കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ബോധവല്‍ക്കരണം

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ബോധവല്‍ക്കരണം

തിമിംഗല സ്രാവ് സംരക്ഷണ പദ്ധതിയുടെ ഭാഗമായി വലയില്‍ കുടുങ്ങുന്ന തിമിംഗലങ്ങളെ തിരികെ കടലിലേക്ക് വിടുക എന്ന സന്ദേശം തീരദേശവാസികളില്‍, പ്രത്യേകിച്ചും മല്‍സ്യബന്ധന തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണ് പരമമായ ലക്ഷ്യം

ലോകത്തിലെ ഏറ്റവും വലിയ മല്‍സ്യമാണ് തിമിംഗല സ്രാവ്. വംശനാശ ഭീഷണി നേരിടുന്ന ഇക്കൂട്ടരെ സംരക്ഷിക്കാന്‍ വിവിധ ബോധവല്‍ക്കരണ പരിപാടികളുമായി രംഗത്തെത്തിയിരിക്കുകയാണ് വൈല്‍ഡ്‌ലൈഫ് ട്രെസ്റ്റ് ഓഫ് ഇന്ത്യയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തവണ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. തിമിംഗല സ്രാവ് സംരക്ഷണ പദ്ധതിയുടെ ഭാഗമായി വലയില്‍ കുടുങ്ങുന്ന തിമിംഗലങ്ങളെ തിരികെ കടലിലേക്ക് വിടുക എന്ന സന്ദേശം തീരദേശവാസികളില്‍, പ്രത്യേകിച്ചും മല്‍സ്യബന്ധന തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണ് പരമമായ ലക്ഷ്യം. ഇതോടൊപ്പം തിമിംഗല സ്രാവുകളെ കണ്ടെത്തിയാല്‍ ആ വിവരവും ശേഖരിക്കും. പദ്ധതിയുടെ ഭാഗമായുള്ള ബോധവല്‍ക്കരണയജ്ഞത്തിന് കഴിഞ്ഞദിവസം ആലപ്പുഴയില്‍ തുടക്കം കുറിച്ചിരുന്നു.

ഭീഷണിയാകുന്നത് മനുഷ്യന്റെ ഇടപെടലുകള്‍

അറിഞ്ഞോ അറിയാതെയോ ഉള്ള മനുഷ്യന്റെ ഇടപെടലുകള്‍ തിമിംഗല സ്രാവുകളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ട്. ഒറ്റപ്രസവത്തില്‍ 300 കുഞ്ഞുങ്ങളെ വരെ പ്രസവിക്കാന്‍ കഴിവുള്ള ലോകത്തിലെ ഏറ്റവും വലിയ സസ്തനിയാണ് തിമിംഗലം. എന്നിട്ടും ഇക്കൂട്ടര്‍ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് സങ്കടകരം. ഓരോ വര്‍ഷം കഴിയുന്തോറും ഇവയുടെ എണ്ണത്തില്‍ വരുന്ന കുറവ് മുന്‍നിര്‍ത്തിയാണ് വൈല്‍ഡ്‌ലൈഫ് ട്രെസ്റ്റ് ഓഫ് ഇന്ത്യ ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ഇന്ത്യയുടെ എല്ലാ കടല്‍മേഖലകളിലും തിമിംഗല സ്രാവുകളുടെ സാന്നിധ്യമുണ്ട്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇന്ത്യയില്‍ സംരക്ഷിക്കപ്പെടുന്ന ആദ്യ മല്‍സ്യ വിഭാഗവും ഇതുതന്നെ. അശാസ്ത്രീയമായ മല്‍സ്യബന്ധനരീതികള്‍, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം എന്നിവയെല്ലാം കൊണ്ട് ആവാസവ്യവസ്ഥയ്ക്കുണ്ടാകുന്ന മാറ്റങ്ങളാണ് ഇവയുടെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്നത്. മനുഷ്യന്റെ യുക്തിസഹജമായ ഇടപെടലുകളിലൂടെ മാത്രമേ ഈ വിഷയത്തില്‍ ശാശ്വത പരിഹാരം കാണാനാകൂ.

തിമിംഗല സ്രാവുകള്‍

കടലിലെ വളരെ ശാന്തനായ ഭീമന്‍ മല്‍സ്യമാണ് തിമിംഗല സ്രാവുകള്‍. ഏകദേശം 18 മീറ്ററോളം വളരാന്‍ കഴിയുന്ന ഇവയുടെ വലുപ്പം സാധാരണഗതിയില്‍ 21 മെട്രിക് ടണ്ണോളം വരും. തിമിംഗല സ്രാവുകളുടെ മാംസത്തിനും ത്വക്കിനും അന്തര്‍ദേശീയതലത്തില്‍ ഡിമാന്‍ഡ് ഏറെയാണ്. ഇവയുടെ മുകള്‍ഭാഗത്തെ ചിറകുകള്‍ക്കും ലിവര്‍ ഓയിലിനും വിപണിയില്‍ മൂല്യമുണ്ട്.

