ഒരു ലക്ഷം രൂപയില്‍ താഴെ വില വരുന്ന അഞ്ച് മികച്ച ബൈക്കുകള്‍

ഒരു ലക്ഷം രൂപയില്‍ താഴെ വില വരുന്ന അഞ്ച് മികച്ച ബൈക്കുകള്‍

താങ്ങാവുന്ന വിലയില്‍ കൂടുതല്‍ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ വിപണിയില്‍ ഉണ്ടാകണമെന്നാണ് മിക്കവരും ആഗ്രഹിക്കുന്നത്. ഒരു ലക്ഷം രൂപയില്‍ താഴെ വില വരുന്ന ആകര്‍ഷക മോഡലുകള്‍ നിലവില്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ലഭ്യമാണ്. ഒരു ലക്ഷം രൂപയില്‍ താഴെ ഡെല്‍ഹി എക്‌സ് ഷോറൂം വില വരുന്ന അഞ്ച് മികച്ച ബൈക്കുകളാണ് താഴെ കൊടുക്കുന്നത്.

ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്‍

2018 ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്‍ ഇന്ത്യയില്‍ പുറത്തിറക്കിക്കഴിഞ്ഞു. 2018 മോഡലിന്റെ സ്‌റ്റൈലിംഗ് മുന്‍ഗാമിയുടേതിന് സമാനമാണെങ്കിലും പുതിയ കളര്‍ ഓപ്ഷനുകളും റീസ്‌റ്റൈല്‍ ചെയ്ത ഗ്രാഫിക്‌സും ഇപ്പോള്‍ ലഭിച്ചിരിക്കുന്നു. എല്‍ഇഡി ഹെഡ്‌ലൈറ്റാണ് പ്രധാന ഡിസൈന്‍ സവിശേഷത. ഹോണ്ട എക്‌സ് ബ്ലേഡ് കഴിഞ്ഞാല്‍ 160 സിസി സെഗ്മെന്റില്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ് ലഭിച്ച രണ്ടാമത്തെ മോട്ടോര്‍സൈക്കിളാണ് ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്‍. മുന്‍ഗാമിയിലെ അതേ ഓള്‍ ഡിജിറ്റല്‍ കണ്‍സോള്‍ 2018 മോഡലിലും കാണാം. എന്നാല്‍ റീഡിസൈന്‍ ചെയ്ത ഹൗസിംഗ് സവിശേഷതയാണ്. നീല നിറത്തിന് പകരം ആംബറാണ് ഇപ്പോള്‍ ബാക്ക്‌ലൈറ്റ്. അതേസമയം, എക്‌സ്-ബ്ലേഡില്‍ കണ്ട ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ സിബി ഹോര്‍ണറ്റ് 160ആറില്‍ ഹോണ്ട നല്‍കിയില്ല. മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. 2017 മോഡല്‍ ഹോണ്ട സിബി ഹോര്‍ണറ്റ് 160ആറിലെ അതേ 162.7 സിസി, എയര്‍ കൂള്‍ഡ് മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 14.9 എച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 14.5 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ജോലികള്‍ ചെയ്യുന്നത്. ഓപ്ഷണല്‍ എക്‌സ്ട്രാ ആയി എബിഎസ് ലഭിക്കുന്ന 160 സിസി സെഗ്മെന്റിലെ ആദ്യ മോട്ടോര്‍സൈക്കിളാണ് 2018 സിബി ഹോര്‍ണറ്റ് 160ആര്‍. എന്നാല്‍ സിംഗിള്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റമാണ്നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേഡ് വേരിയന്റിന് 84,675 രൂപയും സിബിഎസ് വേരിയന്റിന് 89,175 രൂപയും എബിഎസ് സ്റ്റാന്‍ഡേഡ് വേരിയന്റിന് 90,175 രൂപയും എബിഎസ് ഡീലക്‌സ് വേരിയന്റിന് (റിയര്‍ ഡിസ്‌ക് ബ്രേക്ക്) 92,675 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ബജാജ് അവഞ്ചര്‍ 220

