മിസ്സിസ് നളന്‍സ്; അടുക്കളയില്‍ നിന്നും വിപണിയിലേക്കെത്തിയ വിജയം

മിസ്സിസ് നളന്‍സ്; അടുക്കളയില്‍ നിന്നും വിപണിയിലേക്കെത്തിയ വിജയം

ഒരമ്മ സ്വന്തം മകള്‍ക്ക് വേണ്ടി ആരംഭിച്ച സ്ഥാപനം, അതാണ് ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ മിസ്സിസ് നളന്‍സ്. ഓപ്പണ്‍ സ്‌കൂള്‍ സമ്പ്രദായത്തില്‍ പഠിച്ച, പാചകം ഏറെ ഇഷ്ടമുള്ള മകള്‍ അഞ്ജലിക്ക് വേണ്ടി ഇരിങ്ങലക്കുടയില്‍ ശ്രീദേവി ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ തിരുവോണം റൈസ് മില്‍ ഇന്ന് മിസ്സിസ് നളന്‍സ് എന്ന ബ്രാന്‍ഡിലൂടെ വിവിധതരം മസാലക്കൂട്ടുകളും ചമ്മന്തിപ്പൊടിയും മറ്റു പൊടിയുല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിച്ച് പ്രതിവര്‍ഷം 30 ലക്ഷത്തിന് മുകളില്‍ വിറ്റുവരുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. വീട്ടമ്മയില്‍ നിന്നും സംരംഭകയിലേക്കുള്ള ശ്രീദേവിയുടെ യാത്ര ഓരോ വനിതകള്‍ക്കും പ്രചോദനമാണ്

പുലര്‍ച്ചെ നാലര മണിക്ക് ആരംഭിക്കും ഇരിങ്ങാലക്കുട സ്വദേശിനിയും മിസ്സിസ് നളന്‍സ് ഉടമയുമായുമായ ശ്രീദേവി സുരേഷ് നാഥിന്റെ ഒരു ദിവസം. വീട്ടുജോലികള്‍ തീര്‍ത്ത ശേഷം പുലര്‍ച്ചെ ഏഴു മണിയോടെ ശ്രീദേവി പോകുന്നത് മിസ്സിസ് നളന്‍സിന്റെ അരിപ്പൊടി , മസാലപ്പൊടി നിര്‍മാണ യൂണിറ്റിലേക്കാണ്. ഗുണനിലവാരത്തില്‍ വിട്ടു വീഴ്ചയില്ലാതെ കറിപ്പൊടികളും ധാന്യപ്പൊടികളും നിര്‍മിക്കുന്നതിലാണ് പിന്നെ ശ്രദ്ധ മുഴുവന്‍. പത്തുമണിയോടെ സ്ഥാപനത്തില്‍ ജോലിക്കാര്‍ എത്തും. അപ്പോഴേക്കും പൊടിക്കാനുള്ള അരിയും മറ്റു ധാന്യങ്ങളും ശ്രീദേവി കുതിര്‍ത്തു തയ്യാറാക്കി വച്ചിരിക്കും. വിവിധ യൂണിറ്റുകളായി തരം തിരിച്ച് പുട്ടുപൊടി,അപ്പപ്പൊടി,ദോശപ്പൊടി,ഇഡലിപ്പൊടി,മസാലപ്പൊടികള്‍ എന്നിവ ഇരിങ്ങാലക്കുടയിലെ മിസ്സിസ് നളന്‍സ് യൂണിറ്റില്‍ നിര്‍മിക്കുന്നു.

ഏകദേശം ഉച്ചവരെ ഈ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ തുടരും . നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിനും നേതൃത്വം നല്‍കാന്‍ ശ്രീദേവി കൂടെ തന്നെ ഉണ്ടായിരിക്കും . അടുത്തഘട്ടം പാക്കിംഗ് ആണ്. നിര്‍മാണ വേളയില്‍ നിലനിര്‍ത്തിയ വൃത്തിയും ശുചിത്വവും ഗുണനിലവാരവും അല്‍പം പോലും കുറയാതെ തന്നെ പാക്കിംഗ് നടക്കുന്നു. ശേഷം ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക്. തൃശൂര്‍ ആണ് പ്രധാന വിപണി. ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഓരോ കടകളിലും ശ്രീദേവി നേരിട്ട് തന്നെ എത്തുന്നു. ഉപഭോക്താക്കളില്‍ നിന്നുള്ള ഫീഡ്ബാക്ക് അറിയുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ക്ക് അനുസൃതമായി ഉല്‍പ്പന്നങ്ങളില്‍ വ്യത്യസം വരുത്തുന്നതിനും വേണ്ടിയാണ് ഈ യാത്ര. ശേഷം വൈകിട്ട് ആറരയോടെ വീട്ടിലേക്ക്. ഇങ്ങനെ പോകുന്നു മിസ്സിസ് നളന്റെ ഒരു ദിവസം.

പ്രതിവര്‍ഷം 30 ലക്ഷം രൂപയ്ക്ക്‌മേല്‍ വരുമാനമുള്ള ഈ ചെറുകിട സംരംഭത്തിന്റെ യാത്രയുടെ ഓരോ ഘട്ടത്തിലും ശ്രീദേവിക്ക് പിന്തുണായത് ഭര്‍ത്താവ് സുരേഷ്‌നാഥും മകള്‍ അഞ്ജലിയും എന്‍ജിനീയര്‍ ആയ മകന്‍ ആഷിതുമാണ്. പത്തു വര്‍ഷം മുമ്പ് കുടുംബശ്രീയില്‍ സജീവമായ കാലത്ത് തന്നെ പാചക സംരംഭത്തില്‍ ചില്ലറ ശ്രമങ്ങളൊക്കെ ശ്രീദേവി തുടങ്ങിവച്ചിരുന്നു.അച്ചാര്‍, അവലോസ് പൊടി തുടങ്ങിയവയുടെ നിര്‍മാണമാണ് അന്ന് ചെയ്തിരുന്നത്. അത്തരത്തില്‍ ലഭിച്ച ആത്മവിശ്വാസത്തില്‍ നിന്നുമാണ് ശ്രീദേവി മിസ്സിസ് നളന്‍സ് എന്ന ബ്രാന്‍ഡ് പടുത്തുയര്‍ത്തിയത്.

മകള്‍ക്കായി നിക്ഷേപിച്ചു , ‘അമ്മ സംരംഭകയായി

മാതാപിതാക്കള്‍ എന്ന നിലയില്‍ വ്യത്യസ്തരായി ചിന്തിക്കുന്നവരായിരുന്നു ശ്രീദേവിയും ഭര്‍ത്താവ് സുരേഷ് നാഥും. നമ്മുടെ നാട്ടിലെ എല്ലാ കുട്ടികളും നിലവിലുള്ള വിദ്യാഭ്യാസരീതിയോട് ഒരുപോലെ പൊരുത്തപ്പെടുന്നവരല്ല എന്ന് മകള്‍ അഞ്ജലിയുടെ പഠന രീതിയിലൂടെ അവര്‍ക്ക് മനസിലായി. അഞ്ജലിക്ക് പതിവു ശൈലിയിലുള്ള സ്‌കൂള്‍ പഠനം വിരസമാണ് എന്ന് മനസ്സിലായതോടെ അവള്‍ക്ക് ഇഷ്ടമുള്ളത് പഠിക്കാവുന്ന അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായം കണ്ടെത്തുകയായിരുന്നു ഈ മാതാപിതാക്കള്‍. പ്രമുഖ ആര്‍ക്കിടെക്ട് ജി. ശങ്കര്‍ ഇതുമായി ബന്ധപ്പെട്ടെഴുതിയ ലേഖനം വായിച്ചത് മകളെ ഇത്തരം ഒരു വിദ്യാഭ്യാസ രീതിയില്‍ ചേര്‍ക്കുന്നതിന് പ്രചോദനമായി.

അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന ഒരു സ്‌കൂള്‍ കണ്ടെത്തി മകളെ അവിടെ ചേര്‍ത്തു. പരീക്ഷയെഴുതാനാവുമോ എന്‍ട്രന്‍സെഴുതാന്‍ കഴിയുമോ എന്നൊക്കെ സംശയിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ എത്തിയിരുന്നു. അവരോടു തര്‍ക്കിക്കാന്‍ നില്‍ക്കാതെ പ്രവര്‍ത്തിയിലൂടെ കാണിച്ചു കൊടുക്കുകയാണ് ചെയ്തത്. പില്‍ക്കാലത്ത് ഓപ്പണ്‍ സ്‌കൂള്‍ സമ്പ്രദായത്തിലൂടെ പത്താം ക്ലാസ്–പ്ലസ് ടു പരീക്ഷകള്‍ മികച്ച മാര്‍ക്കോടെ അഞ്ജലി പാസ്സായി. ഭക്ഷ്യസംസ്‌കരണം ഇഷ്ട വിഷയമായി തെരെഞ്ഞെടുത്ത ബി.എസ്‌സി ഫുഡ് ടെക്‌നോളജിക്ക് ചേര്‍ന്നു. വ്യത്യസ്തമായി ചിന്തിക്കുന്ന മകള്‍ക്ക് പഠന കാലയളവില്‍ തന്നെ ഇഷ്ടമേഖലയില്‍ ഒരു സംരംഭം നടത്തിക്കൊണ്ട് പോകാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീദേവി തിരുവോണം റൈസ് മില്‍ എന്ന സ്ഥാപനം ആരംഭിച്ചത്.