മല്‍സ്യബന്ധന തൊഴിലാളികളുടേയും തീരദേശവാസികളുടേയും നിസ്വാര്‍ത്ഥമായ സഹകരണത്തോടുകൂടി മാത്രമേ തിമിംഗല സ്രാവ് സംരക്ഷണ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയൂ. ഇതിന്റെ ഭാഗമായി മല്‍സ്യബന്ധത്തിലേര്‍പ്പെടുന്നവരെ കൂടി പങ്കെടുപ്പിച്ച് തീരപ്രദേശങ്ങളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമടക്കം ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും

ബോധവല്‍ക്കരണം തീരദേശവാസികളില്‍

2001 വരെ തിമിംഗല സ്രാവുകളുടെ സംരക്ഷണത്തിന് മതിയായ നിയമങ്ങള്‍ നിലവിലില്ലാതിരുന്നതിനാല്‍ ഇന്ത്യയുടെ പശ്ചിമ തീരങ്ങളില്‍, പ്രത്യേകിച്ച് ഗുജറാത്ത് തീരപ്രദേശങ്ങളില്‍ ഇവ വലിയതോതില്‍ വേട്ടയാടപ്പെട്ടിരുന്നു. പിന്നീട് ഇവ സംരക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഇതിനായുള്ള മാര്‍ഗങ്ങളും അധികൃതരുള്‍പ്പെടെയുള്ളവര്‍ അന്വേഷിച്ചു തുടങ്ങുന്നത്. വിവിധ ബോധവല്‍ക്കരണ പരിപാടികളും നിയന്ത്രണങ്ങളും വന്നതോടെ ഇന്ന് ഗുജറാത്ത് തീരം ഇക്കൂട്ടര്‍ക്ക് പൊതുവെ സുരക്ഷിത താവളമായി. തിമിംഗല സ്രാവ് സംരക്ഷണ പദ്ധതിയുടെ ഭാഗമായി വൈല്‍ഡ്‌ലൈഫ് ട്രെസ്റ്റ് ഓഫ് ഇന്ത്യ, ടാറ്റാ കെമിക്കല്‍സ് ലിമിറ്റഡിന്റെയും ഗുജറാത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പങ്കാളിത്തത്തോടെ നടപ്പാക്കിയ പരിപാടികളാണ് ഇതിനു സഹായകമായത്.

2012-13 കാലഘട്ടങ്ങളിലായി ഇന്റര്‍നാഷണന്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ നേച്ചറിന്റെ(ഐയുസിഎന്‍) സഹായത്തോടെ വൈല്‍ഡ്‌ലൈഫ് ട്രെസ്റ്റ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ ലക്ഷദ്വീപില്‍ തിമിംഗല സ്രാവുകളുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ കണ്ടെത്തിയിരുന്നു. കേരള തീരത്തും ഇവ കരയ്ക്കടിയുന്നതായി ശ്രദ്ധിക്കപ്പെടുകയുണ്ടായി. മാത്രമല്ല ചാവക്കാടും പൊന്നാനിയും മല്‍സ്യബന്ധനത്തിനിടെ ഇവ വലയില്‍ കുടുങ്ങിയിട്ടുമുണ്ട്. ഇതോടെയാണ് കേരളത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായി ചേര്‍ന്ന് വൈല്‍ഡ്‌ലൈഫ് ട്രെസ്റ്റ് ഓഫ് ഇന്ത്യ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നത്. മല്‍സ്യബന്ധന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന തീരദേശവാസികള്‍ക്കിടയില്‍ ഒരു മുഴുനീള ബോധവല്‍ക്കരണ കാംപെയ്‌നിലൂടെയാണ് ഇതിനു തുടക്കമിട്ടിരിക്കുന്നത്. മല്‍സ്യബന്ധത്തിലേര്‍പ്പെടുന്നവരെ കൂടി പങ്കെടുപ്പിച്ച് തീരപ്രദേശങ്ങളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമടക്കം ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും.

മല്‍സ്യബന്ധന തൊഴിലാളികളുടേയും തീരദേശവാസികളുടേയും നിസ്വാര്‍ത്ഥമായ സഹകരണത്തോടുകൂടി മാത്രമേ തിമിംഗല സ്രാവ് സംരക്ഷണ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയൂ. ബോധവല്‍ക്കരണത്തിനൊപ്പം തിമിംഗല സ്രാവുകളെ ജിയോ ടാഗ് ചെയ്യാനും ആലോചനയുണ്ട്. മുമ്പ് ഗുജറാത്തില്‍ ഇത്തരത്തില്‍ ജിയോടാഗ് ചെയ്ത് സ്രാവുകള്‍ സോമാലിയന്‍ തീരങ്ങളില്‍ വരെ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

Comments

comments

Categories: FK Special, Slider