കാന്‍സര്‍ രോഗികള്‍ക്ക് പരിരക്ഷയേകി ഓങ്കോ ഡോട്ട്‌കോം

കാന്‍സര്‍ രോഗികള്‍ക്ക് പരിരക്ഷയേകി ഓങ്കോ ഡോട്ട്‌കോം

കാന്‍സര്‍ രോഗികള്‍ക്ക് ചികില്‍സയ്ക്കും മറ്റുമായി തികച്ചും ശാസ്ത്രീയമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ഓങ്കോഡോട്ട്‌കോം. ഇടത്തരം വരുമാന മാര്‍ഗമുള്ള രാജ്യങ്ങളില്‍ ഒരു വിര്‍ച്വല്‍ കാന്‍സര്‍ കെയര്‍ ഹോസ്പിറ്റല്‍ എന്ന രീതിയിലാണ് ഓങ്കോയുടെ പ്രവര്‍ത്തനം

മനുഷ്യ ജീവനെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ രോഗം ലോകമെമ്പാടും പെരുകി വരികയാണ്. ശരിയായ രീതിയിലുള്ള ചികില്‍സയുടെ അഭാവവും അതിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും പലപ്പോഴും ആളുകളിലേക്ക് യഥാസമയം എത്തുന്നില്ല. ഇതുവഴി കാന്‍സര്‍ രോഗം മൂലമുള്ള മരണനിരക്ക് അനുദിനം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവം പരിഹരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓങ്കോഡോട്ട്‌കോം എന്ന ഹെല്‍ത്ത്‌ടെക് സ്റ്റാര്‍ട്ടപ്പ്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും ലോകത്താകെമാനം 127 ലക്ഷം ആളുകള്‍ക്ക് കാന്‍സര്‍ രോഗം നിര്‍ണയിക്കപ്പെടുന്നുണ്ട്. ഈ വിഷയത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ 2030 ആകുമ്പോഴേക്കും കാന്‍സറിന്റെ തോത് 80ശതമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കാന്‍സര്‍ രോഗം ബാധിച്ചുള്ള മരണങ്ങളില്‍ മൂന്നില്‍ രണ്ടും ദാരിദ്ര്യ-വികസ്വര രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അധികചെലവ് ചുമലിലേറ്റുന്ന രോഗം

ഇന്ന് കാന്‍സര്‍ രോഗം എന്നത് പതിവായി കേള്‍ക്കുന്ന ഒരു പേരായി മാറിയെങ്കിലും അതിന്റെ ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ഇതിനുപുറമെ ചികില്‍സയുടെ പേരിലുണ്ടാകുന്ന ഭീമമായ തുകയും ചെറുതല്ല. കാന്‍സര്‍ രോഗമെന്ന് നിര്‍ണയിക്കപ്പെട്ടാല്‍ പിന്നീട് പലരുടേയും ബാങ്ക് എക്കൗണ്ടുകളില്‍ സേവിംഗ്‌സ് തകരുന്ന അവസ്ഥ കൂടിയാണ്. പലപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റവും മികച്ചതെന്ന് നിര്‍ദേശിക്കുന്ന ഹോസ്പിറ്റല്‍ തേടി നാടും വീടും വിട്ടാണ് പലരുടേയും യാത്ര. ലക്ഷങ്ങള്‍ വേണ്ടിവരുന്ന ചികില്‍സയും മണിക്കൂറുകള്‍ നീണ്ട കീമോ, സര്‍ജറി എന്നിവയെല്ലാം കഴിഞ്ഞ് രോഗിയും കുടുംബവും കീശ കാലിയാക്കിയാവും പലപ്പോവും തിരികെയെത്തുക. എന്നാല്‍ ഇവര്‍ക്ക് ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനുള്ള, ഉത്തരവാദിത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം എന്ന നിലയിലാണ് ഓങ്കോ ഈ രംഗത്തേക്ക് കടന്നുവരുന്നത്. വികസ്വര രാജ്യങ്ങളിലെ കാന്‍സര്‍ ചികില്‍സാ ശൃംഖലയിലെ പൊട്ടിപ്പോയ കണ്ണികളെ ഒരുമിച്ചു ചേര്‍ക്കാനാണ് ഓങ്കോയുടെ ശ്രമം. 2017 ല്‍ ഡോ. അമിത് ജോട്‌വാനി, രാഷി ജെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സംരംഭത്തിന് രൂപം നല്‍കിയത്.

ഓരോ രോഗിക്കും അവര്‍ക്ക് അനുയോജ്യമായ ചികില്‍സയുടെ ശരിയായ രീതിയിലുള്ള പ്ലാനിംഗ് ലഭ്യമാക്കുക എന്നതിനാണ് ഇവിടെ പ്രാധാന്യം നല്‍കുന്നത്. എങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് ശരിയായ റിസള്‍ട്ട് ലഭിക്കൂ. ചികില്‍സ പോലെ തന്നെ പ്രധാനമാണ് ചികില്‍സാ ആസൂത്രണങ്ങളും – ഡോ. അമിത് ജോട്‌വാനി പറയുന്നു.

