സോഫ്റ്റ് ബാങ്കുമായി സഹകരണത്തിന് ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു

സോഫ്റ്റ് ബാങ്കുമായി സഹകരണത്തിന് ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു

ലിയോ സാറ്റ്‌ലൈറ്റ് സാധ്യതകള്‍ ഉപയോഗിക്കുന്നതിന് നിലവില്‍ ഇന്ത്യയില്‍ അനുമതിയില്ല

ന്യൂഡെല്‍ഹി: യുഎസ് സാറ്റ്‌ലൈറ്റ് സ്റ്റാര്‍ട്ടപ്പായ വണ്‍വെബിന്റെ ലിയോ (ലോ എര്‍ത്ത് ഓര്‍ബിറ്റ്) കമ്മ്യൂണിക്കേഷന്‍ സാറ്റ്‌ലൈറ്റുകളില്‍ നിന്നും ബ്രോഡ്ബാന്‍ഡ് ബാന്‍ഡ്‌വിഡ്ത്ത് പാട്ടത്തിനെടുക്കാന്‍ ബിഎസ്എന്‍എല്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. വണ്‍വെബ്ബിന്റെ പ്രധാന നിക്ഷേപകരായ സോഫ്റ്റ്ബാങ്കിന്റെ പ്രതിനിധികളുമായാണ് ബിഎസ്എന്‍എല്‍ ചര്‍ച്ച നടത്തുന്നത്.

വണ്‍വെബിന്റെ കുറഞ്ഞ ഭ്രമണ പഥത്തിലുള്ള ആശയവിനിമയ ഉപഗ്രഹങ്ങളിലെ ബ്രോഡ്ബാന്‍ഡ് ബാന്‍ഡ്‌വിഡ്ത്ത് ഉപയോഗപ്പെടുത്തുന്നതിലൂടെ അതിവേഗ ഇന്റര്‍നെറ്റ്, വോയ്‌സ് സേവനങ്ങള്‍ ലഭ്യമാക്കികൊണ്ട് ഇന്ത്യന്‍ ടെലികോം സാങ്കേതികമേഖലയില്‍ വിപ്ലവകരമായ മാറ്റം കുറിക്കാനാണ് ബിഎസ്എന്‍എലിന്റെ നീക്കം. കൂടിയ വേഗതയില്‍ വലിയ അളവില്‍ ബാന്‍ഡ്‌വിഡ്ത്ത് സേവനം ലഭ്യമാക്കുന്ന സാറ്റലൈറ്റ് സ്‌പേസ് എങ്ങനെയാണ് കമ്പനി ഉപയോഗപ്പെടുത്തുക എന്നതു സംബന്ധിച്ച് ബിഎസ്എന്‍എല്‍ എക്‌സിക്യൂട്ടീവുകള്‍ സോഫ്റ്റ്ബാങ്ക് സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് മുന്നില്‍ ഒരു അവതരണം നടത്തിയതായി കമ്പനി ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

ഭൗമോപരിതലത്തില്‍ നിന്നും 150-200 കിലോമീറ്ററുകള്‍ മുകളില്‍ ഭ്രമണപഥമുള്ള ഉപഗ്രഹങ്ങളിലൂടെ തടസങ്ങളില്ലാതെ അതിവേഗ മൊബീല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സാറ്റ്‌ലൈറ്റ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് വണ്‍വൈബ്. വണ്‍വെബില്‍ 40 ശതമാനം ഓഹരി പങ്കാളിത്തമാണ് സോഫ്റ്റ്ബാങ്കിനുള്ളത്. കുറഞ്ഞ ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളുടെ ഒരു സമൂഹം രൂപികരിക്കുന്നതിന് എയര്‍ബസും സോഫ്റ്റ്ബാങ്കും ബില്‍ ഗേറ്റ്‌സും വണ്‍വെബ് സ്ഥാപകന്‍ ഗ്രെഗ് വെയ്‌ലറും കൈകോര്‍ത്തിരിക്കുകയാണ്. ഭൂമിയുടെ ഓരോ മുക്കും മൂലയും പദ്ധതിയുടെ ഭാഗമായി കവര്‍ ചെയ്യുന്നതിന് 850 ലിയോ സാറ്റലൈറ്റുകളാണ് സോഫ്റ്റ്ബാങ്ക് സജ്ജമാക്കുന്നത്.

സോഫ്റ്റ്ബാങ്ക് ഗ്രൂപ്പുമായുള്ള ചര്‍ച്ച സജീവമായി മുന്നോട്ടുപോകുകയാണെന്ന് ശ്രീവാസ്തവ പറഞ്ഞു. ലിയോ സാറ്റ്‌ലൈറ്റ് സാധ്യതകള്‍ ഉപയോഗിക്കുന്നതിന് ടെലികോം നിയന്ത്രണ അതോറിറ്റിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കേണ്ടതുണ്ടെന്നും ഇത്തരത്തിലുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിലവില്‍ ഇന്ത്യയില്‍ അനുമതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories