അസമില്‍ നിന്നും ലാക്‌മേ ഫാഷനിലേക്കൊരു വിജയയാത്ര

അസമില്‍ നിന്നും ലാക്‌മേ ഫാഷനിലേക്കൊരു വിജയയാത്ര

അസമിലെ ഗ്രാമീണ സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപിച്ച ദി ആന്റ് എന്ന പ്രസ്ഥാനത്തിലൂടെ പരമ്പരാഗത നെയ്ത്തിന്റെ പുനരുജ്ജീവനമാണ് സാധ്യമായത്. കലാപത്തിന്റെ കെടുതികള്‍ മറികടന്ന് മികച്ച ജീവിതം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞ ബോഡോ വനിതകളുടെ നെയ്ത്തു വസ്ത്രങ്ങള്‍ ഇന്ന് അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു

ബോഡോ വംശജര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ തീവ്രവാദം എന്ന പേരാണ് ആദ്യം ഓര്‍മയില്‍ എത്തുക. അത്രകണ്ട് ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമിലെ ബോഡോ തീവ്രവാദ പ്രവര്‍ത്തനങ്ങളും കലാപങ്ങളും. രാജ്യത്ത് പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചതില്‍ അവര്‍ക്കുള്ള പങ്ക് ചെറുതല്ല. ഒരു കാലത്ത് അസമില്‍ ഏറ്റവും കൂടുതല്‍ സ്വയം പര്യാപ്തത നേടിയ വിഭാഗമായിരുന്നു ബോഡോകള്‍. എന്നാല്‍ ആ വിഭാഗത്തിനുവേണ്ടി സംസ്ഥാന രൂപീകരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു നടന്നുവന്ന കലാപങ്ങളും ആഭ്യന്തര കലഹങ്ങളും തീവ്രവാദ സ്വാധീനങ്ങളുമെല്ലാം ആ നാടിനെ ഇല്ലായ്മ ചെയ്തു എന്നു പറയുന്നതാവും ശരി. ഏതൊരു കലാപത്തിന്റെയും യുദ്ധത്തിന്റെയും ഇരകള്‍ ആ നാട്ടിലെ സ്ത്രീകളാണ്. ഭര്‍ത്താക്കന്‍മാരെയും കുട്ടികളെയും നഷ്ടമാകുന്ന അവര്‍ക്ക് ജീവിതം വഴിമുട്ടിപ്പോകുന്ന അനുഭവമാകും പിന്നീടുണ്ടാവുക. കലാപം തച്ചുടച്ചിട്ടും ബോഡോ സ്ത്രീകളിലെ ഒരു വിഭാഗം നടത്തിയ ജീവിത മുന്നേറ്റത്തിന്റെ കഥയാണ് അവര്‍ക്ക് പറയാനുള്ളത്. അസമിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നും ലാക്‌മെ ഫാഷന്‍ വീക്കിന്റെ ഭാഗമായ വിജയത്തിന്റെ മേമ്പൊടിയുള്ള കഥ.

ആഗോറിനൊപ്പം തന്നെ ദി ആന്റ് അവതരിപ്പിച്ച ലാഭേച്ഛയില്ലാത്ത മറ്റൊരു പ്രസ്ഥാനമാണ് ഉദംഗ്ശ്രീ ദേര. നെയ്ത്തുകാരായ പാവപ്പെട്ടവര്‍ക്ക് ജോലി നല്‍കുന്നതിനൊപ്പം സൗജന്യ താമസസൗകര്യവും മിതമായ നിരക്കില്‍ ആഹാരവും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഉദംഗ്ശ്രീയുടെ ഭാഗമായ സ്ത്രീകള്‍ക്ക് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, വായ്പാ തിരിച്ചടവ്, ജീവിത മാര്‍ഗത്തിനായി ചെറിയ ഷോപ്പ് എന്നിവയും സംഘടന നല്‍കുന്നു

