ഇന്ത്യ സ്‌കില്‍സ് കേരള2018

ഇന്ത്യ സ്‌കില്‍സ് കേരള2018

നൈപുണ്യ മത്സരങ്ങള്‍  ഇന്നാരംഭിക്കും

കൊച്ചി:ഇന്ത്യ സ്‌കില്‍സ് കേരള2018 സംസ്ഥാനതല നൈപുണ്യ മത്സരങ്ങള്‍ ഇന്ന് മറൈന്‍ഡ്രൈവില്‍ ആരംഭിക്കും. നൈപുണ്യ മത്സരങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ആകര്‍ഷകമായ പ്രദര്‍ശന സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.

മൂന്ന് വ്യത്യസ്ത മേഖലകളിലായാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. നൈപുണ്യ മേഖലയില്‍ കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സു(കെയ്‌സ്)മായി പങ്കാളിത്തമുള്ള കമ്പനികള്‍, നൈപുണ്യത്തിലെ മികച്ച കലാപ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങള്‍, നൈപുണ്യ മേഖലയിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ എന്നിവയുടെ സ്റ്റാളുകളാണ് കൊച്ചി മറൈന്‍ഡ്രൈവില്‍ ഒരുക്കുന്നത്.

സന്ദര്‍ശകര്‍ക്ക് ഒരു സൈക്കിള്‍ അഴിച്ച് ഭാഗങ്ങളാക്കിയശേഷം കൂട്ടിയോജിപ്പിക്കുന്ന സൈക്കിളിംഗ് മാന്റ്‌ലിംഗ് എന്ന മത്സരമുണ്ടായിരിക്കും. ഏറ്റവും കുറഞ്ഞ സമയത്ത് ഇത് ചെയ്യുന്നയാള്‍ക്ക് സമ്മാനം നല്‍കും. വെല്‍ഡിംഗ് സിമുലേറ്ററുകളും പെയിന്റിംഗ് സിമുലേറ്ററുകളുമടങ്ങുന്ന സ്‌കില്‍ വേരി, നൂതന രീതിയിലുള്ള നെയ്ത്ത് കാണാവുന്ന പിറ്റ്‌ലൂം, ഗ്രാഫിക്‌സ്, ഗെയിംസ്, ആനിമേഷന്‍ എന്നിവ സജ്ജമാക്കിയിട്ടുള്ള മീഡിയ എസ്എസി, ജെംസ് ആന്‍ഡ് ജ്വല്ലറി എന്നിങ്ങനെയുള്ള സ്റ്റാളുകളാണ് ഡെമോണ്‍സ്‌ട്രേഷന്‍ വിഭാഗത്തിലുള്ളത്. മാന്‍ഹോള്‍ ക്ലീനിംഗ് റോബോട്ടായ ബാന്‍ഡിക്കൂട്ടിന്റെ പ്രദര്‍ശനവുമായി ജെന്‍ റോബോട്ടിക്‌സും മത്സരവേദിക്ക് നിറം പകരും.

മത്സരങ്ങളുടെ ആദ്യ ദിനമായ നാളെ ആറരയ്ക്ക് ‘മാറുന്ന ലോകത്തില്‍ സംരഭകത്വവും തൊഴിലും ‘എന്ന വിഷയത്തില്‍ സെമിനാറും ചര്‍ച്ചയും നടക്കും. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്് വിവേക് ഗോവിന്ദ്, ഫിക്കി കേരള ശാഖാ കോ ചെയര്‍മാന്‍ ദീപക് എല്‍ അശ്വനി, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍ ഡോ. എന്‍ എം ഷറഫുദ്ദീന്‍, ടൈ ചാര്‍ട്ടര്‍ അംഗവും മുന്‍ പ്രസിഡന്റുമായ എസ് ആര്‍ നായര്‍ എന്നിവരാണ് ചര്‍ച്ച നയിക്കുക.

വ്യവസായ പരിശീലന വകുപ്പും തൊഴില്‍വകുപ്പിന്റെ കീഴിലുള്ള കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും (കെയിസ്) ചേര്‍ന്നാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി ‘ഇന്ത്യ സ്‌കില്‍സ് കേരള 2018’ എന്ന പേരിലുള്ള നൈപുണ്യ മത്സരങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം വമ്പിച്ച യുവജനപങ്കാളിത്തത്തോടെ നടത്തിവന്നിരുന്നത്.

ജില്ലാതല മത്സരങ്ങളിലും തുടര്‍ന്ന് മേഖലാതല മത്സരങ്ങളിലും വിജയിച്ചവരാണ് സംസ്ഥാനതല മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. മേഖലാതല മല്‍സരത്തില്‍നിന്ന് രണ്ടുപേരെ വീതം ഓരോ നൈപുണ്യ മേഖലയിലെയും സംസ്ഥാനതല മല്‍സരത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്.

മത്സരങ്ങളും ഫിനാലെയും ഇന്ന് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Comments

comments

Categories: Business & Economy