2012 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തില്‍ അരിപ്പൊടി മാത്രമായിരുന്നു ആദ്യം ഉല്‍പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍ മകള്‍ക്കായാണ് ശ്രീദേവി സ്ഥാപനം തുടങ്ങിയത് എങ്കിലും മകളുടെ ഉപദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ശ്രീദേവി തന്നെ സ്ഥാപനം നടത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണ് ഉണ്ടായത്. മകളുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഉല്‍പന്നനിര്‍മാണത്തെ കൂടുതല്‍ ശാസ്ത്രീയമാക്കി മാറ്റാന്‍ ശ്രീദേവിയെ സഹായിച്ചു. മിസ്സിസ് നളന്‍സ് എന്ന ബ്രാന്‍ഡ് നെയിം സ്വീകരിച്ച് അരിപ്പൊടിക്ക് പുറമെ മറ്റ് ഉല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിച്ചത് അങ്ങനെയാണ്. ബിഎസ്‌സി പഠനം പൂര്‍ത്തിയാക്കിയ മകള്‍ ബാംഗ്ലൂരില്‍ ഫുഡ് പ്രോസസിംഗില്‍ എംബിഎക്ക് പഠിക്കുകയാണ് ഇപ്പോള്‍. മകള്‍ കാണിച്ചുതന്ന വഴികളിലൂടെ സഞ്ചരിച്ച അമ്മയാകട്ടെ ഏറെ വിപണി സാധ്യതയുള്ള ഒരു ബ്രാന്‍ഡിന്റെ ഉടമയുമായി.

തുടക്കം ലളിതം , ആത്മവിശ്വാസം കരുത്തായി

സ്ഥാപനം തുടങ്ങണം എന്ന ആവശ്യം മുന്നോട്ട് വച്ചപ്പോള്‍ തന്നെ ശ്രീദേവിയുടെ ഭര്‍ത്താവ് സുരേഷ് നാഥ് പൂര്‍ണ പിന്തുണയുമായി മുന്നോട്ട് വന്നു. ഭക്ഷ്യോല്‍പ്പന്ന നിര്‍മാണം തുടങ്ങുമ്പോള്‍ അതിന്റെതായ രീതിയില്‍ വേണം എന്ന് നിഷ്‌കര്‍ഷിച്ചത് അദ്ദേഹമാണ്. ഇതുപ്രകാരം, മണ്ണുത്തി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, NIT കോഴിക്കോട് എന്നിവിടങ്ങളില്‍ പഴം പച്ചക്കറി സംസ്‌കരണത്തില്‍ ലഭിച്ച പരിശീലനം നേടി. ഒപ്പം ധാന്യങ്ങളുടെ പൊടികള്‍ രീതി പ്രോസസ്സിംഗ് എന്നിവയെക്കുറിച്ചും വ്യക്തമായി പഠിച്ചു.

പിന്നീട് , ജില്ലാ വ്യവസായകേന്ദ്രത്തില്‍ റജിസ്റ്റര്‍ ചെയ്ത്, ഭക്ഷ്യസുരക്ഷാ വിഭാഗം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള അനുമതിപത്രങ്ങളോടെ സ്വന്തം പുരയിടത്തില്‍ത്തന്നെ ഒരു ചെറിയ യൂണിറ്റ് ആരംഭിച്ചു. 1000 ചതുരശ്ര അടിയായിരുന്നു സ്ഥാപനത്തിന്റെ വിസ്തീര്‍ണം. ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ യൂണിറ്റായതിനാല്‍ സഹായത്തിനായി അയല്‍പക്കത്തെ സ്ത്രീകളെത്തന്നെ കൂടെക്കൂട്ടി. നല്ല അസ്സല്‍ പുട്ടുപൊടിയായിരുന്നു മിസിസ് നളന്‍സ് ബ്രാന്‍ഡില്‍ ആദ്യം വിപണിയിലെത്തിയത്. ആദ്യവില്‍പന സ്ഥാപനത്തിന് തൊട്ടടുത്തുള്ള കടകള്‍ മുഖാന്തിരം മാത്രം. വളരെ ചെറിയ സമയം കൊണ്ട് പുട്ടുപൊടി വിപണി പിടിച്ചെടുത്തു. അതോടെ ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിന് തുടക്കമായി.

