സമൂഹമാധ്യമങ്ങളും നിയമങ്ങളും

സമൂഹമാധ്യമങ്ങളും നിയമങ്ങളും

നമ്മുടെ നിയമങ്ങളില്‍ കഴിഞ്ഞ നൂറ്റമ്പത് കൊല്ലത്തോളം കാര്യമായ പൊളിച്ചെഴുത്തുകള്‍ ഒന്നും നടന്നിട്ടില്ല. വിവരസാങ്കേതിക നിയമം പുതിയതായി നിര്‍മ്മിച്ചു എന്ന് പറയാമെങ്കിലും അതിന്റെ പരിമിതികള്‍ ഏറെറെയാണ്. കേരളത്തിലടക്കം ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്നത്തെ കാലത്ത് നടക്കുന്ന വിഷം ചീറ്റലുകള്‍ മനുഷ്യ ചിന്തകളെ പങ്കിലപ്പെടുത്തുന്നുണ്ട്. ഏത് നിയമപ്രകാരമാണ് യുക്തമായ ക്രിമിനല്‍ നടപടി എടുക്കുക? സാങ്കേതിക വിദ്യ അത്യോത്തരം പുരഹോഗമിക്കുന്ന കാലത്ത് അവശ്യം പരിഗണിക്കേണ്ട ചില വസ്തുതകള്‍…

‘There is a core misunderstanding about how that system works, which is that—let’s say if you are a shop and you are selling muffins, right, you might want to target people in a specific town who might be interested in baking or some demographic, but we don’t send that information to you, we just show the message to the right people and that’s a really important, I think, common misunderstanding of how the system works.’

— Mark Zuckerberg

അമേരിക്കന്‍ സെനറ്ററായ ബില്‍ നെല്‍സന്റെ ചോദ്യത്തിന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് നല്‍കിയ ഉത്തരമാണിത്. ഏപ്രില്‍ പത്തിന് യുഎസ് സെനറ്റിന്റെ ജുഡീഷ്യറി കമ്മിറ്റിയുടെയും കോമേഴ്‌സ്, സയന്‍സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റിയുടെയും സംയുക്ത വിചാരണയിലാണ് നെല്‍സണ്‍, മാര്‍ക്ക് സുക്കര്‍ബെര്‍ഗിനോട് ഒരു ലളിതമായ ചോദ്യം എറിഞ്ഞത്: ‘ഞാന്‍ എന്റെ സുഹൃത്തുക്കളുമായി ഫേസ്ബുക്കില്‍ സംവദിക്കവേ, ഒരു പ്രത്യേക ചോക്ലേറ്റ് എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു. പെട്ടെന്ന് തന്നെ എനിക്ക് വിവിധ ചോക്ലേറ്റുകളുടെ പരസ്യങ്ങള്‍ വരാന്‍ തുടങ്ങി. ഇതൊന്ന് നിര്‍ത്താന്‍ പറ്റുമോ?’. വളരെ സാധാരണമായ ഒരു ചോജ്യത്തിനാണ് സുക്കര്‍ബെര്‍ഗ് ഇങ്ങനെയൊരു വളഞ്ഞ മറുപടി പിന്നീട് ലോകത്തിന് നല്‍കിയത്. നമ്മുടെ നാട്ടിലെ പഴഞ്ചൊല്ലില്‍ പറഞ്ഞാല്‍, ‘അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി’ എന്ന തരത്തില്‍.

അതാണ് മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ വിജയം. അഥവാ, സാങ്കേതികവിദഗ്ധരുടെ വിജയം; ശരാശരി രാഷ്രീയക്കാരന്റെ, ഭരണകര്‍ത്താവിന്റെ പരാജയവും. വിവിധ സെനറ്റ് കമ്മിറ്റികളുടെയും അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ തന്നെ ഒരു കമ്മിറ്റിയുടെയും മുന്നില്‍ രണ്ട് ദിവസങ്ങളിലായി നിരവധി മണിക്കൂറുകള്‍ മൊഴി കൊടുത്ത ഫേസ്ബുക്ക് സിഇഒയില്‍ നിന്ന് പുതിയതായി ഒരറിവും ലോകത്തിന് ലഭിച്ചില്ല.

ലബ്ധപ്രതിഷ്ഠരായ നിരവധി സെനറ്റര്‍മാരും കോണ്‍ഗ്രസ് പ്രതിനിധികളും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട വിചാരണകളില്‍, ഓരോരുത്തര്‍ക്കും അനുവദിച്ച സമയം വെറും അഞ്ച് മിനുട്ടുകള്‍ വീതമായിരുന്നു. ആ ചുരുങ്ങിയ സമയത്ത് അവര്‍ അങ്ങേയറ്റം ലളിതമായ പ്രശ്‌നങ്ങളാണ് മാര്‍ക്ക് സുക്കര്‍ബെര്‍ഗിന് മുന്നില്‍ ഉന്നയിച്ചത്. അതാവട്ടെ, അദ്ദേഹത്തിന് വളരെ സൗകര്യവുമായി. സ്വാഭാവികമായ മുഖചേഷ്ടകള്‍ കൃത്യമായി വരുത്തുന്നതിനപ്പുറം അദ്ദേഹത്തിന് കൂടുതല്‍ ഒന്നും ശ്രദ്ധിക്കേണ്ടിയിരുന്നില്ല. കമ്മറ്റിയംഗങ്ങള്‍ മതിയായ ഗൃഹപാഠം ചെയ്യാതെയാണ് മാര്‍ക്ക് സുക്കര്‍ബെര്‍ഗിനെ നേരിട്ടത്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അവര്‍ക്ക് മതിയാംവണ്ണം പോയിട്ട്, ഒരരിക് പോലും മനസ്സിലായില്ല. ആയതിനാല്‍ത്തന്നെ, സാമാജികര്‍ക്ക് അദ്ദേഹത്തില്‍ ഉത്തരവാദിത്തലംഘനം സ്ഥാപിക്കാനായില്ല.

സാങ്കേതികവൈവിധ്യമാര്‍ന്ന നിരവധി വ്യവസായങ്ങളെ നിയന്ത്രിക്കുന്നത് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ വിവിധ കമ്മറ്റികളാണ്. ഒരര്‍ത്ഥത്തില്‍, അവയില്‍ പലതും ഫേസ്ബുക്കിനേക്കാളധികം അമേരിക്കക്കാരെ ദോഷകരമായി ബാധിക്കുന്നതുമാവാം. ഒരു നിയമസഭാസാമാജികന് ആര്‍ജിക്കാവുന്ന സാങ്കേതിക പരിജ്ഞാനത്തിന് പരിധിയുണ്ട്. സാങ്കേതിക വിദഗ്ദ്ധരുടെ സഹായം അവര്‍ തേടേണ്ടിയിരുന്നു. അതിനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തില്‍ അമേരിക്കന്‍ സാമാജികര്‍ക്ക് ലഭ്യവുമാണ്. എന്തേ അത് ചെയ്തില്ല എന്നത് പ്രഹേളികയായി തന്നെ നില്‍ക്കുന്നു. ഈ നിരീക്ഷണത്തിന് ഒരു മറുവാദമുണ്ട്: സാങ്കേതികത മുഴുവന്‍ മനസ്സിലാകുന്നുണ്ടോ എന്നതല്ല, പരിണിത ഫലങ്ങള്‍ അറിയാനാവുന്നുണ്ടോ എന്നതാണ് പ്രധാനം. ഫേസ്ബുക്കിന്റെ ഡാറ്റ ചോര്‍ന്നത് തങ്ങളുടെ വോട്ടിടങ്ങളില്‍, ശരാശരി അമേരിക്കക്കാരനില്‍, വലിയ ഞെട്ടലുളവാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക്, സെനറ്റര്‍മാര്‍ക്ക് ഗാഢമായി മനസ്സിലായിട്ടുണ്ട് എന്നതാണ് ആ മറുവാദം. യൂറോപ്യന്‍ യൂണിയന്‍ നടപ്പാക്കാന്‍ പോകുന്ന ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ പോലുള്ള നിയമങ്ങള്‍ എന്തേ സെനറ്റും കോണ്‍ഗ്രസ്സും ചിന്തിക്കുന്നില്ല എന്ന് തിരിച്ചും ചോദ്യം ഉയരുന്നുണ്ട്.

മാര്‍ക്ക് സുക്കര്‍ബെര്‍ഗ് സെനറ്റ് കമ്മിറ്റിയ്ക്ക് മുന്‍പില്‍ ഹാജരായത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ്. കൃത്യമായി പറഞ്ഞാല്‍ 2.29 ന് ആണ് അദ്ദേഹം കാപിറ്റോള്‍ ഹില്ലിലെ സെനറ്റ് ഓഫീസിലെ വിചാരണമുറിയിലേയ്ക്ക് ഫേസ്ബുക്കിന്റെ നയരൂപീകരണ വിഭാഗം വൈസ് പ്രസിഡന്റ് ജിയോല്‍ കപ്ലാനോടോപ്പം നടന്ന് കയറിയത്. അതിന് എത്രയോ മുന്‍പ് തന്നെ കാപിറ്റോള്‍ ഹില്ലില്‍ പ്രതിഷേധങ്ങള്‍ അലയടിച്ചിരുന്നു. ‘ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി നൂറ് കണക്കിന് അമേരിക്കക്കാര്‍ അവിടെയെങ്ങും നിറഞ്ഞിരുന്നു. അവരാണ് മാര്‍ക്ക് സുക്കര്‍ബെര്‍ഗിനെ ആദ്യം വരവേറ്റത്. പത്തൊന്‍പതാം വയസ്സില്‍ താന്‍ രൂപം നല്‍കിയ, അമേരിക്കകാരന്റെ അഭിമാനമായിരുന്ന സ്ഥാപനം ഇന്ന് യശസ്സ് കെട്ട്, തങ്ങളുടെ സ്വകാര്യത അപഹരിച്ചു എന്ന് ‘ഫെല്ലോ അമേരിക്കന്‍സ്’ (അങ്ങിനെയാണ് അവര്‍ സ്വജനതയെ വിശേഷിപ്പിക്കുന്നത്. പ്രസിഡന്റും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് ‘മൈ ഡിയര്‍ ഫെല്ലോ അമേരിക്കന്‍സ്’ എന്നാണ്) തന്നെ കുറ്റപ്പെടുത്തുന്നതിനെ സാക്ഷി നിര്‍ത്തി അദ്ദേഹം വിചാരണമുറിയില്‍ ഹാജരായി. കൊമേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ തൂണ്‍ തന്റെ ആമുഖപ്രസംഗത്തില്‍ പറഞ്ഞപോലെ, കമ്മിറ്റിയും അമേരിക്കയും ലോകവും സുക്കര്‍ബെര്‍ഗിന്റെ വാക്കുകള്‍ക്ക് ആയി ആകാംഷയോടെ, ഉത്കണ്ഠയോടെ, കാതോര്‍ത്ത് കാത്തുനിന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യ ഫേസ്ബുക്ക് വഴി ഇടപെട്ടതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ‘റഷ്യയില്‍ കുറേപ്പേരുടെ ജോലി ഇതാണ്…അതൊരു നിരന്തര ആയുധപ്പന്തയമാണ്..’. ആ മൊഴിയിലെ ലാഘവത്വം ആരും അത്ര മനസ്സിലാക്കിയതായി തോന്നുന്നില്ല. രണ്ട് കാഴ്ചപ്പാടുകളാണ് അദ്ദേഹം മുന്നോട്ട് വച്ചത്. ഒന്ന്, ഇതെല്ലം റഷ്യ ചെയ്യുന്നതാണ്, തനിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല. രണ്ട്, റഷ്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഫേസ്ബുക്ക് പ്ലാറ്റഫോമിലേയ്ക്ക് നുഴഞ്ഞ് കയറാന്‍ കഴിയില്ല എന്ന് തനിക്ക് ഉറപ്പുവരുത്താനാവില്ല.
(‘SEN. Tom Udal: ….Can you guarantee that any of those images that can be attributed or associated with the Russian company, Internet Research Agency, have been purged from your platform? ZUCKERBERG: Senator, no, I can’t guarantee that. Because this is an ongoing arms race. As long as there are people sitting in Russia whose job it is, is to try to interfere with elections around the world, this is going to be an ongoing conflict’). അതായത്, യന്ത്രസംബന്ധമായ കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന്. നിര്‍മ്മിതിയ്ക്ക് ഉത്തരവാദി നിര്‍മ്മിതിയുടെ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദി അല്ല എന്നര്‍ത്ഥം.

മിക്കവാറും നിയമങ്ങളെല്ലാം പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. അവയില്‍ പലതിനും ആധുനിക യുഗത്തിലെ കുറ്റങ്ങളില്‍ പലതിനേയും കുറ്റമായി നിര്‍വ്വചിക്കാനാവുന്നില്ല. റോബോട്ടിക്‌സും നിര്‍മ്മിതബുദ്ധിയും ചേര്‍ന്ന് ലോകത്തിലെ പല സെലിബ്രിറ്റികളുടെയും മുഖരൂപവും ശരീരഘടനയും പെരുമാറ്റ പ്രകൃതവുമുള്ള റോബോട്ടുകളെ നിര്‍മ്മിക്കുന്നു. അവയുടെ ദുരുപയോഗത്തിന് ആര്‍ക്കെതിരെ, എന്തിനെതിരെ കേസെടുക്കും?

