ഡയറക്റ്റ് സെല്ലിംഗ് വിപണിയില്‍ കരുത്ത് കാട്ടി ദക്ഷിണേന്ത്യ

ഡയറക്റ്റ് സെല്ലിംഗ് വിപണിയില്‍ കരുത്ത് കാട്ടി ദക്ഷിണേന്ത്യ

രാജ്യത്തെ ഡയറക്റ്റ് സെല്ലിംഗ് വിപണിയില്‍ ദക്ഷിണേന്ത്യയുടെ സംഭാവന 23.6 ശതമാനം വരും

ബെംഗളൂരു: ഇന്ത്യന്‍ ഡയറക്റ്റ് സെല്ലിംഗ് വിപണിയില്‍ മൊത്തം വില്‍പനയുടെ 23.6 ശതമാനം വിഹിതം ദക്ഷിണേന്ത്യയുടേതെന്ന് കണക്കുകള്‍. തമിഴ്‌നാടിനാണ് ഏറ്റവും വലിയ വിപണി പങ്കാളിത്തം. ദക്ഷിണേന്ത്യന്‍
ഡയറക്റ്റ് സെല്ലിംഗ് വിപണിയില്‍ തമിഴ്‌നാടിന് 37.5 ശതമാനം വിപണി വിഹിതമാണുള്ളതെന്ന് കണക്കുകള്‍ പറയുന്നു. കര്‍ണാടകയ്ക്ക് 33.2 ശതമാനവും.

8.42 ശതമാനത്തിന്റെ ക്രമാനുഗത വാര്‍ഷിക വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഡയറക്റ്റ് സെല്ലിംഗ് വ്യവസായം കൈവരിച്ചത്

ദേശീയതലത്തിലുള്ള ഡയറക്റ്റ് സെല്ലിംഗ് വിപണിയില്‍ കേരളത്തിന്റെ വിഹിതം 1.96 ശതമാനമാണെന്ന് ഐഡിഎസ്എ(ഇന്ത്യന്‍ ഡയറക്റ്റ് സെല്ലിംഗ് അസോസിയേഷന്‍) വാര്‍ഷിക റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
8.42 ശതമാനത്തിന്റെ ക്രമാനുഗത വാര്‍ഷിക വളര്‍ച്ചയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഡയറക്റ്റ് സെല്ലിംഗ് വ്യവസായം കൈവരിച്ചത്. എന്നാല്‍ ഡയറക്റ്റ് സെല്ലിംഗ് വ്യവസായം കടുത്ത വെല്ലുവിളികളെ നേരിടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ ഡയറക്റ്റ് സെല്ലിംഗ് ഉല്‍പന്നങ്ങള്‍ ഡയറക്റ്റ് സെല്ലിംഗ് ഏജന്‍സികളുടെ അനുമതിയില്ലാതെ വില്‍ക്കുന്നു എന്നതാണ് പ്രധാന വെല്ലുവിളി. ഇത്തരം പ്രവണതകള്‍ തടയാന്‍ സര്‍ക്കാര്‍ നിയമപരമായ  ചട്ടക്കൂടിന് രൂപം നല്‍കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
കേന്ദ്ര കണ്‍സ്യൂമര്‍ അഫയേഴ്‌സ് മന്ത്രാലയം 2016-ല്‍ പുറപ്പെടുവിച്ച ഡയറക്റ്റ് സെല്ലിംഗ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യവസായത്തിന് ഗുണപരമായിരുന്നുവെന്ന് ഐഡിഎസ്എ ചെയര്‍മാന്‍ വിവേക് കട്ടോച്ച് പറഞ്ഞു.

വ്യവസായത്തിന്റെ മൊത്തം വിറ്റുവരവ് 10,000 കോടി കടന്നുവെന്നും അദ്ദേഹം പറഞ്ഞു. 2015-16 ല്‍ 40 ലക്ഷം ഡയറക്റ്റ് സെല്ലര്‍മാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2016-17 ല്‍ അത് 51 ലക്ഷമായി ഉയര്‍ന്നു.

സാമ്പത്തിക വളര്‍ച്ചയുടേയും സ്വയം തൊഴിലിന്റെ കാര്യത്തിലും സ്ത്രീ ശാക്തീകരണത്തിലും ഡയക്റ്റ് സെല്ലിംഗ് വ്യവസായത്തിന്റെ സ്വാധീനം വളരെ വലുതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യവസായത്തിലെ മൊത്തം വരുമാനം 2016-17 ല്‍ 10,324.2 കോടി രൂപയാണ്. 2015-16ല്‍ ഇത് 8308.5 കോടി രൂപയായിരുന്നു. 24.26 ശതമാനം വളര്‍ച്ച. 2016-17 ല്‍ രാജ്യത്തെ മൊത്തം വില്‍പനയില്‍ 13 ശതമാനവുമായി മഹാരാഷ്ട്രയാണ് മുന്നില്‍.

Comments

comments

Categories: Business & Economy