക്. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്ന വാദമാണ് Montagne d’Or ഉയര്‍ത്തുന്നത്.

3500-ലേറെ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും ഈ പദ്ധതി

 

Montagne d’Or പദ്ധതി പ്രദേശം ഫ്രഞ്ച് ഗയാനയിലെ വടക്ക്-പടിഞ്ഞാറ് ഭാഗത്തായിട്ടാണു സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ച് ഗയാനയുടെ തലസ്ഥാനമായ കെയ്‌നില്‍നിന്നും 180 കി.മീ ദൂരമുണ്ട്. ഖനനം സംബന്ധിച്ചുള്ള പാരസ്ഥിതിക, സാമൂഹിക പ്രത്യാഘാതം വിലയിരുത്തിക്കൊണ്ടുള്ള പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത് 2015-ലാണ്. ഖനനത്തില്‍നിന്നും 2021-ാടെ ആദ്യ സ്വര്‍ണം ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. ആദ്യ പത്തുവര്‍ഷം കൊണ്ട് 2,37,000 ഔണ്‍സ് സ്വര്‍ണം ഉത്പാദിപ്പിക്കാനാകുമെന്നും കരുതുന്നുണ്ട്. 12 വര്‍ഷമാണ് ഖനനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയില്‍ കൊളംബസ് ഗോള്‍ഡിന് 45 ശതമാനം ഓഹരിയാണുള്ളത്. നോര്‍ഡ് ഗോള്‍ഡിന് 55 ശതമാനവും. പദ്ധതിയിലൂടെ 658 പേര്‍ക്കു നേരിട്ടും, 3,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കും.

ഒരു വന്‍കിട പദ്ധതി നടപ്പിലാക്കുമ്പോള്‍, അതില്‍ ആദ്യത്തെ നടപടിയെന്നതു പദ്ധതി പ്രദേശത്തെ ജനങ്ങളുമായി കൂടിയാലോചന നടത്തുകയെന്നതാണ്. ഇങ്ങനെ കൂടിയാലോചന നടത്തുമ്പോള്‍ പദ്ധതിക്കെതിരേ എതിര്‍പ്പുണ്ടെങ്കില്‍ അക്കാര്യം വിശദമായി പഠിക്കുകയും ചെയ്യാറുണ്ട്. പിന്നീടായിരിക്കും സര്‍ക്കാര്‍ അനുമതി നല്‍കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. ഇവിടെയും ഈ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഖനനത്തിനു സാമൂഹിക-പാരസ്ഥിതിക പ്രാധാന്യമുള്ളതിനാല്‍ കൂടിയാലോചനകള്‍ ഫ്രഞ്ച് നാഷണല്‍ പബ്ലിക് ഡിബേറ്റ് കമ്മീഷന്റെ നേതൃത്വത്തിലാണു നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഖനനത്തെ കുറിച്ച് ഫ്രഞ്ച് ഗയാനയില്‍ ഒരു പൊതു സംവാദം ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. തദ്ദേശവാസികളില്‍നിന്നും ഖനനത്തിനെതിരേ കടുത്ത എതിര്‍പ്പാണുയരുന്നത്.

‘ അധികൃതവും അനധികൃതവുമായ ഖനനത്തെ തുടര്‍ന്നു വനപ്രദേശം അപകടസ്ഥിതിയിലായിരിക്കുകയാണ്. ഞങ്ങളുടെ പരിസ്ഥിതി പൂര്‍ണമായും മലിനപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ മത്സ്യബന്ധനം നടത്തുന്ന പുഴയില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തുകയുണ്ടായി. ഇവിടെ ഭൂരിഭാഗം പേര്‍ക്കും അസുഖങ്ങളുണ്ട്. കാരണം, ഭക്ഷണശൃംഖല മലിനപ്പെട്ടിരിക്കുന്നു. സാമ്പത്തിക വികസനത്തിന്റെ പേരില്‍ ഇവിടെ ഖനനം അനുവദിക്കരുത്’ തദ്ദേശവാസിയായ അലക്‌സി ടിയുക്ക പറയുന്നു.

സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയിലുള്ള ഉയര്‍ന്ന ഡിമാന്‍ഡും വിലയുമൊക്കെയാണു മള്‍ട്ടിനാഷണല്‍ കമ്പനികളെ ഫ്രഞ്ച് ഗയാനയില്‍ ഖനനം നടത്താന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഫ്രഞ്ച് ഗയാനയ്ക്കു സമീപമുള്ള ബ്രസീലില്‍നിന്നു പോലും ഇവിടെയെത്തി അനധികൃത ഖനനം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. സമീപകാലത്ത് ഫ്രാന്‍സിന്റെ ഫോറസ്റ്റ് മാനേജ്‌മെന്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഫ്രഞ്ച് ഗയാനയില്‍ 500-ാളം സ്ഥലങ്ങളിലായി ഏകദേശം 15,000 അനധികൃത ഖനനം നടക്കുന്നതായിട്ടാണ്.

ഫ്രാന്‍സില്‍ മെര്‍ക്കുറി (രസം എന്ന രാസപദാര്‍ഥം) നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഖനനത്തിന് രസം ഉപയോഗിക്കാറുണ്ട്. ഇതാകട്ടെ പ്രദേശത്തുള്ള നദികളെയും, ഭൂഗര്‍ഭ ജലത്തെയും മലിനപ്പെടുത്തുകയാണ്. ഫ്രഞ്ച് ഗയാനയിലെ ഖനനത്തിനെതിരേ ഒരുവശത്ത് എതിര്‍പ്പുകള്‍ ഉയരുമ്പോള്‍, മറുവശത്ത് അത് സൃഷ്ടിക്കുന്നത് തൊഴിലവസരങ്ങളും സാമ്പത്തിക അഭിവൃദ്ധിയുമാണെന്നത് ഒരു വസ്തുതയാണ്. ഫ്രഞ്ച് ഗയാനയില്‍ തൊഴിലില്ലായ്മ ഫ്രാന്‍സിലുള്ളതിനേക്കാള്‍ ഇരട്ടിയാണ്. ഇവിടെ 25 വയസിനു താഴെയുള്ള 40 ശതമാനം പേരും തൊഴിലില്ലാത്തവരാണ്. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ പദ്ധതിയെ സ്വീകരിക്കാതെ തരമില്ലെന്ന അവസ്ഥയുമുണ്ട്.

 

Comments

comments

Categories: FK Special, Slider