നിര്‍മല പാരമ്പര്യത്തിന്റെ നാളികേരത്തനിമ

നിര്‍മല പാരമ്പര്യത്തിന്റെ നാളികേരത്തനിമ

കേരളത്തിലെ പ്രാദേശിക സംരംഭകരുടെ ദീര്‍ഘവീക്ഷണത്തില്‍ നാളികേരം വരുമാന ശ്രോതസായി പരുവപ്പെട്ടപ്പോള്‍ അവയ്ക്ക് ചുക്കാന്‍ പിടിച്ച അതികായന്മാരില്‍ മുന്‍പന്തിയിലുള്ള പേരാണ് കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്. പില്‍ക്കാലത്ത് ഉപബ്രാന്‍ഡുകള്‍ വിപണിയില്‍ വിന്യസിച്ച് കേരപ്പെരുമയെ ആഗോളതലത്തിലെത്തിച്ച കമ്പനി ഇന്ന് നാളികേരത്തില്‍ നിന്ന് ഏറ്റവുമധികം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന സ്ഥാപനമായി വളര്‍ന്നുകഴിഞ്ഞു. വിശാലമായ ഉല്‍പ്പന്ന ശ്രേണിക്കൊപ്പം മികവും ചേര്‍ന്നപ്പോള്‍ വിപണിയിലെ പകരം വെക്കാനില്ലാത്ത നാമമായി മാറുകയായിരുന്നു കെഎല്‍എഫ്

ഏഴര പതിറ്റാണ്ട് നീണ്ട മികവുറ്റ സേവനത്തിന്റെ കരുത്തുമായി ജനശ്രദ്ധ നേടിയ പേരാണ് കെഎല്‍എഫ്. ചെറുകിട യൂണിറ്റില്‍ തുടക്കം കുറിച്ച് വെളിച്ചെണ്ണ നിര്‍മാണ രംഗത്ത് ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന കമ്പനിയായി വളര്‍ന്ന കെഎല്‍എഫിന് കരുത്തായത് പകരം വെക്കാനില്ലാത്ത ഗുണമേന്മ തന്നെയാണ്. നാളികേരവും നാളികേര ഉല്‍പ്പന്നങ്ങളും മലയാളിയുടെ കൈയൊപ്പ് ചാര്‍ത്തി വിദേശ വിപണികള്‍ വരെ കീഴടക്കി തുടങ്ങിയ കാലഘട്ടം മുതല്‍ക്കേ കെഎല്‍എഫ് അവയ്ക്കിടയില്‍ സ്വന്തം സ്ഥാനം കണ്ടെത്തിയിരുന്നു. കാലഘട്ടത്തിന്റെ ആവശ്യകതകള്‍ തിരിച്ചറിഞ്ഞ് തങ്ങളുടെ ഉല്‍പ്പന്നശ്രേണി വികസിപ്പിച്ചുകൊണ്ടിരുന്ന കെഎല്‍എഫ് ഇന്ന് നിരവധി ഉപബ്രാന്‍ഡുകളിലൂടെ സേവനത്തെ വിവിധ തലങ്ങളിലേക്ക് വിന്യസിച്ചിരിക്കുകയാണ്. നിര്‍മല്‍ പ്യുവര്‍ കോക്കനട്ട് ഓയില്‍, നിര്‍മല്‍ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, കോകോനാട്, ടില്‍നാട്, കോകോ ഡെയ്‌ലി, കോകോ സോഫ്റ്റ് തുടങ്ങി ഇന്ന് നിരവധി ബ്രാന്‍ഡുകള്‍ കെഎല്‍എഫിന് കീഴില്‍ അണിനിരത്തിയിട്ടുണ്ട്.