ഒരുവര്‍ഷത്തിനകം 13 രാജ്യങ്ങളിലായി ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ഓങ്കോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലും യുഎസില്‍ നിന്നുമായി 150 ല്‍ പരം കാന്‍സര്‍ വിദഗ്ധരുടെ സേവനം ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. കാന്‍സര്‍ പരിചരണ വിഭാഗത്തില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡോക്റ്റര്‍മാരുടെ വിദഗ്ധ ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്

ഏറ്റവും മികച്ച ചികില്‍സ ഓരോ രോഗിയും അറിയണം

ഓങ്കോയുടെ തുടക്കം ഒരു പ്രത്യേക ആശയത്തെ ആസ്പദമാക്കിയാണ്. ഏതൊരു കാന്‍സര്‍ രോഗിയും തനിക്കു ലഭ്യമാകാവുന്ന ഏറ്റവും മികച്ച ചികില്‍സയെ കുറിച്ച് അറിഞ്ഞിരിക്കണം എന്നതാണ് ഓങ്കോയുടെ നയം. കാന്‍സര്‍ രോഗം കുഴപ്പം പിടിച്ച ഒന്നാണ്. തികച്ച അച്ചടക്കത്തോടെ വിവിധ രീതിയിലുള്ള സമീപനമാണ് ഇവിടെയാവശ്യം. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ അവ ലഭ്യമാകണമെന്നില്ല. രോഗികള്‍ ഏതെങ്കിലും ഒരു വിദഗ്ധന്റെ സഹായം തേടി ചികില്‍സ ചെയ്യുകയാണ് പതിവ്. അവര്‍ക്ക് അതിലും മികച്ച ചികില്‍സ, മിതമായി ചെലവില്‍ കൂടുതല്‍ സൗകര്യപ്രദമായി ലഭ്യമാകുമോ എന്ന അന്വേഷണം പോലുമില്ലാതെ ചികില്‍സ തുടങ്ങുന്ന ഈ രീതിക്ക് മാറ്റം വരണം. തങ്ങള്‍ക്ക് ലഭ്യമാകുന്നത് ഏറ്റവും മികച്ച ചികില്‍സയാണോ എന്ന വസ്തുത പോലും അറിയാതെയാണ് പല രോഗികളും ഇതിനു വിധേയരാകുന്നത്. ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമാണ് ഓങ്കോ- അമിത് പറയുന്നു.

2016 ല്‍ മാത്രം ഇന്ത്യയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കാന്‍സര്‍ രോഗികളുടെ എണ്ണം 14 ലക്ഷമാണ്. ലോകമെമ്പാടുമുള്ള ആളുകളില്‍ രോഗാവസ്ഥയ്ക്കും മരണത്തിനും ഇടയാക്കുന്ന വിവിധ രോഗങ്ങളില്‍ പ്രാധാനിയാണ് കാന്‍സര്‍.

വിര്‍ച്വല്‍ കാന്‍സര്‍ ഹോസ്പിറ്റല്‍

പ്രധാനമായും ഇടത്തരം സാമ്പത്തികശേഷിയുള്ള രാജ്യങ്ങളില്‍ ഒരു വിര്‍ച്വല്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ സൃഷ്ടിക്കാനാണ് കമ്പനിയുടെ ശ്രമമെന്നാണ് ഓങ്കോയുടെ സഹസ്ഥാപകയും സിഇഒയുമായ രാഷി ജെയ്‌നിന്റെ അഭിപ്രായം. ഞങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കാന്‍സര്‍ രോഗത്തിന്റെ വിവിധ തലങ്ങളില്‍ ലോകത്തിലെ മികച്ച ഓങ്കോളജിസ്റ്റുകളെ ഉള്‍പ്പെടുത്തി കൗണ്‍സിലിംഗ് ലഭ്യമാക്കുന്നുണ്ട്. കാന്‍സര്‍ രോഗികളില്‍ 50 ശതമാനം ആളുകളും വികസ്വര രാജ്യങ്ങളിലുള്ളവരാണ്. എന്നാല്‍ ഈ രോഗം കാരണമുള്ള മരണനിരക്കിന്റെ 70 ശതമാനവും ഇവിടങ്ങളില്‍ തന്നെയാണുള്ളത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. മികച്ച ഓങ്കോളജിസ്റ്റുകളുടെ അഭാവവും മാര്‍ഗനിര്‍ദേശങ്ങളുമാണ് ഈ ദുരന്തത്തിന് കാരണം. ഇത്തരം പ്രശ്‌നങ്ങളാണ് ഞങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ പരിഹരിക്കുന്നത്.

മേഖലയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കമ്പനി ബിസിനസ് വികസനത്തിന്റെ ഭാഗമായി അക്‌സല്‍, എഡിജി വെഞ്ച്വേഴ്‌സ് എന്നിവരില്‍ നിന്നും നിക്ഷേപം സമാഹരിച്ചിരുന്നു. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കയിലേക്ക് വ്യാപിപ്പിക്കാനും അവിടെ ഒരു മികച്ച ടീമിനെ വാര്‍ത്തെടുക്കാനുമായി ഈ തുക വിനിയോഗിക്കും

ഓങ്കോയുടെ ബിസിനസ് വികസനം

മേഖലയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കമ്പനി ബിസിനസ് വികസനത്തിന്റെ ഭാഗമായി അക്‌സല്‍, എഡിജി വെഞ്ച്വേഴ്‌സ് എന്നിവരില്‍ നിന്നും നിക്ഷേപം സമാഹരിച്ചിരുന്നു. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആഫ്രിക്കയിലേക്ക് വ്യാപിപ്പിക്കാനും അവിടെ ഒരു മികച്ച ടീമിനെ വാര്‍ത്തെടുക്കാനുമായി ഈ തുക വിനിയോഗിക്കുമെന്ന് രാഷി പറയുന്നു. ഇതിനോടകം 13 രാജ്യങ്ങളിലായി ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ഓങ്കോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലും യുഎസില്‍ നിന്നുമായി 150 ല്‍ പരം കാന്‍സര്‍ വിദഗ്ധരുടെ സേവനം ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. കാന്‍സര്‍ പരിചരണ വിഭാഗത്തില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡോക്റ്റര്‍മാരുടെ വിദഗ്ധ ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. നിലവില്‍ 15 അംഗങ്ങളുടെ സംഘമാണ് ഓങ്കോയുടെ സുഗമമായ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്.

Comments

comments