സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥ് അന്തരിച്ചു

സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം: പ്രമുഖ സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസ്സായിരുന്നു. ബുധനാഴ്ച്ച രാവിലെ 10 മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകള്‍ രചിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

കോട്ടയത്ത് സ്‌ക്കൂള്‍ അധ്യാപകനായി ജോലി ചെയ്ത പുഷ്പനാഥ് പിന്നീട് ജോലിയില്‍ നിന്നും വിരമിച്ച് എഴുത്തിന്റെ ലോകത്തേക്ക് തിരിയുകയായിരുന്നു. കോട്ടയം എം.ടി. സെമിനാരി ഹൈസ്‌കൂള്‍, ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പുഷ്പനാഥിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1972ല്‍ ചരിത്രത്തില്‍ ബിരുദമെടുത്തു. അധ്യാപികയായിരുന്ന അമ്മയാണ് പുഷ്പനാഥിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്.

ഇദ്ദേഹത്തിന്റെ കൃതികള്‍ തമിഴ്, തെലുങ്ക്, കന്നഡ മുതലായ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി തുടങ്ങിയ കൃതികള്‍ സിനിമയാക്കിയിരുന്നു. ചുവന്ന മനുഷ്യന്‍ എന്ന ശാസ്ത്ര ഡിറ്റക്ടീവ് നോവലാണ് ആദ്യകൃതി. സംസ്ഥാനത്തെ എല്ലാ പ്രമുഖ ആഴ്ചപ്പതിപ്പുകളിലും തുടര്‍ നോവലുകളെഴുതിയിട്ടുണ്ട്. എഴുത്തിന്റെ ശൈലിയില്‍ വഴിമാറി സഞ്ചരിച്ചയാളാണ് അദ്ദേഹം. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്ന മകന്‍ സലിം പുഷ്പനാഥ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. മറിയാമ്മയാണ് ഭാര്യ. അന്തരിച്ച സലിം പുഷ്പനാഥിനെ കൂടാതെ രണ്ടു മക്കള്‍ കൂടിയുണ്ട്.

ഡ്രാക്കുളക്കോട്ട, കര്‍ദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്‌കോട്ടിലെ നിധി, ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊര്‍ണാഡോ, ഗന്ധര്‍വ്വയാമം, ദേവയക്ഷി, പാരലല്‍ റോഡ്, ലെവല്‍ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്‌ലറുടെ തലയോട്, മന്ത്രമോഹിനി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

 

 

Comments

comments

Categories: Top Stories