ഇന്ത്യയുടെ വികസന പദ്ധതികളില്‍ നിക്ഷേപ താല്‍പ്പര്യം പ്രകടിപ്പിച്ച് തായ് കമ്പനികള്‍

ഇന്ത്യയുടെ വികസന പദ്ധതികളില്‍ നിക്ഷേപ താല്‍പ്പര്യം പ്രകടിപ്പിച്ച് തായ് കമ്പനികള്‍

കഴിഞ്ഞ വര്‍ഷം പത്ത് ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ നടന്നത്

മുംബൈ: ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് നിരവധി തായ്‌ലന്‍ഡ് കമ്പനികള്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തുന്ന തായ്‌ലന്‍ഡ് കമ്പനികള്‍ പദ്ധതിയിടുന്നത്.

രാജ്യത്തെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഭാഗമാകുന്നതിലൂടെ വിപണിയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനാണ് തായ് കമ്പനികളുടെ ശ്രമം. ഇന്ത്യയില്‍ വലിയ അവസരങ്ങളാണുള്ളതെന്ന് കമ്പനികള്‍ വിലയിരുത്തുന്നു. ഊര്‍ജം, അടിസ്ഥാനസൗകര്യം, ലോഹം തുടങ്ങിയ മേഖലകളിലെ അവസരങ്ങളാണ് നിക്ഷേപകര്‍ തേടുന്നതെന്നും തായ് ട്രേഡ് സെന്റര്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ സുവിമോല്‍ തിലോക്രുംഗ്ചായ് പറഞ്ഞു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകാലത്തോളമായി അതീവ താല്‍പ്പര്യത്തോടെയാണ് ഇന്ത്യയെ തങ്ങള്‍ സമീപിക്കുന്നതെന്നും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് പദ്ധിയിടുന്നതായും സുവിമോല്‍ അറിയിച്ചു. ഇക്കാര്യത്തിലുള്ള ഇരുരാഷ്ട്രങ്ങളിലെയും സര്‍ക്കാരുകളുടെ മികച്ച സമീപനത്തെയും അവര്‍ പ്രശംസിച്ചു.

അടിസ്ഥാനസൗകര്യം, റിയല്‍റ്റി, ഭക്ഷ്യസംസ്‌കരണം, രാസപദാര്‍ത്ഥങ്ങളുടെ നിര്‍മാണം, ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലായി ഏകദേശം 30ഓളം തായ് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഒരു ദശാബ്ദത്തിലധികമായി ഇവ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയാണ് തായ്‌ലന്‍ഡ്. നിലവില്‍ ഇന്ത്യയും ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യന്‍ നാഷന്‍സ്) രാഷ്ട്രങ്ങളും തമ്മിലുള്ള രണ്ടാം സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രയോജനം തായ്‌ലന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. തായ്‌ലന്‍ഡും ആസിയാന്‍ ഗ്രൂപ്പിന്റെ ഭാഗമായതിനാല്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്കും ഇറക്കുമതിക്കാര്‍ക്കും ഈ കരാറിന്റെ പ്രയോജനം ലഭിക്കുമെന്നും സുവിമോല്‍ കൂട്ടിച്ചേര്‍ത്തു.

തായ്‌ലന്‍ഡിന്റെ വികസനത്തില്‍ പങ്കാളികളായികൊണ്ട് അവിടെ നിക്ഷേപം നടത്തുന്നതിന് തായ് സര്‍ക്കാര്‍ ഇന്ത്യന്‍ കമ്പനികളെയും ക്ഷണിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍, കാര്‍ഷിക രാസവസ്തുക്കള്‍, ഇലക്ട്രിക് കാര്‍ തുടങ്ങിയ മേഖലകളിലായി ഏകദേശം 40 ഓളം ഇന്ത്യന്‍ കമ്പനികള്‍ തായ്‌ലന്‍ഡില്‍ രണ്ട് ബില്യണ്‍ ഡോളറിനടുത്ത് നിക്ഷേപം നിലവില്‍ നടത്തിയിട്ടുണ്ട്.

ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ആദിത്യ ബിര്‍ള ഗ്രൂപ്പ്, മഹീന്ദ്ര സത്യം, ലുപിന്‍, എന്‍ഐഐടി, കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ്, പഞ്ച് ല്ലോയ്ഡ് ഗ്രൂപ്പ്, അശോക് ലേലാന്‍ഡ്‌സ്, ജിന്‍ഡാല്‍ ഗ്രൂപ്പ്, ഉഷ സിയാം സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് എന്നിവയാണ് തായ്‌ലന്‍ഡില്‍ സജീവ സാന്നിധ്യമായിട്ടുള്ള ഇന്ത്യന്‍ കമ്പനികള്‍. 2000 മുതല്‍ ഇങ്ങോട്ട് ഇന്ത്യയും തായ്‌ലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ എട്ട് മടങ്ങ് വര്‍ധനയാണ് നിരീക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം പത്ത് ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ നടന്നത്.

Comments

comments

Categories: Business & Economy