2005 ല്‍ അരങ്ങേറ്റം നടത്തിയതുമുതല്‍ ഇന്ത്യന്‍ നിര്‍മ്മിത ക്രൂസര്‍ മോട്ടോര്‍സൈക്കിളുകളില്‍ പ്രഥമ ഗണനീയനാണ് ബജാജ് അവഞ്ചര്‍. 2018 അവഞ്ചര്‍ 220 ലൈനപ്പ് ബജാജ് ഓട്ടോ ഇതിനകം അനാവരണം ചെയ്തു. പരിഷ്‌കാരങ്ങളുടെ ഭാഗമായി ക്രൂസിനും സ്ട്രീറ്റിനും പുതുതായി എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ലഭിച്ചു. രണ്ട് ക്രൂസര്‍ മോട്ടോര്‍സൈക്കിളുകളുടെയും ഹെഡ്‌ലൈറ്റ് ഡിസൈന്‍ ശ്രദ്ധേയമാണ്. സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, രണ്ട് ട്രിപ്പ് മീറ്ററുകള്‍, ഫ്യൂവല്‍ ഗേജ്, സര്‍വീസ് റിമൈന്‍ഡര്‍ എന്നിവയോടെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പോഡാണ് മറ്റൊരു പ്രധാന മാറ്റം. ക്രൂസില്‍ നീലയാണ് ബാക്ക്‌ലൈറ്റ് എങ്കില്‍ സ്ട്രീറ്റില്‍ ഓറഞ്ച് നിറമാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പോഡില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് തടയുന്നതിനായി അല്‍പ്പം ഉയരമുള്ള ഷ്രൗഡ് നല്‍കിയിരിക്കുന്നു. പുതിയ ബോഡി ഗ്രാഫിക്‌സ്, വൈസര്‍, സ്ട്രീറ്റില്‍ പുതിയ ഗ്രാബ് റെയില്‍, ക്രൂസില്‍ സിസ്സി ബാര്‍ ബാക്ക്‌റെസ്റ്റ് എന്നിവ കാണാം. രണ്ട് മോഡലുകള്‍ക്കും പുതിയ പെയിന്റ് സ്‌കീം നല്‍കിയിട്ടുണ്ട്. സ്ട്രീറ്റിന് മാറ്റ് വൈറ്റ് നല്‍കിയപ്പോള്‍ ക്രൂസിന് ലഭിച്ചത് മൂണ്‍ വൈറ്റ്. രണ്ട് ബൈക്കുകളുടെയും മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. 220 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 8,400 ആര്‍പിഎമ്മില്‍ 19.03 എച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 17.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. എബിഎസ് ലഭിക്കണമെന്ന രണ്ട് ബൈക്കുകളുടെയും മോഹം മോഹമായിതന്നെ അവശേഷിക്കുന്നു. 94,464 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി

അപ്പാച്ചെ ആര്‍ടിആര്‍ 200 4വി എന്ന പേര് സൂചിപ്പിക്കുന്നതുപോലെ, 4 വാല്‍വ് ഹെഡ് സഹിതം 197.75 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ ആന്‍ഡ് ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ബൈക്ക് ഉപയോഗിക്കുന്നത്. 8,500 ആര്‍പിഎമ്മില്‍ 20.5 എച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 18.1 എന്‍എം ടോര്‍ക്കുമാണ് കാര്‍ബുറേറ്റഡ് വേര്‍ഷനിലെ എന്‍ജിന്‍ പുറത്തെടുക്കുന്നത്. റേസിംഗ് ആവശ്യങ്ങള്‍കൂടി കണക്കിലെടുത്ത് പിന്നില്‍ കെവൈബി മോണോഷോക്ക്, പിറേലി ടയറുകള്‍, ഡുവല്‍ ചാനല്‍ എബിഎസ് എന്നിവ നല്‍കിയിരിക്കുന്നു. കാര്‍ബുറേറ്റഡ്, ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ വേരിയന്റുകളില്‍ ബൈക്ക് ലഭിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുമെന്നതിനാല്‍ ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ (ഇഎഫ്‌ഐ) വേരിയന്റിനെക്കുറിച്ച് വിശദീകരിക്കുന്നില്ല. എആര്‍ടി (ആന്റിറിവേഴ്‌സ് ടോര്‍ക്ക്) സ്ലിപ്പര്‍ ക്ലച്ച്, പുതിയ ഡീകാളുകള്‍, ഫ്‌ളൈ സ്‌ക്രീന്‍ എന്നിവയാണ് ആര്‍ടിആറിന് പരിഷ്‌കരിച്ച പതിപ്പില്‍ ലഭിച്ചത്. ആര്‍ടിആര്‍ 200 4വി യുടെ നാല് വേരിയന്റുകളില്‍ ഒന്ന് മാത്രമാണ് ഒരു ലക്ഷം രൂപയില്‍താഴെ വിലയുള്ളത്. കാര്‍ബുറേറ്റഡ് ബേസ് വേരിയന്റിന് 95,185 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ബജാജ് പള്‍സര്‍ 200എന്‍എസ്

