ബാങ്കിംഗില്‍ ഇത് നല്ല മാറ്റം

ബാങ്കിംഗില്‍ ഇത് നല്ല മാറ്റം

കറന്‍സിയുടെ ഉപയോഗം പരിമിതപ്പെടുത്തി ബാങ്ക് എക്കൗണ്ടുകളിലൂടെ തന്ന കൂടുതല്‍ ഇടപാടുകള്‍ നടത്തുന്ന പ്രവണത കൂടുകയാണ്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഗുണം ചെയ്യുന്ന മാറ്റമാണിത്

ബാങ്കിംഗ് രംഗത്തും പണമിടപാട് രംഗത്തുമെല്ലാം സുപ്രധാനമായ മാറ്റങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാങ്ക് എക്കൗണ്ടുള്ള ഇന്ത്യക്കാരുടെ എണ്ണത്തിലും മികച്ച വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ലോകബാങ്കിന്റെ ഗ്ലോബല്‍ ഫിന്‍ഡെക്‌സ് റിപ്പോര്‍ട്ടും ഇത് സാധൂകരിക്കുന്നു. സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതിയില്‍ രാജ്യം മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ബാങ്കിംഗ് ശീലങ്ങളും മാറുന്നുണ്ട്. കറന്‍സിയുടെ ഉപയോഗം കുറച്ച് ബാങ്ക് എക്കൗണ്ടുകളിലൂടെ തന്നെ പരമാവധി ഇടപാടുകള്‍ നടത്താന്‍ ശ്രമിക്കുന്ന എക്കൗണ്ട് ഉടമകളുടെ എണ്ണത്തില്‍ വ്യാപകമായ വര്‍ധനയുണ്ടാകുന്നുണ്ട്. ഇത് പോസിറ്റീവാണ്, സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചും സര്‍ക്കാരിനെ സംബന്ധിച്ചും.

നികുതി വരുമാനം കൂടുന്നതോടൊപ്പം തന്നെ ഇടപാടുകള്‍ എക്കൗണ്ടബിള്‍ ആകുമെന്നതും ഗുണകരമാണ്. 36 ശതമാനം എക്കൗണ്ട് ഉടമകളും ഡിജിറ്റല്‍ പേമെന്റുകള്‍ സ്വീകരിക്കാനും നടത്താനുമായി എക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നാണ് കണക്കുകള്‍. ഔദ്യോഗിക ബാങ്കിംഗ് സേവനങ്ങളിലേക്ക് ഗ്രാമങ്ങളിലെ ജനങ്ങളെ എത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ജന്‍ ധന്‍ യോജന പദ്ധതിക്ക് കാര്യമായ സംഭാവനകള്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലേക്ക് നടത്താന്‍ സാധിച്ചുവെന്നു വേണം മനസിലാക്കാന്‍. 2018 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 31.44 കോടിയാണ് ജന്‍ധന്‍ എക്കൗണ്ടുകളുടെ എണ്ണം. പോയ വര്‍ഷം ഇത് 281.7 കോടിയായിരുന്നു. രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ ബാങ്ക് എക്കൗണ്ടുള്ളവരുടെ എണ്ണം 2011 മുതല്‍ ഇരട്ടിച്ച് 80 ശതമാനത്തോളമെത്തി. 2014ലാണ് മോദി സര്‍ക്കാര്‍ ജന്‍ ധന്‍ യോജന പദ്ധതി ആരംഭിച്ചത്. അതേസമയം നല്ലൊരു ശതമാനം ജന്‍ധന്‍ എക്കൗണ്ടുകളും നിഷ്‌ക്രിയമാണെന്ന വിമര്‍ശനങ്ങളും കാണാതിരുന്നു കൂട.

എന്നാല്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ നേടേണ്ടതുണ്ട്. ബാങ്ക് എക്കൗണ്ടില്ലാത്ത പ്രായപൂര്‍ത്തിയായവരുടെ എണ്ണം 19 കോടിയാണെന്ന് ലോക ബാങ്ക് വ്യക്തമാക്കുന്നു. ബാങ്ക് സേവനങ്ങള്‍ ലഭ്യമാകാത്ത ഏറ്റവും കൂടുതല്‍ ജനതയുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇത് അഭിമാനിക്കാവുന്ന കണക്കുകളല്ല. ബാങ്കിംഗ് സേവനങ്ങള്‍ ഇനിയും എത്തിപ്പെടാത്ത മേഖലകളെ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതികള്‍ തന്നെ തയാറാക്കണം. അതിനോടൊപ്പം തന്നെ ഡിജിറ്റല്‍ ഇടപാടുകള്‍ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും ശക്തമാക്കണം. നോട്ട് അസാധുവാക്കലിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകളില്‍ വ്യാപകമായ വര്‍ധനയുണ്ടായിട്ടുണ്ടെന്നത് ശരി തന്നെയാണ്. എന്നാല്‍ നല്ലൊരു ശതമാനം ജനങ്ങള്‍ ഇപ്പോഴും ഡിജിറ്റല്‍ ഇടപാടുകളില്‍ നിന്ന് മുഖം തിരിഞ്ഞ് നില്‍ക്കുന്നുണ്ട്. പുരുഷ എക്കൗണ്ട് ഉടമകളില്‍ 42 ശതമാനം പേരും ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ സ്ത്രീ എക്കൗണ്ട് ഉടമകളില്‍ ഇത് 29 ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ ഈ കണക്കുകള്‍ എത്രയും വേഗം ഉയര്‍ത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും ബാങ്കുകള്‍ക്കുമുണ്ട്.

Comments

comments

Categories: Editorial, Slider