കാര്‍ഷിക മേഖലയുടെ കൈക്കരുത്ത്

കെഎല്‍ ഫ്രാന്‍സിസ് തുടക്കമിട്ട കെഎല്‍എഫ്, നിര്‍മല്‍ എന്ന നാമധേയത്തിലേക്കും ആധുനിക വ്യാപാര മേഖലകളിലേക്കുമുള്ള സഞ്ചാര വേഗം വര്‍ധിപ്പിച്ചുകൊണ്ട് 1987ലാണ് അഞ്ച് ടണ്‍ കപ്പാസിറ്റിയുള്ള മില്ലുമായി കൊടുങ്ങല്ലൂരില്‍ തുടക്കം കുറിക്കുന്നത്. പോള്‍ ഫ്രാന്‍സിസ്, സണ്ണി ഫ്രാന്‍സിസ്, ജോണ്‍ ഫ്രാന്‍സിസ് എന്നീ സഹോദരങ്ങള്‍ പിന്നീട് കാര്‍ഷിക കേരളത്തിന് മുന്നില്‍ വെച്ചത് ആഗോളനിലവാരത്തിലുള്ള കേര ഉല്‍പ്പന്നങ്ങളുടെ നീണ്ട നിര തന്നെയായിരുന്നു. പിന്നീട് 1992ല്‍ ഇരിങ്ങാലക്കുടയില്‍ 10 ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള മില്ല് സജ്ജമാക്കിക്കൊണ്ട് കെഎല്‍എഫ് നിര്‍മല്‍ വ്യവസായത്തിന്റെ വ്യാപ്തി ഇരട്ടിയാക്കി. തുടര്‍ന്നും കാലികമായ മാറ്റങ്ങള്‍ നടപ്പിലാക്കിയ കമ്പനി ഇന്ന് 60 ടണ്‍ നിര്‍മാണ ശേഷിയുള്ള വന്‍കിട പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. മറ്റ് കമ്പനികള്‍ വിറക് കത്തിച്ച് കൊപ്ര പ്രോസസിംഗ് നടത്തിയിരുന്ന കാലത്ത് സ്റ്റീം ബേസ് ഡ്രയര്‍ സംവിധാനം സജ്ജമാക്കിക്കൊണ്ട് വിപണിക്ക് മുന്നില്‍ നൂതന സജ്ജീകരണങ്ങളുടെ വന്‍ ശൃംഖല തന്നെ കാഴ്ചവെച്ചാണ് നിര്‍മല്‍ വിപണിയില്‍ ശ്രദ്ധേയമായത്. കേരവൃക്ഷത്തിന്റെ മാനം മുട്ടുന്ന തലയെടുപ്പുമായി കാര്‍ഷിക കേരളത്തിന്റെ സംരഭക ശേഷിയെ മികച്ച രീതിയില്‍ വിനിയോഗിക്കാനും അവര്‍ക്ക് കഴിഞ്ഞു. കാലഘട്ടത്തിന് യോജിച്ച മികച്ച സജ്ജീകരണങ്ങള്‍ വിപണിയില്‍ ആദ്യം അവതരിപ്പിച്ച സ്ഥാപനം ഉല്‍പ്പന്നങ്ങളുടെ മികവിനോട് പരമാവധി നീതി പുലര്‍ത്താനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതര കമ്പനികള്‍ വെളിച്ചെണ്ണ വാങ്ങി പ്രോസസ് ചെയ്ത് ബോട്ടിലുകളില്‍ വിപണിയിലെത്തിച്ചപ്പോള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് കൊപ്ര വാങ്ങി വെളിച്ചെണ്ണയാക്കിയ നിര്‍മല്‍, കാര്‍ഷിക രംഗത്തിന് കൂടി ഉയര്‍ച്ചയുടെ കൈക്കരുത്ത് നല്‍കുന്നുണ്ട്.

നിലവില്‍ 300 കോടിയാണ് സ്ഥാപനത്തിന്റെ വിറ്റുവരവ്. 2020ഓടെ ഇത് 500 കോടിയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി വിന്യസിച്ചിരിക്കുന്ന ഉല്‍പ്പാദന യൂണിറ്റുകള്‍ ഇതിനായുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു

വിശ്വാസം ഉറപ്പാക്കി ബ്രാന്‍ഡ് അവബോധം

പില്‍ക്കാലത്ത് നാളികേരത്തിന്റെ വില കുത്തനെ ഇടിഞ്ഞപ്പോഴും കര്‍ഷകര്‍ പലരും ഈ രംഗത്തു നിന്നും പിന്‍വാങ്ങിയപ്പോഴും നഷ്ടക്കണക്കുകളിലേക്ക് നോക്കാതെയാണ് കമ്പനി പ്രയാണം തുടര്‍ന്നത്.
ഏത് സാഹചര്യത്തിലായാലും കെല്‍എഫില്‍ എത്തിച്ചാല്‍ കൊപ്ര എടുത്തുകൊള്ളും എന്ന വിശ്വാസം കര്‍ഷകരില്‍ ഉണ്ടാക്കിയെടുത്തത് കമ്പനിക്കും ഗുണകരമായി. കൊളസ്‌ട്രോള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്നതാണ് നിര്‍മലിന്റെ പ്രധാന സവിശേഷത. മികച്ച പ്രോസസിംഗും മറ്റും ഇതിന് വഴിവെക്കുന്നു. ഇന്ന് 20ഓളം രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഉല്‍പ്പാദനത്തിന്റെ 30 ശതമാനവും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഇതിനുപുറമെ നാളികേരത്തില്‍ നിന്ന് ഏറ്റവും അധികം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന സ്ഥാപനം എന്ന ഖ്യാതിയും കെഎല്‍എഫിന് തന്നെ. സോപ്പ് മുതല്‍ ചട്‌നി വരെയായി 22ഓളം ഉല്‍പ്പന്നങ്ങളാണ് കമ്പനി ഇപ്പോള്‍ വിപണിയിലെത്തിക്കുന്നത്. ഇതെല്ലാം പൂര്‍ണമായും സുരക്ഷിതവും ഒട്ടും തന്നെ മായം കലരാത്തവയുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മാതാക്കളും നിര്‍മല്‍ തന്നെയാണ്. ഔഷധഗുണങ്ങള്‍ ഏറെയുള്ള വിര്‍ജിന്‍ ഓയില്‍ നിര്‍മല്‍ വിപണിയിലെ ആവശ്യാക്കാരേറെയുള്ള ബ്രാന്‍ഡാണ്. എല്ലാ മേഖലയിലുമെന്ന പോലെ ഇതിലും പ്രശ്‌നം സൃഷ്ടിക്കുന്നത് അപരന്മാരാണ്. കാച്ചിയ എണ്ണയെ വിര്‍ജിന്‍ ഓയില്‍ എന്ന പേരില്‍ അവതരിപ്പിക്കുന്ന സ്ഥാപനങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വിര്‍ജിന്‍ ഓയില്‍ അതല്ല. ചൂടാക്കുന്ന പ്രക്രിയ വഴിയല്ല വിര്‍ജിന്‍ ഓയില്‍ തയാറാക്കുന്നത്. മറിച്ച് അതിന് ആവശ്യമായി വരുന്നത് ശീതീകരണ പ്രക്രിയയാണ്. ഈ രംഗത്ത് നിയമപരമായ സംവിധാനങ്ങള്‍ അത്രത്തോളം ശക്തമല്ല, അതിനാലാണ് വിപണിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ഇക്കൂട്ടര്‍ എത്തുന്ന് കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററായ പോള്‍ ഫ്രാന്‍സിസ് പറയുന്നു. ഓരോ ഉല്‍പ്പന്നങ്ങളും മികച്ച ബ്രാന്‍ഡിംഗ് അവബോധത്തിന്റെ പിന്തുണയുമായി വിപണിയിലെത്തിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഇതിന്റെ ഫലമായിത്തന്നെ കെഎല്‍എഫിന് കീഴിലുള്ള ഓരോ ഉല്‍പ്പന്നങ്ങളും സ്വയംപര്യാപ്തതയുള്ള വിവിധ ബ്രാന്‍ഡുകള്‍ എന്ന രീതിയിലാണ് നിലനില്‍ക്കുന്നത്. കോകോനാട് വെളിച്ചെണ്ണയ്ക്ക് മോഹന്‍ലാലിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരസ്യചിത്രവുമെല്ലാം ഇത്തരത്തില്‍ ബ്രാന്‍ഡ് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ളതായിരുന്നു.

വിലക്കുറവ് മാത്രം നോക്കി വാങ്ങുന്ന ഉപഭോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ കബളിപ്പിക്കപ്പെടുന്നു. നിര്‍മല്‍ ഉല്‍പ്പന്നങ്ങളും മറ്റ് ബ്രാന്‍ഡുകളിലുള്ള ഉല്‍പ്പന്നങ്ങളും തമ്മില്‍ ഗന്ധത്തിലും കാഴ്ചയിലും തന്നെ പ്രകടമായ മാറ്റം ദൃശ്യമാണ്