കെടിഎം 200 ഡ്യൂക്കിലെ അതേ 199.5 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ബിഎസ് 4 എന്‍ജിനാണ് ബജാജ് പള്‍സര്‍ 200 എന്‍എസ്സിന് കരുത്തേകുന്നത്. 9,500 ആര്‍പിഎമ്മില്‍ 23.5 എച്ച്പി കരുത്തും 8,000 ആര്‍പിഎമ്മില്‍ 18.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പേറ്റന്റ് നേടിയ ബജാജിന്റെ ട്രിപ്പിള്‍ സ്പാര്‍ക്പ്ലഗ് സാങ്കേതികവിദ്യ എന്‍ജിന്റെ സവിശേഷതയാണ്. അതിവേഗ ആക്‌സലറേഷന് സഹായിക്കുന്നതാണ് പള്‍സറിലെ ഷോര്‍ട്ട് സ്‌ട്രോക്ക് മോട്ടോര്‍. തിരക്കേറിയ നഗരവീഥികള്‍, ഹൈവേകള്‍, മലമ്പാതകള്‍ തുടങ്ങി ഏതുതരം റോഡുകളിലൂടെ സഞ്ചരിക്കുമ്പോഴും മികച്ച ഹാന്‍ഡ് ലിംഗ് ഉറപ്പാക്കും. സബ്200 സിസി സെഗ്മെന്റില്‍ പള്‍സര്‍ 200എന്‍എസ്സിന്റെ പെര്‍ഫോമന്‍സിനെ വെല്ലുന്ന മറ്റൊരുവനെ കണ്ടുമുട്ടുക പ്രയാസമാണ്. 98,714 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എബിഎസ് വേരിയന്റിന് ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വില വരും.

സുസുകി ജിക്‌സര്‍/എസ്എഫ്

ഒന്നാന്തരം റൈഡിംഗ് അനുഭവമാണ് സുസുകി ജിക്‌സര്‍, ഫെയേര്‍ഡ് വേരിയന്റായ ജിക്‌സര്‍ എസ്എഫ് മോട്ടോര്‍സൈക്കിളുകള്‍ സമ്മാനിക്കുന്നത്. എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 14.8 എച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. പ്രായോഗികതയിലും തീരെ പിന്നിലല്ല. 135 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. റിയര്‍ ഡിസ്‌ക് ബ്രേക്ക് ഇപ്പോള്‍ ഓപ്ഷണലാണ്. ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ (ഇഎഫ്‌ഐ), ഓപ്ഷണല്‍ എബിഎസ് എന്നിവയാണ് ഫെയേര്‍ഡ് മോഡലായ ജിക്‌സര്‍ എസ്എഫിന്റെ വിശേഷങ്ങള്‍. ജിക്‌സര്‍ റിയര്‍ ഡിസ്‌ക് വേരിയന്റിന് 80,929 രൂപയും ജിക്‌സര്‍ എസ്എഫ് എബിഎസ് വേരിയന്റിന് 96,386 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto