അദിതി ഗുപ്ത: ആര്‍ത്തവ ചിന്തകളില്‍ നിന്നും സംരംഭം പടുത്തുയര്‍ത്തിയവള്‍

അദിതി ഗുപ്ത: ആര്‍ത്തവ ചിന്തകളില്‍ നിന്നും സംരംഭം പടുത്തുയര്‍ത്തിയവള്‍

ആര്‍ത്തവം എന്ന വാക്ക് പൊതുസമൂഹത്തില്‍ പറയാന്‍ മടിക്കുന്നവരുടെ ഇടയിലേക്ക്, ആര്‍ത്തവത്തെക്കുറിച്ച് മടികൂടാതെ വിവരിക്കാന്‍ സഹായിക്കുന്ന മെന്‍സ്ട്രുപീഡിയ എന്ന മാസിക അവതരിപ്പിച്ചുകൊണ്ടാണ് അഹമ്മദാബാദ് സ്വദേശിനിയായ അദിതി ഗുപ്ത എന്ന യുവതി സാരംഭകയാകുന്നത്. തന്റെ ചെറുപ്പത്തില്‍ വീട്ടില്‍ നിന്നും ആര്‍ത്തവവുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടുത്തലുകളാണ് അദിതിയെ ഇത്തരത്തില്‍ ഒരു വ്യത്യസ്തമായ സംരംഭം തുടങ്ങുന്നതിന് പ്രചോദിപ്പിച്ചത്. ഇന്ന് ഇന്ത്യയൊട്ടാകെയുള്ള സ്‌കൂളുകളില്‍ എല്ലാമാസവും മെന്‍സ്ട്രുപീഡിയ എത്തുന്നു. ഒറ്റമുറി സ്ഥാപനത്തിനുള്ളില്‍ നിന്നും ആശയത്തിന്റെ മാത്രം പിന്‍ബലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച മെന്‍സ്ട്രുപീഡിയയുടെ കഥയിങ്ങനെ….

അഹമ്മദാബാദ് സ്വദേശിനിയായ അദിതി ഗുപ്ത എന്നും സ്ത്രീപക്ഷത്ത് നിന്നും ചിന്തിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഇനിയെന്ത് എന്ന ചിന്തയില്‍ ഇരിക്കുമ്പോഴാണ് തീര്‍ത്തും അവിചാരിതമായി അദിതിയുടെ മനസ്സില്‍ ആര്‍ത്തവത്തെക്കുറിച്ചുള്ള ചിന്തകള്‍ നിറയുന്നത്. തന്റെ ബാല്യകാലത്തും കൗമാരത്തിലും ഒക്കെ അതീവ രഹസ്യമായ എന്തോ കാര്യം എന്ന നിലയ്ക്കാണ് ആര്‍ത്തവത്തെ കുടുംബക്കാര്‍ സമീപിച്ചിരുന്നത് എന്ന് അദിതി ഓര്‍ത്തു.

തന്റെ സഹപാഠികളോടും സുഹൃത്തുക്കളോടും അദിതി ഇതേ വിഷയത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ അവരില്‍ നിന്നും ലഭിച്ച മറുപടിയും ഏറെ ഞെട്ടല്‍ ഉളവാക്കുന്നതായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന, വിവിധ സംസ്‌കാരങ്ങള്‍ ഉള്ള സുഹൃത്തുക്കള്‍ക്ക് ഇക്കാര്യത്തില്‍ ഒരു അഭിപ്രായം തന്നെയാണ് പറയാന്‍ ഉണ്ടായിരുന്നത്. ആര്‍ത്തവം എന്നത് തീര്‍ത്തും രഹസ്യമായി വയ്‌ക്കേണ്ട ഒന്നാണ് എന്നായിരുന്നു എല്ലാവരോടും വീട്ടില്‍ നിന്നും പറഞ്ഞു കൊടുത്തിരുന്നത്. അതിനേക്കാള്‍ രസകരമായ ഒരു കാര്യം , എന്തുകൊണ്ട് ആര്‍ത്തവം ഉണ്ടാകുന്നു എന്ന കാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര അറിവില്ലായിരുന്നു.

