ഹോണ്ട നവി പരിഷ്‌കരിക്കുന്നതായി എച്ച്എംഎസ്‌ഐ

ഹോണ്ട നവി പരിഷ്‌കരിക്കുന്നതായി എച്ച്എംഎസ്‌ഐ

ഉല്‍പ്പാദനം അവസാനിപ്പിച്ചിട്ടില്ല. കൂടുതല്‍ കരുത്തും ഫീച്ചറുകളും ഇന്ധനക്ഷമതയുമായിരിക്കും പരിഷ്‌കരിച്ച ഹോണ്ട നവിയുടെ പ്രത്യേകതകള്‍

ന്യൂഡെല്‍ഹി : ഹോണ്ട നവിയുടെ ഉല്‍പ്പാദനം നിര്‍ത്തിയിട്ടില്ലെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ). നവിയുടെ ഉല്‍പ്പാദനം ആരുമറിയാതെ ഹോണ്ട നിര്‍ത്തിയതായി ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാര്‍ച്ചില്‍ ഉല്‍പ്പാദനം നടന്നിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നവിയുടെ വില്‍പ്പന തുടരുന്നതായും ഉല്‍പ്പാദനം അവസാനിപ്പിച്ചിട്ടില്ലെന്നും എച്ച്എംഎസ്‌ഐ അറിയിച്ചു. മോഡലിന്റെ ഉല്‍പ്പാദനം മന്ദഗതിയിലായത് താല്‍ക്കാലികം മാത്രമാണ്. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനാണ് ലിറ്റില്‍ ബൈക്കിന്റെ ഉല്‍പ്പാദനത്തില്‍ ഇടവേള നല്‍കിയതെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

കൂടുതല്‍ കരുത്തും കൂടുതല്‍ ഫീച്ചറുകളും കൂടുതല്‍ ഇന്ധനക്ഷമതയുമായിരിക്കും പരിഷ്‌കരിച്ച ഹോണ്ട നവിയുടെ പ്രത്യേകതകള്‍. കൂടുതല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ നല്‍കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനിയുടെ ഡിസൈന്‍ വിഭാഗം. ഇവയില്‍ ചിലത് ബൈക്കിന്റെ എക്‌സ് ഷോറൂം വിലയില്‍ ഉള്‍പ്പെടുത്തും. രണ്ട് പുതിയ കളര്‍ സ്‌കീമുകളും പ്രതീക്ഷിക്കുന്നു. 2016 ല്‍ ആദ്യം പുറത്തിറക്കിയപ്പോള്‍ ഹോണ്ട നവി കൗതുകക്കാഴ്ച്ചയായിരുന്നു. ആകര്‍ഷകമായ വിലയും വ്യത്യസ്ത ലുക്കുകളുമായിരുന്നെങ്കിലും ഹോണ്ടയുടെ മറ്റ് സ്‌കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വേണ്ടത്ര വില്‍പ്പന നേടാന്‍ കഴിഞ്ഞില്ല.

കൂടുതല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ നല്‍കാനുള്ള ശ്രമത്തിലാണ് ഡിസൈന്‍ വിഭാഗം. രണ്ട് പുതിയ കളര്‍ സ്‌കീമുകളും പ്രതീക്ഷിക്കുന്നു

ഫ്രെയിം, 109 സിസി എന്‍ജിന്‍ തുടങ്ങി ആക്റ്റിവ സ്‌കൂട്ടറിന്റെ അണ്ടര്‍പിന്നിംഗ്‌സാണ് നവി ഉപയോഗിക്കുന്നത്. എന്നാല്‍ മങ്കി ബൈക്ക് എന്നറിയപ്പെടുന്ന ഹോണ്ട ഇസഡ് സീരീസില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് രൂപകല്‍പ്പന. ഹോണ്ട ഗ്രോം മോട്ടോര്‍സൈക്കിളുമായും താരതമ്യം ചെയ്യുന്നു. എന്നാല്‍ ഈ രണ്ട് മോഡലുകള്‍ മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്‌ഫോമുകളില്‍ നിര്‍മ്മിച്ചതാണെങ്കില്‍ നവി അങ്ങനെയല്ല. വിപണിയില്‍ അവതരിപ്പിച്ച അതേ നിലയിലാണ് നവി ഇപ്പോഴും. ബിഎസ്-4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിച്ചു എന്നത് മാത്രമായിരുന്നു മാറ്റം. അതുകൊണ്ടുതന്നെ പരിഷ്‌കരണ നടപടികള്‍ മോട്ടോ-സ്‌കൂട്ടറിന് പുതിയ ഊര്‍ജ്ജം നല്‍കും. 2018-19 ല്‍ പതിനെട്ട് മോഡലുകള്‍ പരിഷ്‌കരിക്കുമെന്ന് ഹോണ്ട നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ഹോണ്ട നവി.

Comments

comments

Categories: Auto