ഗൂഗിള്‍ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തതയുള്ള ഇന്റര്‍നെറ്റ് ബ്രാന്‍ഡ്

ഗൂഗിള്‍ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തതയുള്ള ഇന്റര്‍നെറ്റ് ബ്രാന്‍ഡ്

ന്യൂഡെല്‍ഹി: ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തതയുള്ള ഇന്റര്‍നെറ്റ് ബ്രാന്‍ഡാണെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ടിആര്‍എ ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടനുസരിച്ച് ഇന്റര്‍നെറ്റ് സെര്‍ച്ച് വിഭാഗത്തിലും ഗൂഗിളാണ് ഒന്നാമത്. പ്രതിവര്‍ഷം 1.2 ട്രില്യണ്‍ സെര്‍ച്ചുകളാണ് ഇന്ത്യയില്‍ നിന്നും ഗൂഗിള്‍ വഴി നടക്കുന്നത്. ഇന്ത്യയിലെ ബ്രാന്‍ഡ് വിശ്വസ്തതയുടെ മൊത്തത്തിലുള്ള നില പരിശോധിച്ചാല്‍ ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസംഗാണ് ഒന്നാം സ്ഥാനത്തുള്ളത്. സോണി, എല്‍ജി, ടാറ്റാ, ആപ്പിള്‍ എന്നിവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ നേടിയ റാങ്കിംഗില്‍ ഗൂഗിളിന് 18-ാം സ്ഥാനമാണുള്ളത്.

ഇന്റര്‍നെറ്റ് ബ്രാന്‍ഡ് വിശ്വസ്തതയില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും നില മെച്ചപ്പെടുത്തിയ ഫേസ്ബുക്ക് രണ്ടാം സ്ഥാനം നേടി. 2015 ല്‍ ഏഴും 2016 ല്‍ മൂന്നുമായിരുന്നു ഫേസ്ബുക്കിന്റെ സ്ഥാനം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വിഭാഗത്തിലും ഫേസ്ബുക്കാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെയാണ് സര്‍വേ നടന്നത് എന്നതിനാല്‍ അടുത്തിടെയുണ്ടായ വ്യക്തി വിവര ചോര്‍ച്ച സംബന്ധിച്ച വിവാദം ഈ സര്‍വേയിലെ കണക്കുകളില്‍ ഫേസ്ബുക്കിനെ ബാധിച്ചട്ടില്ലെന്നും അടുത്ത റാങ്കിംഗില്‍ ഇതിന്റെ സ്വീധീനമുണ്ടാകുമെന്നും ടിആര്‍എ അഡൈ്വസറി സിഇഒ എന്‍ ചന്ദ്രമൗലി പറഞ്ഞു.

യുഎസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ വിശ്വസ്തതയുള്ള മൂന്നാമത്തെ ഇന്റര്‍നെറ്റ് ബ്രാന്‍ഡ്. ഓണ്‍ലൈന്‍ റീട്ടെയലര്‍ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് ആമസോണില്‍ തന്നെയാണ്. ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലര്‍മാരായ ഇ-ബേ, സെര്‍ച്ച് എന്‍ജിനായ യാഹു എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനം നേടി. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ആഭ്യന്തര കാബ് സേവന ദാതാക്കളായ ഒല വിപണിയിലെ എതിരാളികളായ യുബറിനെ പിന്നിലാക്കി ഏഴാം സ്ഥാനം നേടി. 15 സ്ഥാനമാണ് യുഎസ് കാബ് സേവനദാതാക്കളായ യുബറിന് ലഭിച്ചത്. ഓണ്‍ലൈന്‍ ടാക്‌സി വിഭാഗത്തില്‍ ഒല ഒന്നാം സ്ഥാനത്തും യുബര്‍ രണ്ടാം സ്ഥാനത്തുമാണ്.

ഇവരെ കൂടാതെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പായ വാട്‌സാപ്പ്, വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യുട്യൂബ്, ഓണ്‍ലൈന്‍ ക്ലാസിഫൈഡ് ഒഎല്‍എക്‌സ് ഡോട്ട് കോം എന്നീ ഇന്റര്‍നെറ്റ് ബ്രാന്‍ഡുകളും ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. റിപ്പോര്‍ട്ടനുസരിച്ച് വാട്‌സാപ്പ്, യുട്യൂബ്, ഒഎല്‍എക്‌സ് ഡോട്ട് കോം എന്നിവര്‍ യഥാക്രമം ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് , ഇന്റര്‍നെറ്റ്/ ഫോണ്‍ ആപ്പ്, ഇന്റര്‍നെറ്റ് ക്ലാസിഫൈഡ് സര്‍വീസ് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്തുണ്ട്.

ഗൂഗിള്‍ ക്രോമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിശ്വസിക്കുന്ന ബ്രൗസര്‍. അതുപോലെ ഇ-മെയില്‍ സേവന വിഭാഗത്തില്‍ ഗൂഗിളിന്റെ ജി-മെയിലാണ് വിശ്വസ്തതയില്‍ ഒന്നാം സ്ഥാനത്ത്. ഒയോ റൂം(ഹോട്ടല്‍ സേവന വിഭാഗത്തില്‍), ജസ്റ്റ് ഡയല്‍(ലോക്കല്‍ സെര്‍ച്ച് സര്‍വീസ്), ഫുഡ്പാണ്ട(ഓണ്‍ലൈന്‍ ഫുഡ് സേവനം), മൈന്ത്ര(ഓണ്‍ലൈന്‍ ഫാഷന്‍), ബിഗ്ബാസ്‌ക്കറ്റ്(ഓണ്‍ലൈന്‍ ഗ്രോസറി), ചിക്കോ (ബേബി പ്രൊഡക്റ്റ്‌സ്)നെറ്റ്ഫഌക്‌സ്(വീഡിയോ സ്ട്രീമിംഗ്)എന്നിവരും ഇന്റര്‍നെറ്റ് ബ്രാന്‍ഡ് വിശ്വസ്തതയില്‍ വിവിധ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടി.

Comments

comments

Categories: Business & Economy