കാവസാക്കി വള്‍ക്കന്‍ എസ്സിന് പുതിയ നിറഭംഗി

കാവസാക്കി വള്‍ക്കന്‍ എസ്സിന് പുതിയ നിറഭംഗി

ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍ ഇനി പേള്‍ ലാവ ഓറഞ്ച് നിറത്തിലും ലഭിക്കും

ന്യൂഡെല്‍ഹി : വള്‍ക്കന്‍ എസ് ഇനി പുതിയ നിറത്തില്‍ ലഭിക്കും. പേള്‍ ലാവ ഓറഞ്ച് നിറത്തിലാണ് ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ നിറഭംഗിയില്‍ വരുന്ന വള്‍ക്കന്‍ എസ്സിന് 5,58,400 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് വള്‍ക്കന്‍ എസ്സിനേക്കാള്‍ 10,000 രൂപ കൂടുതല്‍. ഉപയോക്താക്കള്‍ക്കിടയില്‍നിന്ന് വള്‍ക്കന്‍ എസ്സിന് ലഭിക്കുന്ന മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിറം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യ കാവസാക്കി മോട്ടോഴ്‌സ് അറിയിച്ചു. പേള്‍ ലാവ ഓറഞ്ച് നിറത്തിലുള്ള വള്‍ക്കന്‍ എസ്സിന്റെ ബുക്കിംഗ് ഇതിനകം സ്വീകരിച്ചുതുടങ്ങി. പുതിയ 2-ടോണ്‍ പെയിന്റ്‌ജോബ് വള്‍ക്കന്‍ എസ്സിന് കൂടുതല്‍ സ്‌പോര്‍ടി സ്വഭാവം നല്‍കുന്നതാണ്.

പേള്‍ ലാവ ഓറഞ്ച് നിറത്തിലുള്ള വള്‍ക്കന്‍ എസ് ചുരുക്കം രാജ്യങ്ങളില്‍ മാത്രമാണ് ലഭിക്കുന്നത്. ഈ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ കൊണ്ടുവരുന്നത് ഇന്ത്യന്‍ വിപണിയെ തങ്ങള്‍ വലിയ താല്‍പ്പര്യത്തോടെ കാണുന്നു എന്നതിന്റെ തെളിവാണെന്ന് ഇന്ത്യ കാവസാക്കി മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ യുടാക യമാഷിത പറഞ്ഞു. കരുത്തുറ്റതും എളുപ്പം നിയന്ത്രിക്കാവുന്നതുമായ എന്‍ജിന്‍, ലൈറ്റ് വെയ്റ്റ്, ഇന്ധനക്ഷമത തുടങ്ങിയ കാര്യങ്ങളില്‍ മറ്റ് ഏതൊരു ക്രൂസറിനേക്കാളും വ്യത്യസ്തമാണ് വള്‍ക്കന്‍ എസ് എന്ന് അദ്ദേഹം അവകാശപ്പെട്ടു. എര്‍ഗോ-ഫിറ്റാണ് വള്‍ക്കന്‍ എസ്സിന്റെ ഒരു പ്രധാന സവിശേഷത.

പേള്‍ ലാവ ഓറഞ്ച് നിറത്തിലുള്ള വള്‍ക്കന്‍ എസ്സിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി

മെക്കാനിക്കല്‍ കാര്യങ്ങളില്‍ സ്റ്റാന്‍ഡേഡ് വള്‍ക്കന്‍ എസ്സുമായി പേള്‍ ലാവ ഓറഞ്ച് വള്‍ക്കന്‍ എസ്സിന് മാറ്റമില്ല. 649 സിസി, പാരലല്‍-ട്വിന്‍ എന്‍ജിന്‍ 60 ബിഎച്ച്പി കരുത്തും ഏകദേശം 63 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

Comments

comments

Categories: Auto