 
പോള്‍ ഫ്രാന്‍സിസ്

മാനേജിംഗ് ഡയറക്റ്റര്‍

കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്

നാളികേര കൃഷിയില്‍ പ്രതിസന്ധി

ഇന്ന് മേഖല വന്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നാണ് പോള്‍ ഫ്രാന്‍സിസിന്റെ അഭിപ്രായം. വിലയിലെ ഏറ്റക്കുറച്ചിലുകളും വരള്‍ച്ചയും മൂലം നാളികേര കൃഷിയുടെ അളവ് കുറഞ്ഞത് ഇതിനു കാരണമാകുന്നുണ്ട്. വിലക്കുറവ് ഉണ്ടാകുമ്പോള്‍ ചെലവ് പോലും തിരികെ ലഭിക്കാത്ത സാഹചര്യമാകുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ പിന്മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്. വില ഉയര്‍ന്നെങ്കില്‍ മാത്രമേ ഇവര്‍ക്ക് കൃഷി തുടരാന്‍ സാധിക്കൂ. ഇന്ന് ഉല്‍പ്പാദന യൂണിറ്റിന്റെ പകുതി ഉല്‍പ്പാദനം മാത്രമേ നടക്കുന്നുള്ളൂ. മുഴുവന്‍ ശേഷി വിനിയോഗിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്. വിലക്കുറവിനെ നേരിടാന്‍ മായവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദകരും കടന്നുവന്നതോടെയാണ് വിപണിയില്‍ വെളിച്ചെണ്ണയുടെ ഗുണമേന്മ ഇല്ലാതായിവന്നത്. എന്നാല്‍ ഇന്ന് ആഗോള വിപണിയില്‍ പടര്‍ന്ന കുപ്രചരണങ്ങളെ തള്ളി വെളിച്ചെണ്ണയുടെ ഉപയോഗം വര്‍ധിച്ചുവരുന്നുണ്ട്. വെളിച്ചെണ്ണയുടെ അമിതമായ ഉപയോഗം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നായിരുന്നു ഇത്രനാള്‍ പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ പഠനങ്ങള്‍ തന്നെ അത് തിരുത്തുന്നുണ്ട്. കാര്‍ഷിക രംഗത്തിന് അനുകൂലമായ സാഹചര്യത്തിലേക്ക് സ്ഥിതി മാറേണ്ടതുണ്ട്. ഇതിനുപുറമെ കുറഞ്ഞ വിലയില്‍ ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സ്ഥാപനങ്ങളും ഒരുക്കിവെക്കുന്നത് ഒരു വ്യാവസായിക മേഖലയുടെ തകര്‍ച്ച തന്നെയാണ്. വിലക്കുറവ് മാത്രം നോക്കി വാങ്ങുന്ന ഉപഭോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. നിര്‍മല്‍ ഉല്‍പ്പന്നങ്ങളും മറ്റ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും തമ്മില്‍ ഗന്ധത്തിലും കാഴ്ചയിലും പ്രകടമായ മാറ്റം ദൃശ്യമാണ്. ആ സവിശേഷത തന്നെയാണ് ഇന്ത്യയിലും വിദേശത്തുമായി വ്യാപാരത്തെ വിന്യസിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കിയത്.