വിശ്വാസങ്ങളുടെയും ശുചിത്വത്തിന്റെയും ഭാഗമായാണ് പലപ്പോഴും ആര്‍ത്തവത്തെ ആളുകള്‍ കണ്ടിരുന്നത്. അതിനേക്കാള്‍ കഷ്ടമായിരുന്നു സ്‌കൂളുകളില്‍ ആര്‍ത്തവത്തെ പറ്റിയുള്ള ക്ലാസുകളുടെ കാര്യം. പാഠ്യപദ്ധതിയുടെ ഭാഗമായി നടത്തുന്ന ഇത്തരം അവബോധന ക്‌ളാസുകളില്‍ പലപ്പോഴും പാഠഭാഗം വായിച്ചു വിടുന്ന പോലെ ആര്‍ത്തവത്തെ പറ്റി വായിച്ചു വിടുക മാത്രമാണ് ഉണ്ടായിരുന്നത്. ഇതിലൂടെ കുട്ടികള്‍ക്ക് അവരുടെ ശരീരത്തില്‍ നടക്കുന്ന ജൈവപ്രകൃയയെപ്പറ്റി യാതൊരു വിധത്തിലുള്ള അറിവും ലഭിച്ചിരുന്നില്ല.

ആര്‍ത്തവം എന്നത് അന്നും ഇന്നും എന്നും ഇന്ത്യന്‍ ജനതക്ക് പടിക്കപ്പുറം നിര്‍ത്തേണ്ട പദമാണ്, ഈ വിശ്വാസത്തെ അക്ഷരങ്ങളിലൂടെ പൊളിച്ചെഴുതുകയാണ് അദിതി ആദ്യം ചെയ്തത്. ശരീരത്തിന്റെ തികച്ചും നോര്‍മലായ ഒരു പ്രകൃയ ആണ് ആര്‍ത്തവം എന്ന് ഈ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കോമിക് പുസ്തകങ്ങള്‍ നിര്‍മിക്കുകയാണ് അദിതി ചെയ്തത്

പല ഇന്ത്യന്‍ സംസ്ഥാങ്ങളിലും ഇത് തന്നെ അവസ്ഥ. അധ്യാപകര്‍ക്ക് പോലും വിദ്യാര്‍ത്ഥികളോട് ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടത്താന്‍ മടി. അമ്മമാരുടെ കാര്യമായാലും വലിയ വ്യത്യസം ഒന്നും ഇല്ല. എന്തുകൊണ്ടാണ് ഇത്തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യത്തെ പറയാന്‍ മടിയുള്ള കാര്യമായി കാണുന്നത് എന്ന ചോദ്യത്തിന് അദിതിക്ക് ഉത്തരം ലഭിച്ചില്ല. ശരിയായ ആര്‍ത്തവ വിദ്യാഭ്യാസം ലഭിക്കാത്ത പക്ഷം അനാരോഗ്യകരമായ ഒരു അവസ്ഥയിലേക്ക് സമൂഹം നീങ്ങും എന്നും സ്ത്രീകളുടെ ആരോഗ്യത്തെ തന്നെ ഇത് ബാധിക്കും എന്നും അദിതിക്ക് തോന്നി.

ഈ വിഷയത്തില്‍ തങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് അദിതി സുഹൃത്തായ തുഹിന്‍ പോളുമായി ചര്‍ച്ച നടത്തി. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക അസ്വസ്ഥതകള്‍ , മൂഡ് സ്വിങ്‌സ്, എന്നിവയെക്കുറിച്ചു പറഞ്ഞപ്പോള്‍ തുഹിന് ആകെ അത്ഭുതം. ഇതൊന്നും തനിക്ക് അറിയുന്ന കാര്യമല്ല എന്ന് തുഹിന്‍ പറഞ്ഞപ്പോഴാണ് , ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഇക്കാര്യത്തില്‍ വിദ്യാഭ്യാസം അനിവാര്യമാണ് എന്ന ചിന്ത അദിതിക്ക് ഉണ്ടായത് .

