വാട്‌സ് ആപ്പ് ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 16 ആക്കും

വാട്‌സ് ആപ്പ് ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 16 ആക്കും

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 13-ല്‍നിന്നും 16-ലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. യൂറോപ്പിലാണ് ഈ പുതിയ നിബന്ധന നടപ്പിലാക്കുവാന്‍ കമ്പനി ഒരുങ്ങുന്നത്. അടുത്ത മാസം 25 മുതല്‍ യൂറോപ്പില്‍ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ എന്ന പുതിയ നിയമം നടപ്പില്‍ വരും. ഈ നിയമപ്രകാരം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ഡാറ്റ എങ്ങനെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടാന്‍ വ്യക്തിക്ക് അധികാരം നല്‍കും. ഈ പശ്ചാത്തലത്തിലാണു വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതു സംബന്ധിച്ച പുതിയ നിയമം നടപ്പിലാക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചത്. 13നും 15നും ഇടയിലുള്ള കൗമാരക്കാരോട് വാട്‌സ് ആപ്പ് ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളെ നോമിനിയായി നിയമിക്കാന്‍ ആവശ്യപ്പെടും. അവരുടെ അനുവാദം നേടിയതിനു ശേഷമായിരിക്കും ഈ ആപ്ലിക്കേഷന്‍ ലഭ്യമാക്കുക. അതേസമയം എപ്രകാരമായിരിക്കും ഈ നിബന്ധന ഫേസ്ബുക്ക് നടപ്പിലാക്കുകയെന്ന് ഇതുവരെ അറിയിച്ചിട്ടുമില്ല. യൂറോപ്പില്‍ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം, യുട്യൂബ്, സ്‌നാപ്പ് ചാറ്റ് തുടങ്ങിയവയാണ് ഏറ്റവും ജനപ്രീതിയുള്ള നവമാധ്യമങ്ങള്‍. 2009-ലാണു വാട്‌സ് ആപ്പ് പ്രചാരത്തില്‍ വന്നത്. എന്നാല്‍ സമീപകാലത്ത് വാട്‌സ് ആപ്പ് യൂറോപ്പിലുള്ള നിരവധി രാജ്യങ്ങളിലെ ഭരണകൂടത്തിന്റെ രൂക്ഷവിമര്‍ശനത്തിനു പാത്രമാവുകയുണ്ടായി. ഫേസ്ബുക്കുമായി കൂടുതല്‍ ഡാറ്റ പങ്കുവയ്ക്കുന്നതും, end-to-end എന്‍ക്രിപ്റ്റഡ് മെസേജിംഗ് സംവിധാനവുമുള്ളതാണ് വാട്‌സ് ആപ്പ്, യൂറോപ്യന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറാന്‍ കാരണമായത്.

Comments

comments

Categories: FK Special, Slider