2018 മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ ബുക്കിംഗ് ആരംഭിച്ചു

2018 മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ ബുക്കിംഗ് ആരംഭിച്ചു

ഏകദേശം 30 ലക്ഷം രൂപയായിരിക്കും എസ്‌യുവിയുടെ വില

ന്യൂഡെല്‍ഹി : 2018 മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡറിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. മൂന്നാം തലമുറ ഔട്ട്‌ലാന്‍ഡര്‍ അടുത്ത മാസം വിപണിയില്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡവര്‍, സ്‌കോഡ കോഡിയാക്ക്, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ എന്നിവരോടാണ് ഔട്ട്‌ലാന്‍ഡറിന് മത്സരിക്കേണ്ടത്. 2018 മോഡല്‍ ഔട്ട്‌ലാന്‍ഡര്‍ അടുത്ത മാസം മിറ്റ്‌സുബിഷി മോട്ടോഴ്‌സ് ഡെലിവറി ചെയ്തുതുടങ്ങും. രണ്ടാം തലമുറ ഔട്ട്‌ലാന്‍ഡര്‍ 2012 മുതല്‍ ഇന്ത്യയില്‍ വിറ്റുവരികയാണ്. ഇതിനിടയില്‍ ഔട്ട്‌ലാന്‍ഡറിന്റെ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കിയിരുന്നു. 2018 മോഡല്‍ എസ്‌യുവിയുടെ വില ഏകദേശം 30 ലക്ഷം രൂപയായിരിക്കും.

4ബി12, 2.4 ലിറ്റര്‍ എംഐവിഇസി പെട്രോള്‍ എന്‍ജിനാണ് 2018 മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡറിന് നല്‍കിയിരിക്കുന്നത്. ഈ എന്‍ജിന്‍ 6000 ആര്‍പിഎമ്മില്‍ 165 ബിഎച്ച്പി കരുത്തും 4100 ആര്‍പിഎമ്മില്‍ 222 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. നാല് ചക്രങ്ങളിലേക്കും പവര്‍ കൈമാറുന്നതിന് കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷനാണ് (സിവിടി) എന്‍ജിനുമായി ചേര്‍ത്തുവെച്ചിരിക്കുന്നത്.

2018 ഔട്ട്‌ലാന്‍ഡറില്‍ ജാപ്പനീസ് ബ്രാന്‍ഡ് നിരവധി ഡിസൈന്‍ മെച്ചപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു. ഡൈനാമിക് ഷീല്‍ഡ് ഫിലോസഫി മുറുകെപ്പിടിച്ച മിറ്റ്‌സുബിഷി, 2018 ഔട്ട്‌ലാന്‍ഡറിന് വലിയ ഗ്രില്ല്, മുന്‍ വശത്ത് ധാരാളം ക്രോം അലങ്കാരങ്ങള്‍, ഹെഡ്‌ലാംപുകള്‍ക്ക് സ്ലീക്ക് ഡിസൈന്‍ എന്നിവ നല്‍കി. 7 സീറ്റര്‍ എസ്‌യുവിയുടെ നീളം 4695 മില്ലി മീറ്ററും വീതി 1810 മില്ലി മീറ്ററും ഉയരം 1710 മില്ലി മീറ്ററുമാണ്. വീല്‍ബേസ് 2670 എംഎം.

എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ് ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, സണ്‍റൂഫ്, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് 2018 മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡറിന്റെ പുറമേ കാണുന്നത്.

അടുത്ത മാസം വിപണിയില്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ലെതര്‍ അപ്‌ഹോള്‍സ്റ്ററി സീറ്റുകള്‍, 710 വാട്ട് റോക്ക്‌ഫോഡ് ഓഡിയോ സിസ്റ്റം, 6.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ പരിഷ്‌കാരങ്ങള്‍ കാബിനില്‍ കാണാം. കീലെസ് എന്‍ട്രി, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് സീറ്റുകള്‍, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയും ഫീച്ചറുകള്‍ തന്നെ. ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.

Comments

comments

Categories: Auto