മെന്‍സ്ട്രുപീഡിയ – എ കംപ്ലീറ്റ് പിരീഡ്‌സ് ബുക്ക്

ആര്‍ത്തവം എന്നത് അന്നും ഇന്നും എന്നും ഇന്ത്യന്‍ ജനതക്ക് പടിക്കപ്പുറം നിര്‍ത്തേണ്ട പദമാണ്, ഈ വിശ്വാസത്തെ അക്ഷരങ്ങളിലൂടെ പൊളിച്ചെഴുതുകയാണ് അദിതി ആദ്യം ചെയ്തത്. ശരീരത്തിന്റെ തികച്ചും നോര്‍മലായ ഒരു പ്രകൃയ ആണ് ആര്‍ത്തവം എന്ന് ഈ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കോമിക് പുസ്തകങ്ങള്‍ നിര്‍മിക്കുകയാണ് അദിതി ചെയ്തത്. ആര്‍ത്തവം എന്തെന്നും എങ്ങനെ അതിനെ നേരിടണം എന്നുമുള്ള അറിവ് വളരെ ആരോഗ്യകരമായി കുട്ടികളിലേക്ക് എത്തിക്കുന്നതിനായി മെന്‍സ്ട്രുപീഡിയ എന്ന പേരില്‍ കോമിക് രൂപത്തിലുള്ള പുസ്തകങ്ങള്‍ അദിതി വിപണിയില്‍ ഇറക്കി.

സുഹൃത്തായ തുഹിന്‍ പോളുമായി ചേര്‍ന്നാണ് അദിതി മെന്‍സ്ട്രുപീഡിയ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ആര്‍ത്തവ സംബന്ധമായ കാര്യങ്ങള്‍ കുട്ടികള്‍ക്കു മനസ്സിലാകണമെങ്കില്‍ അവര്‍ക്ക് അറിയാവുന്ന ഭാഷയില്‍ പറയണം.എന്നതായിരുന്നു താന്‍ ഡിസൈന്‍ ചെയ്ത കോമിക് പുസ്തകത്തെ സംബന്ധിച്ച് അദിതി മുറുകെ പിടിച്ച ആദ്യപാഠം . വ്യത്യസ്തങ്ങളായ കഥകളിലൂടെ ആര്‍ത്തവം എന്തെന്നും ഇതെന്നും എങ്ങനെ നേരിടണം എന്നും അദിതി പറഞ്ഞു മനസിലാക്കി.

ഒരു ടീച്ചറും ആര്‍ത്തവപ്രായത്തോട് അടുത്ത വരുന്ന മൂന്നു കുട്ടികളും ആയിരുന്നു കോമിക് പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കുട്ടികളുടെ സംശയങ്ങള്‍ ദുരീകരിക്കുന്ന രീതിയിലായിരുന്നു ചിത്രീകരണം. ടീച്ചറോട് കുട്ടികള്‍ ആര്‍ത്തവസംബന്ധമായ സംശയങ്ങള്‍ ചോദിക്കുന്നു. ടീച്ചര്‍ മറുപടി പറയുന്നു . കോമിക് പുസ്തകത്തിന്റെ ആദ്യപ്രതിക്ക് തന്നെ മികച്ച സ്വീകരണമാണ് ലഭിച്ചത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു മെന്‍സ്ട്രുപീഡിയയുടെ വിപണി.