ഗ്രാമീണ വികസനം ലക്ഷ്യമിട്ട പ്രവര്‍ത്തനം

കലാപത്തിന്റെ കെടുതികള്‍ കൊടുമ്പിരികൊണ്ടിരുന്ന 2000 ല്‍ ആണ് അസമിലേക്ക് ദൈവദൂതരെപ്പോലെ രണ്ടു പേര്‍ കടന്നുവന്നത്. പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. സുനില്‍ കൗള്‍, അദ്ദേഹത്തിന്റെ ഭാര്യയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജെന്നിഫര്‍ ലിയാംഗ് എന്നിവര്‍ ഗ്രാമീണ വികസനവും സ്ത്രീകളുടെ ഉന്നമനവും മുന്‍നിര്‍ത്തിയാണ് ‘ദി ആന്റ്’ എന്ന സംഘടനയ്ക്ക് തുടക്കമിട്ടത്. അസമില്‍ മറ്റൊരു സ്ഥലത്ത് ഇതിനുമുമ്പ് നടത്തിയ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ബോഡോ തീവ്രവാദികളുടെ കണ്ണിലെ കരടായി മാറിയിരുന്നു. ഇതിനേത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോകലും ഭീഷണിയും സഹപ്രവര്‍ത്തകരിലൊരാളുടെ ജീവന്‍ തന്നെ ബലിനല്‍കേണ്ടിയും വന്നപ്പോള്‍ ആ പദ്ധതി തന്നെ ഉപേക്ഷിക്കുകയായിരുന്നു ഡോ. സുനിലും സംഘവും. നിരവധി ദുരന്തങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ഗ്രാമീണരെ സഹായിക്കുന്നതിലും അവര്‍ക്ക് മികച്ച ജീവിതമാര്‍ഗം ഒരുക്കുന്നതില്‍ നിന്നും അദ്ദേഹത്തെയും ഭാര്യയേയും ആര്‍ക്കും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. തീവ്രവാദികള്‍ക്കു മുന്നില്‍ തല കുനിക്കാന്‍ വിസമ്മതിച്ച ആ ദമ്പതികള്‍ ഭീകരവാദികളുടെ സ്വാധീനമുള്ള അസമിന്റെ മറ്റൊരു ഭാഗത്ത് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. ഏതു വെല്ലുവിളികളെയും നേരിടാനുള്ള ഉറച്ച തീരുമാനമായിരുന്നു അവരുടേത്. ഇവിടെ അവര്‍ക്ക് മറ്റൊരു മികച്ച പിന്തുണ കൂടി ലഭിച്ചു. സര്‍വോദയ മൂവ്‌മെന്റില്‍ പങ്കെടുത്ത് പ്രശസ്തി നേടിയിരുന്ന ഖാദി പ്രവര്‍ത്തകനായ രവീന്ദ്രനാഥ ഉപാധ്യായ് അവരുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അസമിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ദശാബ്ദങ്ങളോളം പ്രവര്‍ത്തിച്ച അനുഭവപരിചയമായിരുന്നു അദ്ദേഹത്തെ ദി ആന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പ്രേരിപ്പിച്ചത്.

തകര്‍ന്നുപോയ ഒരു സമൂഹത്തിന്റെ ഉന്നമനത്തിന് ഒരു സ്ത്രീയുടെ ശക്തി എക്കാലവും തുണയേകാറുണ്ട് എന്ന വിശ്വാസം മുന്‍നിര്‍ത്തിയാണ് ഡോ. സുനിലും ഭാര്യയും അസമിലെ ബോഡോ വനിതകളില്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിത്ത് പാകിയത്.

