ഇന്ത്യന്‍ വില്‍പ്പനയില്‍ 50 ശതമാനം എക്‌സ് സീരീസ് എസ്‌യുവികളായിരിക്കുമെന്ന് ബിഎംഡബ്ല്യു

ഇന്ത്യന്‍ വില്‍പ്പനയില്‍ 50 ശതമാനം എക്‌സ് സീരീസ് എസ്‌യുവികളായിരിക്കുമെന്ന് ബിഎംഡബ്ല്യു

കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ ആകെ വില്‍പ്പനയുടെ 30 ശതമാനത്തോളം എക്‌സ് സീരീസ് ആയിരുന്നു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ബിഎംഡബ്ല്യു വില്‍ക്കുന്ന വാഹനങ്ങളുടെ 50 ശതമാനം എക്‌സ് സീരീസ് എസ്‌യുവികളായിരിക്കുമെന്ന് ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍. 2018 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 11 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ബിഎംഡബ്ല്യു കൈവരിച്ചത്. 2,377 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. കസ്റ്റംസ് തീരുവ വര്‍ധനയെതുടര്‍ന്ന് വില വര്‍ധിപ്പിച്ചുവെങ്കിലും ഈ വര്‍ഷം ഇരട്ടയക്ക വളര്‍ച്ചയാണ് ബിഎംഡബ്ല്യു പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ വില്‍പ്പനയില്‍ എക്‌സ് സീരീസ് നിര്‍ണ്ണായക സംഭാവന ചെയ്യുന്നതായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവ പറഞ്ഞു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ ആകെ വില്‍പ്പനയുടെ 30 ശതമാനത്തോളം എക്‌സ് സീരീസ് ആയിരുന്നു. പുതിയ എക്‌സ്1 പുറത്തിറക്കിയശേഷം കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ബിഎംഡബ്ല്യുവിന്റെ ആകെ വില്‍പ്പനയുടെ 42 ശതമാനം എക്‌സ് സീരീസ് ആയിരുന്നുവെന്ന് അദ്ദേഹം വിശദമാക്കി.

എക്‌സ് സീരീസില്‍ എക്‌സ്1, എക്‌സ്3, എക്‌സ്5, എക്‌സ്6 എന്നീ നാല് മോഡലുകളാണ് നിലവില്‍ ബിഎംഡബ്ല്യു വില്‍ക്കുന്നത്. 34.5 ലക്ഷം രൂപ മുതല്‍ 1.3 കോടി രൂപ വരെയാണ് വില. കഴിഞ്ഞയാഴ്ച്ച ഓള്‍-ന്യൂ എക്‌സ്3 അവതരിപ്പിച്ചിരുന്നു. 49.99 ലക്ഷം രൂപ, 56.7 ലക്ഷം രൂപ എന്നിങ്ങനെയാണ് രണ്ട് വേരിയന്റുകളുടെ എക്‌സ് ഷോറൂം വില.

എക്‌സ് സീരീസില്‍ എക്‌സ്1, എക്‌സ്3, എക്‌സ്5, എക്‌സ്6 എന്നീ നാല് മോഡലുകളാണ് ബിഎംഡബ്ല്യു വില്‍ക്കുന്നത്

എക്‌സ്3 പുറത്തിറക്കുകയും അടുത്ത വര്‍ഷം പുതിയ എക്‌സ്4 വരികയും ചെയ്യുമ്പോള്‍ ഇന്ത്യയിലെ ആകെ വില്‍പ്പനയുടെ 50 ശതമാനം എക്‌സ് സീരീസിലൂടെ കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിക്രം പവ പറഞ്ഞു. ഇന്ത്യയിലെ ആഡംബര വാഹന വിപണിയില്‍ ബിഎംഡബ്ല്യുവിന്റെ വിപണി വിഹിതം വര്‍ധിപ്പിക്കുന്നത് ഈ മോഡലുകളായിരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Comments

comments

Categories: Auto