ധാരാളം വെള്ളം കുടിക്കാം.. ആരോഗ്യം നിലനിര്‍ത്താം

ധാരാളം വെള്ളം കുടിക്കാം.. ആരോഗ്യം നിലനിര്‍ത്താം

വെള്ളമില്ലാതെ മനുഷ്യന് ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ല. മണവും, നിറവുമില്ലാത്ത ഈ ദ്രാവകമാണ് ശരീരത്തിലെ സൂക്ഷ്മ കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പോലും നിയന്ത്രിക്കുന്നത്. വെള്ളത്തിന്റെ ഉപയോഗം കുറയുന്നത് മൂലം മൂത്രാശയ രോഗങ്ങള്‍, നിര്‍ജലീകരണം, തലവേദന, ഏകാഗ്രതക്കുറവ് എന്നിവ വരുന്നതിന് ഇടയാകും.

കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് പലപ്പോഴും ദാഹം തിരിച്ചറിഞ്ഞ് വെള്ളം കുടിക്കാന്‍ കഴിയില്ല എന്നതു കൊണ്ട് തന്നെ ഇത്തരക്കാര്‍ക്കിടയില്‍ നിര്‍ജലീകരണം എളുപ്പത്തില്‍ സംഭവിക്കാം. 80 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് അന്തരീക്ഷത്തിലെ പെട്ടെന്നുാകുന്ന വരള്‍ച്ച ആരോഗ്യത്തെ ബാധിക്കാം ഇതൊഴിവാക്കാന്‍ ഉപ്പിട്ട മോര് പോലെയുള്ള പാനീയങ്ങള്‍ കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന്റെ 50 മുതല്‍ 70 ശതമാനം വരെ ജലമാണെങ്കിലും സ്വാഭാവികമായി അവയവങ്ങള്‍ക്കു വേണ്ടി വരുന്ന വെള്ളം ശേഖരിച്ചു വെക്കാനുള്ള കഴിവ് മനുഷ്യ ശരീരത്തിനില്ല. അതിനാല്‍ തന്നെ വെള്ളം കുടിക്കുന്നത് ശീലമാക്കണം.

നാം കുടിക്കുന്ന ജലം ശ്വസനം, വിയര്‍പ്പ്, മലമൂത്ര വിസര്‍ജനം എന്നിവയിലൂടെ പുറം തള്ളപ്പെടും. മാത്രമല്ല ഓരോ ശരീരപ്രകൃതിക്കും അനുസരിച്ച് ഓരോ മനുഷ്യര്‍ക്കും ആവശ്യമുള്ള ജലത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. ഓരോ കിലോയ്ക്കും 30 മില്ലി ലിറ്റര്‍ എന്ന അടിസ്ഥാനത്തില്‍ വേണം ശരീരത്തിന് വേണ്ട ജലത്തിന്റെ അളവ് കണക്കാക്കാന്‍. രോഗമുള്ളവര്‍, കായികമായി ഏറെ അധ്വാനമുള്ള ജോലി ചെയ്യുന്നവര്‍, കായിക താരങ്ങള്‍ എന്നിവരെല്ലാം ധാരാളം വെള്ളം കുടിക്കണം. സാധാരണ ഒരു വ്യക്തി 1.5 മുതല്‍ രണ്ട് വരെ ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നതാണ് കണക്ക്. താമസിക്കുന്ന സ്ഥലം ഉഷ്ണമേഖലയാണെങ്കില്‍ ഇതിന്റെ ഇരട്ടി അനുപാതത്തില്‍ വെള്ളം കുടിക്കേണ്ടതായി വരും. ഇന്ത്യയിലെ കാലാവസ്ഥ പൊതുവെ ചൂടേറിയതിനാല്‍ നമ്മള്‍ ഒരു ദിവസം മൂന്നു മുതല്‍ നാലു ലിറ്റര്‍ വരെയെങ്കിലും വെള്ളം കുടിക്കണം. ശരീരം വിയര്‍ക്കുന്നതോടൊപ്പം ധാരാളം ജലം പുറം തള്ളപ്പെടുമെന്നതിനാല്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവും കൂട്ടണം. എന്നാല്‍ പല തവണകളായി വേണം വെള്ളം കുടിക്കാന്‍.

Comments

comments

Categories: Health