മേക്കര്‍ വില്ലേജുമായി  ആള്‍ട്ട്എയര്‍ സഹകരിക്കുന്നു

മേക്കര്‍ വില്ലേജുമായി  ആള്‍ട്ട്എയര്‍ സഹകരിക്കുന്നു

കൊച്ചി: രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അമേരിക്കന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ ആള്‍ട്ട്എയര്‍ ഇന്ത്യ ഒരുങ്ങുന്നു.

കളമശേരിയില്‍ മേക്കര്‍ വില്ലേജ് സംഘടിപ്പിച്ച ടെക് ഡേ പരിപാടിയില്‍ സംസാരിക്കവെ ആള്‍ട്ട് എയര്‍ഇന്ത്യ എംഡിയും സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റുമായ പവന്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബൗദ്ധിക മേഖലയില്‍ മേക്കര്‍വില്ലേജ് നടത്തുന്ന നിക്ഷേപം പ്രതീക്ഷ പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍ജിനീയറിംഗ് സോഫ്റ്റ് വെയര്‍, ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയാണ് ആള്‍ട്ട്എയര്‍. സംരംഭകര്‍ക്ക് ഡിസൈന്‍, സോഫ്റ്റ്‌വെയര്‍ എന്നിവയില്‍ ഉപദേശവും ബോധവല്‍ക്കരണവും നല്‍കുന്നതിനാണ് മേക്കര്‍ വില്ലേജ് ടെക് ഡേ സംഘടിപ്പിച്ചത്.

സ്വന്തം സംരംഭമെന്ന ആശയത്തിലേക്ക് കേരളത്തിലെ ചെറുപ്പക്കാര്‍ കടന്നുവരുന്നത് ആവേശകരമായ കാര്യമാണെന്ന് പവന്‍ കുമാര്‍ ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യുകയെന്നതില്‍ നിന്ന് കേരളം മാറി ചിന്തിക്കുകയാണ്. പുതിയ സംരംഭകര്‍ക്ക് പ്രാഥമിക മൂലധനം, മികച്ച ഉപദേശകര്‍, പരിശീലന കളരികള്‍ എന്നിവ സംഘടിപ്പിക്കുന്നതിലൂടെ മേക്കര്‍ വില്ലേജ് ഈ മേഖലയില്‍ മികച്ച സാധ്യതയാണ് തുറന്നിടുന്നത്.

സംരംഭകര്‍ക്ക് മികച്ച ഉപദേശവും സാങ്കേതിക പരിജ്ഞാനവും നല്‍കുന്നതില്‍ ആള്‍ട്ട്എയര്‍ നല്‍കുന്ന പിന്തുണ സുപ്രധാനമാണെന്ന് മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ ചൂണ്ടിക്കാട്ടി. മേക്കര്‍വില്ലേജിലെ സംരംഭകര്‍ക്ക് ഉപയോഗിക്കാനുതകുന്ന സാങ്കേതിക വിദ്യയിലടക്കം സഹകരണം ഉറപ്പാക്കാനാണ് പരിശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് ലോകത്ത് കാണുന്ന നൂതന സാങ്കേതിക വിദ്യയും ഉല്‍പ്പന്നങ്ങളും വേറിട്ട ചിന്തയില്‍ നിന്നുണ്ടായതാണെന്ന് പവന്‍ കുമാര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ പായ് വഞ്ചിയോട്ടത്തില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യ മുതല്‍ ബോട്ടില്‍ ഓപ്പണര്‍ വരെയുള്ള കാര്യത്തില്‍ വേറിട്ട ചിന്തകള്‍ കൊണ്ടു വന്ന വിപ്ലവകരമായ മാറ്റം അദ്ദേഹം ചൂണ്ടിക്കാട്ടി. ഉരുക്കിന്റെ കയറില്‍ വലിക്കുന്ന ലിഫ്റ്റിനു പകരം ഷാഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റ് ഡിസൈന്‍ ചെയ്തത് ആള്‍ട്ട്എയറാണ്. അതിന്റെ ഡിസൈനിലേക്കെത്തിയതിന്റെ ചിന്തകളും അദ്ദേഹം സംരംഭകരുമായി പങ്കു വച്ചു.

മദേശ്വര, ചന്ദ്രകുമാര്‍, ഹേമന്ത് ദുരെസെട്ടി, സുമിത് പിള്ള എന്നിവരും പരിപാടിയില്‍ സംസാരിച്ചു. ഫോം ആന്‍ഡ് ഫംഗ്ഷന്‍ ഇന്‍ പ്രൊഡക്റ്റ് ഡിസൈന്‍, ഫീസിബിലിറ്റി ആന്‍ഡ് ബില്‍ഡ്, യുഎവി, എഫിഷ്യന്‍ ഇലക്ട്രിക് റൊട്ടേറ്റിംഗ് മോട്ടോര്‍ ഡിസൈന്‍, മോഷന്‍ കണ്‍ട്രോള്‍സ് തുടങ്ങിയ വിഷയങ്ങളിലാണ് ആള്‍ട്ട്എയറില്‍ നിന്നെത്തിയ വിദഗ്ധര്‍ സംസാരിച്ചത്.

Comments

comments

Categories: Business & Economy