ആദ്യം സാമൂഹ്യ പ്രസക്തമായ ഒരു കാര്യം എന്ന നിലയ്ക്കാണ് അദിതി തന്റെ ആശയം തുഹിനുമായി പങ്കുവച്ചത് എങ്കിലും പിന്നീട് അതില്‍ വളരെ വ്യക്തമായ ഒരു ബിസിനസ് മോഡല്‍ കണ്ടെത്തുകയായിരുന്നു ഇരുവരും. മെന്‍സ്ട്രുപീഡിയയുടെ ഇംഗ്ലീഷ് പതിപ്പാണ് ആദ്യം വിപണിയില്‍ ഇറക്കിയത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ച് കന്നഡ, ഒറിയ, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി തുടങ്ങിയ ഭാഷകളില്‍ മെന്‍സ്ട്രുപീഡിയ ഇറക്കി.

എന്താണ് ആര്‍ത്തവം എന്ന് വെറും വാക്ക് പറഞ്ഞു പോകാതെ, അതിനു പിന്നിലെ ജൈവിക ഘടകങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുന്നതില്‍ മാസിക വന്‍വിജയമാണ് എന്ന് ഉപഭോക്താക്കളായ കുട്ടികളുടെ അധ്യാപകരും വീട്ടുകാരും പറയുന്നു .

”ഒരു ബിസിനസ് സ്ഥാപനം എന്ന രീതിയില്‍ മികച്ച വളര്‍ച്ച കൈവരിച്ചു എന്നതില്‍ ഉപരിയായി സമൂഹത്തിന് ഗുണകരമായ ഒരു മാറ്റം ഈ മാസികയിലൂടെ കൊണ്ട് വരാന്‍ കഴിഞ്ഞു എന്നതിലാണ് എന്റെ സംതൃപ്തി. ഇപ്പോള്‍ മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആര്‍ത്തവത്തെ പറ്റി സംസാരിക്കുക എന്നത് അവര്‍ക്ക് ബുദ്ധിമുട്ടുള്ള ഒരു കാര്യമായി ഇപ്പോള്‍ തോന്നുന്നില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികളും ഇടയില്‍ ആര്‍ത്തവത്തെ പറ്റിയുള്ള തെറ്റിദ്ധാരണകള്‍ ഇപ്പോള്‍ വലിയ രീതിയില്‍ മാറിയിട്ടുണ്ട്. കോടികള്‍ വിറ്റുവരവുള്ള സ്ഥാപനം എന്ന രീതിയിലേക്ക് മെന്‍സ്ട്രുപീഡിയ മാറിയതിനേക്കാള്‍ എനിക്ക് സന്തോഷം തരുന്ന കാര്യം അതാണ്”

കണ്ണടച്ച് തുറക്കും മുന്‍പുള്ള വളര്‍ച്ച

മികച്ച ഒരു ബിസിനസ് മോഡല്‍ മുന്നോട്ട് വയ്ക്കുക കൂടി ചെയ്തതോടെ കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളിലാണ് മെന്‍സ്ട്രുപീഡിയ വിപണി കണ്ടെത്തിയത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനിങ്ങളിലെ വിദ്യാലയങ്ങളില്‍ നിന്നും മെന്‍സ്ട്രുപീഡിയയ്ക്ക് ആവശ്യക്കാര്‍ വന്നു. ഇതിന് പുറമെ 2013 പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഓണ്‍ലൈന്‍ വിപണിയുടെ സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ട് ഓണ്‍ലൈനിലും ശക്തമായി. 350 രൂപ ഫീസ് അടച്ചാല്‍ ഓണ്‍ലൈന്‍ കോപ്പികള്‍ ലഭ്യമാകും.

