ഹോണ്ട മങ്കി 125 ഉല്‍പ്പാദനം സ്ഥിരീകരിച്ചു

ഹോണ്ട മങ്കി 125 ഉല്‍പ്പാദനം സ്ഥിരീകരിച്ചു

ഹോണ്ട ഗ്രോമിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് പുതിയ മങ്കി 125 നിര്‍മ്മിക്കുന്നത്

മിനാട്ടോ (ജപ്പാന്‍) : മങ്കി 125 മിനി ബൈക്കിന്റെ ഉല്‍പ്പാദനം ഹോണ്ട സ്ഥിരീകരിച്ചു. 2017 ടോക്കിയോ മോട്ടോര്‍ ഷോയിലാണ് ബൈക്ക് ആദ്യം പ്രദര്‍ശിപ്പിച്ചത്. പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് മങ്കി ബൈക്കുകളുടെ ഉല്‍പ്പാദനം ഇതിനുമുമ്പ് കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചിരുന്നു. മങ്കി ബൈക്കുകളുടെ മോശം വില്‍പ്പനയും ഹോണ്ട കണക്കിലെടുത്തു.

ഹോണ്ട ഗ്രോമിന്റെ (യൂറോപ്പ്, കിഴക്കനേഷ്യ എന്നിവിടങ്ങളില്‍ എംഎസ്എക്‌സ് 125) അതേ പ്ലാറ്റ്‌ഫോമിലാണ് പുതിയ മങ്കി 125 നിര്‍മ്മിക്കുന്നത്. ഗ്രോമിന്റെ അതേ എന്‍ജിന്‍ ഉപയോഗിക്കും. 125 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7,000 ആര്‍പിഎമ്മില്‍ 9.3 ബിഎച്ച്പി കരുത്തും 5,250 ആര്‍പിഎമ്മില്‍ 11 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. എന്‍ജിന്‍ ഫ്യൂവല്‍ ഇന്‍ജെക്റ്റഡാണ്. 107 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. ഇന്ധന ടാങ്കില്‍ 5.6 ലിറ്റര്‍ പെട്രോള്‍ നിറയ്ക്കാം.

യുഎസ്ഡി (അപ്‌സൈഡ് ഡൗണ്‍) ഫോര്‍ക്കുകള്‍, 12 ഇഞ്ച് ടയറുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍ ( മുന്നില്‍ 220 എംഎം, പിന്നില്‍ 190 എംഎം), സിംഗിള്‍ ചാനല്‍ എബിഎസ് എന്നിവ പുതിയ മങ്കി 125 മിനി ബൈക്കിന്റെ ഫീച്ചറുകളാണ്. റിയര്‍ ലിഫ്റ്റ് പ്രൊട്ടക്ഷന്‍ സാങ്കേതികവിദ്യ നല്‍കുന്നതിനാല്‍ മങ്കി 125 ഉപയോഗിച്ച് സ്‌റ്റോപ്പീ സാഹസങ്ങള്‍ ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും.

ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, വൃത്താകൃതിയിലുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ആഗോളതലത്തില്‍ ബനാന യെല്ലോ, പേള്‍ നെബുല റെഡ്, പേള്‍ ഷൈനിംഗ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ ബൈക്ക് ലഭിക്കും. വേള്‍ഡ് മോട്ടോര്‍സൈക്കിള്‍ ടെസ്റ്റ് സൈക്കിള്‍ (ഡബ്ല്യുഎംടിസി) മാനദണ്ഡങ്ങളനുസരിച്ച് 67.1 കിലോമീറ്ററാണ് അവകാശപ്പെടുന്ന ഇന്ധനക്ഷമത.

ഹോണ്ട ഇസഡ് സീരീസ് മിനി ബൈക്കുകള്‍ ഓടിക്കുന്നവരെ കണ്ടാല്‍ കുരങ്ങനുമായി സാമ്യം തോന്നുന്നതിനാലാണ് മങ്കി ബൈക്ക് എന്ന് വിളിച്ചുതുടങ്ങിയത്

ഹോണ്ട ഇസഡ് സീരീസ് മിനി ബൈക്കുകള്‍ ഓടിക്കുന്നവരെ കണ്ടാല്‍ കുരങ്ങനുമായി സാമ്യം തോന്നുന്നതിനാലാണ് മങ്കി ബൈക്ക് എന്ന് വിളിച്ചുതുടങ്ങിയത്. ആദ്യ ഇസഡ് സീരീസ് മോഡല്‍ (ഇസഡ്50എം) വിപണിയിലെത്തിയത് 1964 മാര്‍ച്ചിലാണ്. ഹോണ്ട ജപ്പാന്റെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ പുതിയ മങ്കി 125 കാണാം. ബൈക്കിന് 3,99,600 യെന്‍ വില വരും. ഏകദേശം 2.45 ലക്ഷം ഇന്ത്യന്‍ രൂപ. സ്‌ക്രാംബ്ലര്‍, കഫേ റേസര്‍ വേരിയന്റുകളില്‍ മങ്കി 125 പുറത്തിറക്കും. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ല.

Comments

comments

Categories: Auto