പരമ്പരാഗത നെയ്ത്തിന് പുനരുജ്ജീവനം

ബോഡോ വനിതകളുടെ ഉന്നമനത്തിനായി ഏത് മേഖലയ്ക്ക് ഊന്നല്‍ നല്‍കണമെന്നതായിരുന്നു തുടക്കത്തില്‍ സംഘടനയുടെ സ്ഥാപകരെ കുഴക്കിയത്. പിന്നീട് ഒരു മികച്ച വരുമാന മാര്‍ഗം കണ്ടെത്തുന്നതിനായി ചില സര്‍വേകളും മറ്റും അവിടങ്ങളില്‍ നടത്തേണ്ടിവന്നു. കൃഷിയാണ് അവിടെയുള്ള ആകെ വരുമാനം. മറ്റൊന്ന് ബോഡോകളുടെ വീടുകളിലെല്ലാം ഒരു നെയ്ത്ത് തറിയുണ്ട് എന്നതാണ്. ബോഡോ സ്ത്രീകള്‍ക്കും അവരുടെ കുടുംബത്തിനും ആവശ്യമായ ചില വസ്ത്രങ്ങള്‍ ഈ നെയ്ത്തു തറികളില്‍ അവിടുത്തെ സ്ത്രീകള്‍ തന്നെ ഒഴിവുസമയത്ത് നെയ്‌തെടുക്കുകയാണ് പതിവ്. അമ്മമാരില്‍ നിന്നും പെണ്‍കുട്ടികളിലേക്ക് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന ഒരു കഴിവ്. ഈ കണ്ടെത്തലാണ് ഇന്നത്തെ ബോഡോകളുടെ ജീവിതം മാറ്റിമറിച്ചത്. ബോഡോ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമായ ഡൊകോണ (ബോഡോ സ്ത്രീകള്‍ അണിയുന്ന സാരി പോലെയുള്ള വസ്ത്രം), ഗൊമോസ (വിവിധ ആവശ്യങ്ങള്‍ക്കായുള്ള ഷാള്‍ പോലെയുള്ള വസ്ത്രം) എന്നിവയുള്‍പ്പെടെ ആവശ്യമായ മറ്റു ചില വസ്ത്രങ്ങളും ഈ തറികളില്‍ വീടുകളില്‍ തന്നെ നെയ്‌തെടുക്കുകയാണ് അവരുടെ രീതി. നെയ്ത്തു ജോലിയിലുള്ള ബോഡോ സ്ത്രീകളുടെ ഈ അറിവ് അവരുടെ ജീവിത വരുമാനത്തിനുള്ള വഴിയാക്കി നല്‍കാനായിരുന്നു സംഘടനയുടെ തീരുമാനം.

വീട്ടാവശ്യത്തിനു മാത്രമായുള്ള നെയ്ത്തിനു പുറമെ ഓരോ വീടുകളിലെയും സ്ത്രീകള്‍ ഇതൊരു വരുമാനമാര്‍ഗമായി സ്വീകരിച്ചാല്‍ അവരുടെ ഉന്നമനം എളുപ്പമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. കൃഷിയില്‍ നിന്നുള്ള വരുമാനം തികയാതെ വരുമ്പോള്‍ അടിയന്തര അവശ്യങ്ങള്‍ക്കായി വായ്പ എടുക്കുകയും സ്വത്ത് വില്‍ക്കാനുമാണ് ഇവര്‍ പണ്ട് തയാറായിരുന്നത്. 2002ല്‍ സുനിലും ജെന്നിയും തങ്ങളുടെ കൈവശമുണ്ടായിരുന്ന പരിമിതമായ നിക്ഷേപത്തില്‍ ഒരു അനൗദ്യോഗിക നെയ്ത്ത് സംരംഭത്തിന് രൂപം നല്‍കി. ബോഡോ സ്ത്രീകളെ ഉള്‍പ്പെടുത്തിയ ഈ നെയ്ത്തു സംരംഭത്തിന്റെ മേല്‍നോട്ടത്തിനും ക്രിയേറ്റീവ് ഡിസൈനിംഗ് നിര്‍ദേശങ്ങള്‍ക്കുമായി ബെംഗളൂരിലെ സുധാമൂര്‍ത്തിയെ നിയമിച്ചു. കണക്കുകൂട്ടല്‍ പിഴച്ചില്ല, നെയ്ത്ത് സംരംഭം വന്‍ വിജയമായിരുന്നു. തുടര്‍ന്ന് 2005ല്‍ ദി ആന്റിന്റെ കീഴില്‍ നിന്നും നെയ്ത്തു സംരംഭത്തെ വേര്‍പെടുത്തി ‘ആഗോര്‍ ദാഗ്ര ആഫാദ്’ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നെയ്ത്തുകാരായ ബോഡോ സ്ത്രീകള്‍ തന്നെയാണ് സ്ഥാപനത്തിന് ആ പേര് നല്‍കിയത്. ബോഡോ ഭാഷയില്‍ ആഗോര്‍(ഡിസൈന്‍) ദാഗ്ര (നെയ്ത്തുകാരി), ആഫാദ് (സംഘടന) എന്നിങ്ങനെയാണ് അര്‍ത്ഥം. ഈ സംഘടനയുടെ എല്ലാ പ്രവര്‍ത്തനവും ഇന്ന് ബോഡോ നെയ്ത്തു വനിതകള്‍ നേരിട്ടാണ് നടത്തുന്നത്.

