3 വര്‍ഷത്തെ പരിവര്‍ത്തന പദ്ധതി ഇന്‍ഫോസിസ് രൂപീകരിച്ചു

3 വര്‍ഷത്തെ പരിവര്‍ത്തന പദ്ധതി ഇന്‍ഫോസിസ് രൂപീകരിച്ചു

വന്‍ കരാറുകള്‍ നേടുന്നതിന് സെയ്ല്‍സ് വിഭാഗത്തെ പുതുക്കിപ്പണിയും

ന്യൂഡെല്‍ഹി: മൂന്ന് വര്‍ഷം നീളുന്ന പരിവര്‍ത്തന തന്ത്രം കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും 2020-21 സാമ്പത്തിക വര്‍ഷത്തോടെ കമ്പനി അതിവേഗ വളര്‍ച്ച കൈവരിക്കാന്‍ ആരംഭിക്കുമെന്നും ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ്. മുഖ്യ എതിരാളിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് പ്രഖ്യാപിച്ചിട്ടുള്ളതിനു സമാനമായ വന്‍കിട കരാറുകള്‍ നേരിടുന്നതിന് സെയ്ല്‍സ് വിഭാഗത്തില്‍ കൂടുതല്‍ നിക്ഷേപം കമ്പനി നടത്തും.
എന്നാല്‍ ഈ മൂന്ന് വര്‍ഷത്തെ പദ്ധതിമൂലം എതിരാളികളെ അപേക്ഷിച്ച് ഇന്‍ഫോസിസ് വളര്‍ച്ചയില്‍ പിന്നിലാകുമോയെന്ന ആശങ്ക അനലിസ്റ്റുകള്‍ പ്രകടിപ്പിക്കുന്നുണ്ട്. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസ് കണക്കാക്കിയിരിക്കുന്ന വരുമാന വളര്‍ച്ചാ നിഗമനം 6-8 ശതമാനമാണ്. വ്യവസായ സംഘടനയായ നാസ്‌കോം മുന്നോട്ടുവെച്ച വളര്‍ച്ചാ ലക്ഷ്യമായ 7-9 ശതമാനത്തിലും താഴെയാണ് ഇത്.

‘ ഇത് മൂന്ന് വര്‍ഷത്തെ പരിവര്‍ത്തന പദ്ധതിയാണ്. ഒന്നാമത്തെ വര്‍ഷത്തില്‍ കമ്പനിയേയും നിക്ഷേപത്തേയും സ്ഥിരപ്പെടുത്തും. രണ്ടാമത്തെ വര്‍ഷത്തില്‍ കമ്പനി ചലനശക്തി കാണിക്കാന്‍ തുടങ്ങും. മൂന്നാമത്തെ വര്‍ഷത്തില്‍ വളര്‍ച്ചയെ വേഗത്തിലാക്കും’, മുംബൈയില്‍ നടന്ന നിക്ഷേപക യോഗത്തില്‍ സലില്‍ പരേഖ് വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഡിജിറ്റല്‍ വിഭാഗത്തില്‍ നിന്ന് 2.79 ബില്യണ്‍ ഡോളറിന്റെ (മൊത്തം ലാഭത്തിന്റെ 25 ശതമാനം) വരുമാനമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. കണക്ക്കൂട്ടിയിരിക്കുന്ന 160 ബില്യണ്‍ ഡോളറിന്റെ ആഗോള വിപണി അവസരത്തിലേക്കെത്താന്‍ ഉപഭോക്താക്കളുടെ മതിപ്പ് നിലനിര്‍ത്തുന്നതിന് പ്രാധാന്യം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരാധിഷ്ഠിത ലാഭം നിലനിര്‍ത്താന്‍ സേവന സവിശേഷകള്‍ ടിസിഎസ് തുടര്‍ച്ചയായി പുതുക്കിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് പരിവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കുമായുള്ള പദ്ധതിയുടെ രൂപരേഖ ഇന്‍ഫോസിസ് കൊണ്ടുവന്നിരിക്കുന്നത്. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസ് 2019 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ മാര്‍ജിന്‍ ലക്ഷ്യം മുന്‍വര്‍ഷത്തെ 23-25 ശതമാനത്തില്‍ നിന്ന് 22-24 ശതമാനമായി കുറച്ചിരുന്നു. ഡിജിറ്റല്‍ നൈപുണ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും വില്‍പ്പന ശേഷി വര്‍ധിപ്പിക്കുന്നതിനും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതിനും യുകെയിലും യുഎസിലും തൊഴില്‍ശക്തി ഉയര്‍ത്തുന്നതിനും നിക്ഷേപം നടത്തേണ്ടത് ആവശ്യമാണെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കിയിരുന്നു. അമേരിക്ക, യൂറോപ്പ്, ആസ്ട്രലിയ തുടങ്ങിയ രാജ്യങ്ങളില്‍ നൈപുണ്യം വര്‍ധിപ്പിക്കാനാണ് ഇന്‍ഫോസിസ് ലക്ഷ്യമിടുന്നത്.

വ്യത്യസ്ത നൈപുണ്യങ്ങള്‍ ചേര്‍ന്ന കൂട്ടായ്മയ്ക്കായി സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാര്‍ക്ക് പുറമെ ആര്‍ട്‌സ്, ഇക്കണോമിക്‌സ്, ലിബറല്‍ ആര്‍ട്‌സ് ബിരുദധാരികളെയും ഇന്‍ഫോസിസ് നിയമിക്കുന്നുണ്ടെന്ന് കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ്‍ റാവു പറയുന്നു. 2018 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 3 ബില്യണ്‍ ഡോളറിന്റെ വന്‍ ഇടപാടുകളിലാണ് ഇന്‍ഫോസിസ് വിജയിച്ചത്. അതേസമയം 6 ബില്യണ്‍ ഡോളറിന്റെ കരാറുകളാണ് ടിസിഎസ് നേടിയത്. വന്‍ ഇടപാടുകളില്‍ ചിലത് നഷ്ടമായതിനെ തുടര്‍ന്നാണ സെയ്ല്‍സ് വിഭാഗത്തെ പുതുക്കുന്നതിനുള്ള പദ്ധതി കമ്പനി ആവിഷ്‌കരിച്ചത്.

Comments

comments

Categories: Business & Economy