താമസിയാതെ പ്രഭാതഭക്ഷണം വിതരണം ചെയ്യുന്ന യൂണിറ്റ് ആരംഭിക്കണം. ഇപ്പോള്‍ 500 കിലോഗ്രാം ആണ് പ്രതിദിനം ഉണ്ടാക്കുന്നത്. ഇത് 2,000 ആക്കി ഉയര്‍ത്തണം. കേരളത്തിലെ എല്ലാ ജില്ലകളിലും മിസ്സിസ് നളന്‍സ് എത്തണം. കയറ്റുമതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. അങ്ങനെ ലക്ഷ്യങ്ങള്‍ അനവധിയാണ് ശ്രീദേവിക്ക്

”ഇപ്പോള്‍ ഇഡ്ഡലിപ്പൊടി, ഗോതമ്പുപൊടി, ദോശപ്പൊടി, കടലമാവ്, മുളകു–മല്ലി–മഞ്ഞള്‍പ്പൊടികള്‍, പലയിനം ചമ്മന്തിപ്പൊടികള്‍, സാമ്പാര്‍പൊടി, മസാല മിക്‌സ്, നാടന്‍ വിഭവങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ ഉല്‍പന്നങ്ങള്‍ ഞങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. പല പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയും ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുകയും ചെയ്യുന്നു. പഠിപ്പും ആരോഗ്യവും ഒക്കെ ഉണ്ടായിട്ട് വെറുതെ വീട്ടില്‍ ഇരുന്ന് സമയം കളയുന്നത് ശരിയല്ല എന്ന ചിന്തയില്‍ നിന്നുമാണ് ഇത്തരം ഒരു സ്ഥാപനത്തിന് തുടക്കം കുറിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. അതിന് മകള്‍ അഞ്ജലി ഒരു നിമിത്തമാകുകയും ചെയ്തു” ശ്രീദേവി പറയുന്നു .

ശ്രമകരമായ ആദ്യ മൂന്നു വര്‍ഷങ്ങള്‍

ലോണ്‍ എടുത്ത 25 ലക്ഷം രൂപ മൂലധനത്തിലാണ് സ്ഥാപനം തുടങ്ങിയത്. ധാന്യങ്ങള്‍ കഴുകാനുള്ള വാഷര്‍, പൊടിക്കാന്‍ പള്‍വറൈസര്‍, സ്റ്റാര്‍ച്ച് നഷ്ടപ്പെടാതെ ആവിയില്‍ പുഴുങ്ങിയെടുക്കാന്‍ സ്റ്റീമര്‍, വറുക്കാന്‍ റോസ്റ്റര്‍ എന്നിങ്ങനെ നിര്‍മാണത്തിന്റെ എല്ലാ മേഖലകളിലും ഇന്ന് യന്ത്രവല്‍ക്കരണം നടത്തി .മിസ്സിസ് നളന്‍സ് ആരംഭിച്ച് ആദ്യത്തെ മൂന്നു വര്‍ഷം പറയത്തക്ക നേട്ടങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ലാഭം ഒന്നും ഇല്ലാതായപ്പോള്‍ സ്ഥാപനം അടച്ചു പൂട്ടാം എന്ന് വരെ ഒരു ഘട്ടത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉല്‍പ്പന്ന വൈവിധ്യ വത്കരണത്തിലൂടെ ഒരു വമ്പന്‍ തിരിച്ചുവരവാണ് മിസ്സിസ് നളന്‍സ് നടത്തിയത്.റാഗി പുട്ടുപൊടി , ചോളം പുട്ടുപൊടി എന്നിവയ്ക്ക് പുറമെ ചീരപ്പുട്ട്, മുരിങ്ങയിലപ്പുട്ട് തുടങ്ങിയ വ്യത്യസ്ത വിഭവങ്ങള്‍ വിപണിയില്‍ എത്തിച്ചു. അതോടെ മിസ്സിസ് നളന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നു.