ഗുണമേന്‍മ ഉറപ്പാക്കുന്ന ആധുനിക സജ്ജീകരണങ്ങള്‍

മൂന്ന് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വിരലിലെണ്ണാവുന്നത്ര കമ്പനികളില്‍ ഒന്ന് നിര്‍മലാണ്. മികച്ച അത്യാധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍മാണയൂണിറ്റും മറ്റും നിര്‍മലിന്റെ ഗുണമേന്‍മ അന്വര്‍ത്ഥമാക്കുന്നതിന് സഹായകമാകുന്നുണ്ട്. അത്രമേല്‍ പരിശുദ്ധമായ വിധത്തിലാണ് ഇവിടെ ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നത്. കര്‍ഷകരില്‍ നിന്ന് കൊപ്ര എടുക്കുന്നത് മുതല്‍ തന്നെ മികച്ച പ്രക്രിയകള്‍ ഇവിടെ ഉറപ്പാക്കപ്പെടുന്നുണ്ട്. പുലര്‍ച്ചെ വെട്ടി വെയിലത്ത് വെക്കുന്ന കൊപ്ര അടുത്ത ദിവസം ചിരട്ടയില്‍ നിന്ന് വേര്‍പെടുത്തും. പിന്നീട് വീണ്ടും അവ വെയിലത്ത് വെക്കും. ഇങ്ങനെ ഉണങ്ങിയ കൊപ്ര അഞ്ചാം ദിവസമാണ് കമ്പനിയില്‍ എത്തുന്നത്. ഇവിടെ വീണ്ടും വിവിധ ഘട്ടങ്ങളിലൂടെ കടത്തിവിട്ട് കൊപ്രയിലെ ജലാംശം പൂര്‍ണമായും ഇല്ലാതാക്കി ക്രഷിംഗ് യൂണിറ്റിലേക്ക് എത്തിക്കും. ഓരോ ഷിഫ്റ്റിലായി 20 ടണ്‍ വീതമാണ് ഇത്തരത്തില്‍ ക്രഷിംഗിന് വിധേയമാക്കുന്നത്. തുടര്‍ന്ന് ഫില്‍ട്ടറേഷന്‍ വഴി തരികള്‍ നീക്കം ചെയ്യപ്പെടും. നാല് തരത്തിലുള്ള ഫില്‍ട്ടറിംഗ് ആണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ഘട്ടത്തിലും സാമ്പിള്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്നതും കെഎല്‍എഫിന്റെ സവിശേഷതയാണ്. പിന്നീടാണ് പായ്ക്കിംഗ്. സാമ്പിള്‍ ടിന്‍ മുതല്‍ 5 ലിറ്റര്‍ വരെ വെളിച്ചെണ്ണ പായ്ക്ക് ചെയ്യുന്നുണ്ട്. വായു കടക്കാതെയും പെട്ടെന്ന് കേടു വരാത്ത വിധത്തിലുമാണ് പായ്ക്കിംഗ്. ഇത്രയും ഘട്ടങ്ങള്‍ക്ക് ശേഷം ബാക്കിവരുന്ന പിണ്ണാക്കും വെറുതെ കളയാന്‍ കമ്പനി തയാറല്ല. നിര്‍മാണശേഷം ബാക്കിവരുന്ന പിണ്ണാക്ക് കാലിത്തീറ്റ നിര്‍മാണ കമ്പനികള്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നാളികേരത്തിന്റെ മികവ് ഓരോ തലത്തിലും ഉയര്‍ത്തിക്കൊണ്ട് വിവിധ ഉല്‍പ്പന്നങ്ങളുടെ ശ്രേണി തന്നെ സജ്ജമാക്കിയാണ് നിര്‍മല്‍ കല്‍പ്പവൃക്ഷത്തിന് കരുത്തേകുന്നത്.

മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ തരണം ചെയ്ത് വ്യവസായ മേഖലയില്‍ കരുത്തുറ്റ പ്രകടനം കാഴ്ചവെക്കാനുള്ള കഠിനപ്രയത്‌നത്തിലാണിപ്പോള്‍ കമ്പനി. പ്രതികൂല സാഹചര്യങ്ങള്‍ തീര്‍ക്കുന്ന കുത്തൊഴുക്കിലും കൈവിടാതെ കാത്തുവെച്ച വ്യാവസായിക മികവ് കമ്പനിയുടെ പ്രയാണത്തിന് കൂടുതല്‍ കരുത്തേകുന്നുണ്ട്. നിലവില്‍ 300 കോടിയാണ് സ്ഥാപനത്തിന്റെ വിറ്റുവരവ്. 2020ഓടെ ഇത് 500 കോടിയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി വിന്യസിച്ചിരിക്കുന്ന ഉല്‍പ്പാദന യൂണിറ്റുകള്‍ ഇതിനായുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിന് പുറമെ കമ്പനിയുടെ 30 ശതമാനം ഓഹരി ബോംബെ കമ്പനിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. എക്‌സ്‌പോര്‍ട്ട് അവാര്‍ഡ് അടക്കം വ്യാവസായിക രംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള സ്ഥാപനം പ്രതികൂല സാഹചര്യങ്ങളിലും ഉല്‍പ്പന്നത്തിന്റെ മികവില്‍ യാതൊരുവിധ കുറവും വരുത്താന്‍ തയാറായിട്ടില്ല. കേരളത്തിന്റെ തനത് കാര്‍ഷിക വിളയെ വരുമാനത്തിനൊപ്പം കേരളീയ ബ്രാന്‍ഡ് എന്ന നിലയില്‍ കൂടി ഉര്‍ത്തിക്കൊണ്ടുവന്ന സ്ഥാപനം നൈര്‍മല്യ പരിശുദ്ധിയുമായി പ്രവര്‍ത്തനം തുടരുകയാണ്.

Comments

comments