ടിസിഎസ് @ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബ്

ടിസിഎസ് @ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബ്

10 വര്‍ഷത്തിനിടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളറിനു മുകളിലെത്തിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസി(ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്)ന്റെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ കടന്നു. ഇതോടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന ചരിത്ര നേട്ടമാണ് ടിസിഎസ് പേരിനൊപ്പം എഴുതിച്ചേര്‍ത്തത്. മാര്‍ച്ച് പാദത്തിലെ ആരോഗ്യകരമായ പ്രകടനഫലം പുറത്തുവിട്ടതിനു പിന്നാലെ ഓഹരി വിപണിയിലുണ്ടായ കുതിപ്പാണ് ടിസിഎസിനെ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ച ശേഷം 9.52ഓടെ കമ്പനിയുടെ ഓഹരി വില രണ്ട് ശതമാനത്തിലേറെ ഉയര്‍ന്ന് 3,478 കടന്നതോടെയാണ്, 100 നൂറ് ബില്യണ്‍ ഡോളര്‍ വിപണി മൂല്യമെന്ന നേട്ടം ടിസിഎസിനെ തേടിയെത്തിയത്. 6,62,726.36 കോടി രൂപയായിരുന്നു അപ്പോള്‍ കമ്പനിയുടെ മൊത്തം മൂല്യം. നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ കമ്പനിയുടെ സംയോജിത അറ്റാദായം 5.7 ശതമാനം വര്‍ധിച്ച് 6,904 കോടി രൂപയിലെത്തിയതും, 1:1 ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചതും വിപണിയില്‍ കമ്പനിക്ക് നേട്ടമായി. ഓഹരി വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മാത്രം വിപണി മൂല്യത്തില്‍ 40,000 കോടി രൂപയോളം ടിസിഎസ് കൂട്ടിച്ചേര്‍ത്തിരുന്നു.

ഔട്ട്‌സോഴ്‌സിംഗ്, കണ്‍സള്‍ട്ടന്‍സി കമ്പനിയായ ആക്‌സെഞ്ചറിന്റെ വിപണി മൂല്യത്തെയും ടിസിഎസ് മറികടന്നു. 98.20 ബില്യണ്‍ ഡോളറാണ് ആക്‌സെഞ്ചറിന്റെ വിപണി മൂല്യം. ഐടി രംഗത്ത് പ്രധാന എതിരാളികളായ ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തേക്കാള്‍ ഇരട്ടിയിലധികമാണ് നിലവില്‍ ടിസിഎസിനുള്ളത്. പാക്കിസ്ഥാനിലെ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്ന കമ്പനികളുടെ മൊത്തം വിപണി മൂല്യത്തെയും ടിസിഎസ് തനിച്ച് മറികടന്നു. ശ്രീലങ്ക, സ്ലോവാക്യ, കെനിയ, ജോര്‍ദാന്‍ തുടങ്ങി ലോകത്തിലെ 128 രാജ്യങ്ങളുടെ ജിഡിപിക്ക് തുല്യമാണ് ടിസിഎസിന്റെ ഇപ്പോഴത്തെ മൂല്യം. ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റില്‍ നിര്‍ദേശിച്ചിട്ടുള്ള 27 ശതമാനം ചെലവുകള്‍ക്കും തുല്യമാണിത്.

ഇതിനുപുറമെ ഇന്ത്യ-ജപ്പാന്‍ പ്രതിരോധ ബജറ്റിന് തുല്യം എന്ന ബഹുമതിയും ടിസിഎസ് വിപണി മൂല്യത്തിനുണ്ട്. ഇന്ത്യയുടെ വിദേശ കരുതല്‍ധനത്തിന്റെ (426 ബില്യണ്‍ ഡോളര്‍) നാലിലൊന്നാണ് ടിസിഎസിന്റെ വിപണി മൂല്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 30 ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍ (10.79 ലക്ഷം കോടി രൂപ) 62 ശതമാനം പങ്കുവഹിക്കുന്നത് ടിസിഎസ് ആണ്. 14 വര്‍ഷത്തിനിടെ 47,232 കോടി രൂപയില്‍ നിന്നും 6.78 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്ന് വിപണി മൂല്യത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നേടിയ കമ്പനിയെന്ന ബഹുമതിയും ടിസിഎസ് ഇതോടൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

ആമസോണും ഫേസുബുക്കും ഉള്‍പ്പടെയുള്ള വമ്പന്‍ കമ്പനികളാണ് വിപണി മൂല്യത്തില്‍ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലുള്ളത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനി ആപ്പിള്‍ ആണ്. 840 ബില്യണ്‍ ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം. 731 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി മൈക്രോസോഫ്റ്റാണ് രണ്ടാം സ്ഥാനത്തുള്ളത്.

89.36 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള റിലയന്‍സ് ഇന്റസ്ട്രീസാണ് നിലവില്‍ ടിസിഎസിനു പുറകില്‍ രണ്ടാം സ്ഥാനത്തുള്ളത്. 2007ല്‍ ആര്‍ ഐഎല്‍ 100 ബില്യണ്‍ ഡോളര്‍ ക്ലബിലെത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മാറിയിരുന്നു. ഒഹരിക്ക് 1,943 രൂപ നിലവാരത്തില്‍ 5,04,226 ലക്ഷം കോടി രൂപയുമായി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയാണ് വിപണി മൂല്യത്തില്‍ മൂന്നാം സ്ഥാനത്ത്. ഓഹരി വിപണിയിലുളള മറ്റു കമ്പനികളുടെയെല്ലാം വിപണിമൂല്യം 3.5 ലക്ഷം കോടി രൂപയ്ക്കും താഴെയാണ്. 2.32 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഒഎന്‍ജിസിയാണ് പൊതുമേഖല കമ്പനികളില്‍ മുന്നിലുള്ളത്.

Comments

comments

Categories: Slider, Top Stories