സ്ഥാപനത്തിന് ചുറ്റുമുള്ള കടകളിലെല്ലാം നിരന്തരം കയറിയിറങ്ങി ഓരോ ദിവസവും എത്ര പാക്കറ്റ് വിറ്റു എന്നും എവിടെയൊക്കെ ഡിമാന്‍ഡ് കൂടുന്നത് കുറയുന്നത് തുടങ്ങിയ കാര്യങ്ങള്‍ ശ്രീദേവി അന്വേഷിച്ചുകൊണ്ടിരുന്നു. ക്ഷമയും ഉല്‍സാഹവുംകൊണ്ട് ശ്രീദേവി മെല്ലെ വിപണി പിടിച്ചു. ഒട്ടേറെ വന്‍കിട ബ്രാന്‍ഡുകളോട് മല്ലടിച്ചാണ് തൃശൂര്‍ ആസ്ഥാനമായ മിസ്സിസ് നളന്‍സ് വിപണിയില്‍ സജീവമായത്. ”തൃശൂര്‍ ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ മാര്‍ക്കറ്റ് പിടിച്ച് ബ്രാന്‍ഡ് നെയിം ആളുകള്‍ക്ക് പരിചിതമാക്കിയ ശേഷം അടുത്ത ഘട്ടമായാണ് സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ചുവടുമാറ്റം നടത്തിയത്. ഗുണനിലവാരത്തില്‍ വിട്ടു വീഴ്ച ചെയ്യില്ല എന്നത് തന്നെയാണ് മിസ്സിസ് നളന്‍സിന്റെ മുഖമുദ്രയെന്ന് ശ്രീദേവി പറയുന്നു.

ചക്കവിഭവങ്ങള്‍ നിര്‍മിക്കുന്നതിനായുള്ള ചക്കപള്‍പ്പ് മറ്റ് സംരംഭകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട് മിസ്സിസ് നളന്‍സ്. ചക്കയിടുന്നതു മുതല്‍ അത് ഉല്‍പന്നമാക്കി മാര്‍ക്കറ്റിലെത്തിക്കല്‍ വരെയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായാണ് ഇത്തരം ഒരു മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. ഓര്‍ഡര്‍ പ്രകാരം പുട്ട്, നെയ്യപ്പം, അട, അപ്പം, വട എന്നീ പലഹാരങ്ങളും ശ്രീദേവി ഉണ്ടാക്കി നല്‍കുന്നു. എന്നാല്‍ തന്റെ ബ്രാന്‍ഡ് നെയിമില്‍ ഇത്തരം സ്‌നാക്‌സ് വിപണിയില്‍ എത്തിക്കില്ല എന്നാണ് ശ്രീദേവി പറയുന്നത്. സംരംഭം ലാഭത്തില്‍ ആകണം എങ്കില്‍ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കേണ്ടി വരും എന്നതും അത് ഉപഭോക്താക്കളുടെ ആരോഗ്യത്തെ ബാധിക്കും എന്നതുമാണ് ഇതിനുള്ള കാരണമായി ശ്രീദേവി ചൂണ്ടിക്കാട്ടുന്നത്.

പ്രഭാതഭക്ഷണം വിതരണം ചെയ്യുന്ന യൂണിറ്റ് ഉടന്‍ ആരംഭിക്കണം. ഇപ്പോള്‍ 500 കിലോഗ്രാം ആണ് പ്രതിദിനം ഉണ്ടാക്കുന്നത്. ഇത് 2,000 ആക്കി ഉയര്‍ത്തണം. കേരളത്തിലെ എല്ലാ ജില്ലകളിലും മിസ്സിസ് നളന്‍സ് എത്തണം. കയറ്റുമതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. അങ്ങനെ ലക്ഷ്യങ്ങള്‍ അനവധിയാണ് ശ്രീദേവിക്ക്. ഇതോടൊപ്പം വീട്ടുപേരായ പാച്ചേരി മന എന്ന മറ്റൊരു ബ്രാന്‍ഡ് കൂടി വിപണിക്കു പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ശ്രീദേവി. റെഡി ടു കുക്ക് ഉല്‍പന്നങ്ങള്‍ക്കൊപ്പം റെഡി ടു ഈറ്റ് ഉല്‍പന്നങ്ങളാണ് ലക്ഷ്യം.

”അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ശോഭിക്കാന്‍ കഴിയുന്ന മേഖലയാണ് ഭക്ഷ്യോല്‍പ്പന്ന നിര്‍മാണം. ധൈര്യമായി നിക്ഷേപിക്കുക, പ്രവര്‍ത്തിക്കുക, വിജയം കൂടെയുണ്ടാകും ” തന്റെ വിജയത്തെ മുന്‍നിര്‍ത്തി കേരളത്തിലെ വീട്ടമ്മമാരോടായി ശ്രീദേവിക്ക് പറയാനുള്ളത് ഇതുമാത്രമാണ്.

Comments

comments