ഓണ്‍ലൈനില്‍ മുഖേന ജനങ്ങളിലേക്ക് എത്താന്‍ തുടങ്ങിയതോടെ ഇന്ത്യയ്ക്ക് പുറത്തു നിന്നും ധാരാളം സബ്‌സ്‌ക്രൈബേഴ്‌സിനെ മെന്‍സ്ട്രുപീഡിയയ്ക്ക് കിട്ടി. അമേരിക്കയില്‍ പോലും ഇന്ത്യയില്‍ നിന്നുള്ള ഈ മാസിക സജീവ ചര്‍ച്ച വിഷയമായി. ക്രൗഡ് ഫണ്ടിംഗ് മുഖാന്തിരം 5 .15 ലക്ഷം രൂപ ശേഖരിച്ചാണ് മെന്‍സ്ട്രുപീഡിയ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച ആദ്യ വര്‍ഷം തന്നെ സ്ഥാപനം ബ്രേക്ക് ഈവന്‍ ആയി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച മാസികയ്ക്ക് ദിനം പ്രതി വരിക്കാര്‍ കൂടി വന്നു. ഫോബ്‌സ് മാസിക തെരെഞ്ഞെടുത്ത 30 വയസ്സില്‍ താഴെയുള്ള മികച്ച സംരംഭകരുടെ കൂട്ടത്തില്‍ ഇടം നേടാനും അദിതിക്ക് കഴിഞ്ഞു.

”ഒരു ബിസിനസ് സ്ഥാപനം എന്ന രീതിയില്‍ മികച്ച വളര്‍ച്ച കൈവരിച്ചു എന്നതില്‍ ഉപരിയായി സമൂഹത്തിന് ഗുണകരമായ ഒരു മാറ്റം ഈ മാസികയിലൂടെ കൊണ്ട് വരാന്‍ കഴിഞ്ഞു എന്നതിലാണ് എന്റെ സംതൃപ്തി. ഇപ്പോള്‍ മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആര്‍ത്തവത്തെ പറ്റി സംസാരിക്കുക എന്നത് അവര്‍ക്ക് ബുദ്ധിമുട്ടുള്ള ഒരു കാര്യമായി ഇപ്പോള്‍ തോന്നുന്നില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികളും ഇടയില്‍ ആര്‍ത്തവത്തെ പറ്റിയുള്ള തെറ്റിദ്ധാരണകള്‍ ഇപ്പോള്‍ വലിയ രീതിയില്‍ മാറിയിട്ടുണ്ട്. കോടികള്‍ വിറ്റുവരവുള്ള സ്ഥാപനം എന്ന രീതിയിലേക്ക് മെന്‍സ്ട്രുപീഡിയ മാറിയതിനേക്കാള്‍ എനിക്ക് സന്തോഷം തരുന്ന കാര്യം അതാണ്” മെന്‍സ്ട്രുപീഡിയ സ്ഥാപക അദിതി ഗുപ്ത പറയുന്നു.

ഇനി ആദിനാരിയുടെ കാലം

മെന്‍സ്ട്രുപീഡിയയുടെ വിജയശേഷം, അദിതി ഇപ്പോള്‍ ശ്രദ്ധപതിപ്പിക്കുന്നത് തന്റെ പുതിയ ബ്രാന്‍ഡ് ആയ ആദിനാരിയിലാണ്. പഠിച്ചത് ഫാഷന്‍ ഡിസൈനിംഗ് ആയതിനാല്‍ തന്നെ ആ മേഖലയിലും തന്റെ കഴിവ് പുറത്തെടുക്കാന്‍ ഒരുങ്ങുകയാണ് അദിതി. പൂര്‍ണമായും പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ നിര്‍മിച്ചിരിക്കുന്ന ടെറാക്കോട്ട ആഭരങ്ങളാണ് ആദിനാരിയിലൂടെ അദിതി വിപണിയില്‍ എത്തിക്കുന്നത്. ആദിനാരിയുടെ എക്‌സിബിഷനും വില്പനയും രാജ്യത്തിന്റെ പലഭാഗത്തും നടന്നു വരുന്നു. താമസിയാതെ ഓണ്‍ലൈന്‍ കഴിയും ആദിനാരി ജനങ്ങളിലേക്ക് എത്തും.ദീര്‍ഘനാളത്തെ പരിചയത്തിനും സൗഹൃദത്തിനും ഒടുവില്‍ തുഹിന്‍ പോള്‍ അദിതിയെ വിവാഹം കഴിച്ചു എന്നത് ഈ സംരംഭത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നു.

Comments

comments