അന്താരാഷ്ട്ര ശ്രദ്ധ നേടി ബോഡോ വസ്ത്രങ്ങള്‍

വര്‍ഷങ്ങള്‍ക്കുശേഷം 400 ഗ്രാമങ്ങളെ കൂടി ആഗോറിനൊപ്പം കൂട്ടിച്ചേര്‍ക്കാന്‍ ബോഡോ വനിതകള്‍ക്കു കഴിഞ്ഞു. മാത്രമല്ല ട്രൈബല്‍ കോ-ഓപ്പറേറ്റിവ് മാര്‍ക്കറ്റിംഗ് ഡെവലപ്പ്‌മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ ഭീമമായ ഓര്‍ഡറും കയറ്റുമതി ഓര്‍ഡറും നേടിയെടുക്കാനായി. ബോഡോ സ്ത്രീകള്‍ക്ക് അവരുടെ വീടുകളിലിരുന്ന് ഒഴിവു സമയത്തും ജോലിയിലേര്‍പ്പെട്ട് മികച്ച വരുമാനം നേടാനാകുന്നു എന്നതാണ് പ്രധാന സവിശേഷത. ആഗോര്‍ തങ്ങളുടെ നെയ്ത്തുകാര്‍ക്കെല്ലാം നിലവില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. സൗജന്യ ഹോസ്പിറ്റല്‍ ചികില്‍സ, അടിയന്തര ചികില്‍സാ സഹായം എന്നിവയെല്ലാം ലഭ്യമാക്കുന്നതിനാല്‍ ബോഡോ വനിതകള്‍ക്ക് ഇന്നു കടബാധ്യതയില്ലാതെ മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ കഴിയുന്നുണ്ട്.

ആഗോറിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ബോഡോ സ്ത്രീകള്‍ക്കിടയില്‍ ജീവിതവിജയം നേടിയവര്‍ നിരവധിയുണ്ട്. 35 കാരിയായ അന്‍സാലി ബസുമതേരി വിധവയായശേഷം തന്റെ മൂന്നു മക്കളെ വളര്‍ത്തുന്നത് ഈ നെയ്ത്തു ജോലിയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ്. ആഗോര്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് അന്‍സാലി. വിധവയായ ശേഷം നാലു മക്കളെ വളര്‍ത്താന്‍ ഭിക്ഷ യാചിച്ചു നടന്ന സന്ദേശ്വരി ബര്‍മന്‍ ഇന്ന് ആഗോറിനൊപ്പം ചേര്‍ന്ന് മികച്ച വരുമാനം നേടി ഒരു വീട് സ്വന്തമാക്കിയിരിക്കുന്നു. കടബാധ്യത കാരണം ഭര്‍ത്താവ് തന്നെയും മക്കളെയും ഉപേക്ഷിച്ചുപോയ കഥയാണ് ചിംഗ്‌രിംഗ് ബോറോയ്ക്കു പറയാനുണ്ടായിരുന്നത്. കുട്ടികള്‍ക്കൊപ്പം ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നറിയാതെ നിന്ന അവര്‍ക്കു തുണയായതും ആഗോറിലെ നെയ്ത്തുജോലികളാണ്. ഇന്ന് സ്വന്തമായി വരുമാനം കണ്ടെത്തി കടബാധ്യത തീര്‍ത്ത് വീട് പുലര്‍ത്താന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഈ ബോഡോ വനിത.

