ഏതര്‍ എസ്340 വൈകാതെ പുറത്തിറക്കും

ഏതര്‍ എസ്340 വൈകാതെ പുറത്തിറക്കും

വാട്ടര്‍പ്രൂഫ് കളര്‍ ടച്ച്‌സ്‌ക്രീനുമായി ഇന്ത്യയിലെ ആദ്യ സ്‌കൂട്ടര്‍

ബെംഗളൂരു : ഏതര്‍ എനര്‍ജി സ്റ്റാര്‍ട്ടപ്പിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ എസ്340 വൈകാതെ പുറത്തിറക്കും. സ്‌കൂട്ടറിന്റെ ബുക്കിംഗ് ജൂണില്‍ ആരംഭിക്കും. തുടക്കത്തില്‍ ബെംഗളൂരുവില്‍ മാത്രമായിരിക്കും സ്‌കൂട്ടര്‍ വില്‍ക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ എസ്340 ലഭിക്കുന്നത് സംബന്ധിച്ച് ഈ വര്‍ഷം അവസാനത്തോടെ ബെംഗളൂരു സ്റ്റാര്‍ട്ടപ്പ് പ്രഖ്യാപനം നടത്തും. 2016 ലാണ് ഏതര്‍ എസ്340 ആദ്യം അനാവരണം ചെയ്തത്.

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഏകദേശം 205 കോടി രൂപയുടെ നിക്ഷേപമാണ് ഏതര്‍ എനര്‍ജിയില്‍ നടത്തിയിരിക്കുന്നത്. ഇതോടുകൂടിയാണ് സ്റ്റാര്‍ട്ടപ്പ് ശ്രദ്ധ പിടിച്ചുപറ്റിയത്. വാട്ടര്‍പ്രൂഫ് കളര്‍ ടച്ച്‌സ്‌ക്രീന്‍, പാര്‍ക്കിംഗ് അസിസ്റ്റ്, നാവിഗേഷന്‍ അസിസ്റ്റ്, ലൊക്കേഷന്‍ ട്രാക്കര്‍ തുടങ്ങി നിരവധി ആകര്‍ഷക ഫീച്ചറുകളുമായാണ് ഏതര്‍ എസ്340 വിപണിയിലെത്തുന്നത്.

മണിക്കൂറില്‍ 72 കിലോമീറ്ററായിരിക്കും സ്‌കൂട്ടറിന്റെ ടോപ് സ്പീഡ്. ബാറ്ററി ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാം. അമ്പത് മിനിറ്റിനുള്ളില്‍ ബാറ്ററി എണ്‍പത് ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്ന് കമ്പനി അറിയിച്ചു. ഏകദേശം 50,000 കിലോമീറ്ററാണ് ബാറ്ററിയുടെ ആകെ ലൈഫ് സൈക്കിള്‍. ലഭ്യമായ പ്രകാശവുമായി സ്വന്തം വെളിച്ചം ഓട്ടോമാറ്റിക്കായി ക്രമീകരിക്കാന്‍ സ്‌കൂട്ടറിലെ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റത്തിന് കഴിയും. ചാര്‍ജിംഗ് സൗകര്യങ്ങള്‍ക്കായി ബെംഗളൂരുവില്‍ ചാര്‍ജിംഗ് സ്‌റ്റേഷന്‍ ശൃംഖല സ്ഥാപിക്കുന്നതിന്റെ തിരക്കുകളിലാണ് ഏതര്‍ എനര്‍ജി.

മണിക്കൂറില്‍ 72 കിലോമീറ്ററായിരിക്കും ടോപ് സ്പീഡ്. 60 കിലോമീറ്ററാണ് റേഞ്ച്. ലഭ്യമായ പ്രകാശവുമായി സ്വന്തം വെളിച്ചം ഓട്ടോമാറ്റിക്കായി ക്രമീകരിക്കാന്‍ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റത്തിന് കഴിയും

സ്‌കൂട്ടറിന്റെ വിലയും ബുക്കിംഗ് തുകയും എത്രയെന്ന് ഇപ്പോള്‍ ലഭ്യമല്ല. ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ മത്സരം കനക്കുന്നതിനാല്‍ മാന്യമായ വില നിര്‍ണയിക്കുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന തൊട്ടടുത്ത എതിരാളിയായ ട്വന്റി ടു മോട്ടോഴ്‌സിന്റെ ഫ്‌ളോ സ്‌കൂട്ടറിന് 74,740 രൂപയാണ് വില. ഏകദേശം ഇതേ വിലയായിരിക്കും ഏതര്‍ എസ്340 സ്‌കൂട്ടറിനും നിശ്ചയിക്കുന്നത്.

Comments

comments

Categories: Auto