2007ല്‍ ആഗോറിലെ വസ്ത്രങ്ങള്‍ക്കായി ബെംഗളൂരില്‍ ഒരു ഷോപ്പ് തുറക്കുന്നതു വരെയെത്തിയിരിക്കുന്നു ബോഡോ നെയ്ത്തു വനിതകളുടെ വിജയയാത്ര. മില്ലിപ്പിഡ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പലിശരഹിത വായ്പ ലഭ്യമാക്കിയാണ് ഷോപ്പ് തുടങ്ങിയത്. ബോഡോ വനിതകള്‍ നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ക്കൊപ്പം കരകൗശല വസ്തുക്കളും ഈ ഷോപ്പ് വഴി വിപണനം ചെയ്യുന്നുണ്ട്.

2016ല്‍ ആഗോറിലെ വസ്ത്രങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടി മുംബൈയില്‍ നടന്ന ലാക്‌മെ ഫാഷന്‍ വീക്കില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് അവരെ സംബന്ധിച്ചുള്ള പ്രധാന നേട്ടം. ഈ പരിപാടിയില്‍ പ്രശസ്ത ഡിസൈനര്‍ അദിതി ഹോലാനി ചന്ദക് ആണ് അന്തരാഷ്ട്ര വിദഗ്ധര്‍ അടങ്ങുന്ന സദസിനു മുന്നില്‍ ആഗോറില്‍ നിന്നുള്ള കൈകൊണ്ടു നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ അവതരിപ്പിച്ചത്.

നെയ്ത്തു വസ്ത്രങ്ങള്‍ക്കൊപ്പം മുളയുല്‍പ്പന്നങ്ങളും

ആഗോറിനൊപ്പം തന്നെ ദി ആന്റ് അവതരിപ്പിച്ച ലാഭേച്ഛയില്ലാത്ത മറ്റൊരു പ്രസ്ഥാനമാണ് ഉദംഗ്ശ്രീ ദേര. നെയ്ത്തുകാരായ പാവപ്പെട്ടവര്‍ക്ക് ജോലി നല്‍കുന്നതിനൊപ്പം സൗജന്യ താമസസൗകര്യവും മിതമായ നിരക്കില്‍ ആഹാരവും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഉദംഗ്ശ്രീയുടെ ഭാഗമായ സ്ത്രീകള്‍ക്ക് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, വായ്പാ തിരിച്ചടവ്, ജീവിത മാര്‍ഗത്തിനായി ചെറിയ ഷോപ്പ് എന്നിവയും സംഘടന നല്‍കുന്നു.

നെയ്ത്ത് വസ്ത്രങ്ങള്‍ക്കൊപ്പം തന്നെ വീടുകള്‍ക്കിണങ്ങുന്ന അലങ്കാര വസ്തുക്കളിലൂടെയും മികച്ച വരുമാനം നേടാന്‍ സ്ത്രീകളെ ഇവര്‍ സഹായിക്കുന്നു. ബോഡോ സ്ത്രീകള്‍ മുളയിലും മറ്റും തീര്‍ക്കുന്ന വിവിധ കരകൗശല വസ്തുക്കളും ആന്റിന്റെ ബെംഗളൂരുവിലുള്ള ക്രാഫ്റ്റ് ഷോപ്പിലൂടെ വിപണനം ചെയ്യുന്നുണ്ട്.

പണ്ട് വീട്ടുജോലിയിലും മറ്റും ഏര്‍പ്പെട്ടിരുന്ന 75 ശതമാനം സ്ത്രീകളും നെയ്ത്തു സംരംഭത്തിന്റെ ഭാഗമായ ശേഷം ഇത്തരം ജോലികള്‍ക്കായി മറ്റു വീടുകളില്‍ പോകാറില്ല. നെയ്ത്തുകാരുടേയും മറ്റു സ്റ്റാഫുകളുടേയും വേതനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 5.5 കോടി രൂപയാണ് ആന്റ് ഇതിനോടകം ചെലവഴിച്ചിരിക്കുന്നത്. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പിന്തുണയും നിക്ഷേപവും ലഭിക്കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ഡോ. സുനിലും സംഘവും. ചെറുതെങ്കിലും ഗ്രാമീണ ഉന്നമനത്തിനായി ഇത്രയൊക്കെ ചെയ്യാന്‍ കഴിയുന്നതിലാണ് ഇവരുടെ സംതൃപ്തി.

Comments

comments

Categories: FK Special, Slider