ഈ ലാഘവത്വം അവര്‍ക്ക് മനസ്സിലായാലും എന്തെങ്കിലും ചെയ്യാന്‍ നിയമം അശക്തമാണ്. സാങ്കേതികയുടെ കടന്നുകയറ്റം നിയമത്തിന്റെ നൂലാമാലകളില്‍ ഒട്ടും കുടുങ്ങുന്നില്ല. മിക്കവാറും നിയമങ്ങളെല്ലാം പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. അവയില്‍ പലതിനും ആധുനിക യുഗത്തിലെ കുറ്റങ്ങളില്‍ പലതിനേയും കുറ്റമായി നിര്‍വ്വചിക്കാനാവുന്നില്ല. റോബോട്ടിക്‌സും നിര്‍മ്മിതബുദ്ധിയും ചേര്‍ന്ന് ലോകത്തിലെ പല സെലിബ്രിറ്റികളുടെയും മുഖരൂപവും ശരീരഘടനയും പെരുമാറ്റ പ്രകൃതവുമുള്ള റോബോട്ടുകളെ നിര്‍മ്മിക്കുന്നു. അവയുടെ ദുരുപയോഗത്തിന് ആര്‍ക്കെതിരെ, എന്തിനെതിരെ കേസെടുക്കും? പല രംഗത്തെയും പ്രമുഖര്‍ തമ്മിലുള്ള കിടമത്സരം ഇന്ന് റോബോട്ടുകള്‍ വഴിയാണ് നടക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ സമയാസമയങ്ങളില്‍ പോസ്റ്റുകള്‍ നിറയ്ക്കുന്നു, അവ. റോബോട്ടുകള്‍ തമ്മിലും അടിയുണ്ട്. ഇന്‍സ്റ്റാഗ്രാം റോബോട്ടായ ബര്‍മുഡ (കാലാവസ്ഥാവ്യതിയാനം എന്നൊന്നില്ല, എല്ലാത്തിനെയും തെറ്റിദ്ധരിക്കുന്നവര്‍ ആണ് ഫെമിനിസ്റ്റ് ആവുന്നത്, വെളുത്ത വര്‍ഗ്ഗക്കാരാണ് കുലീനര്‍ എന്ന് തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിക്കലാണ് ഇതിന്റെ ജോലി) മറ്റൊരു ഇന്‍സ്റ്റാഗ്രാം റോബോട്ടായ മിഖേലയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ‘ഏറ്റെടുത്തു’. ഡിസൈനര്‍ വസ്ത്രങ്ങള്‍ക്കുള്ള മോഡലാണ് മിഖേല. ‘കറുത്തവരുടെ ജീവനുകള്‍ പ്രധാനം’ (Black Lives Matter) എന്ന വംശവെറി വിരുദ്ധ ആഗോള പ്രസ്ഥാനത്തിന്റെ വക്താവും ബിയോന്‍സി എന്ന അമേരിക്കന്‍ ഗായികയുടെ ആരാധികയുമാണ് അത്. അക്കൗണ്ട് ചൂണ്ടിയതിന്റെ പുറകിലുള്ള താല്പര്യം മനസ്സിലാവുന്നുണ്ടല്ലോ? ഇതിലെ ആപത്ത് ഏത് തലം വരെ വേണമെങ്കിലും പോകാം. നിയമത്തിന് ഇതിന്റെയെല്ലാം മുന്നില്‍ പകച്ച് നില്‍ക്കാനേ കഴിയൂ. അതുകൊണ്ടാണ്, കഴിഞ്ഞ വര്‍ഷം റോബോട്ടുകളെ നിയമപരമായി നിയന്ത്രിക്കുന്ന കാര്യത്തില്‍ ഒരു ആമുഖപത്രം യൂറോപ്യന്‍ യൂണിയന്‍ തയ്യാറാക്കിയത്. റോബോട്ടുകള്‍ക്ക് മനുഷ്യപദവി നല്‍കുന്നത് സംബന്ധിച്ചാണിത്. കോര്‍പറേറ്റ് കമ്പനികളെ പോലെ റോബോട്ടുകള്‍ക്കും കൃത്രിമ മനുഷ്യപദവി നല്‍കി അവയ്ക്ക് നിയമപരമായ ഉത്തരവാദിത്തങ്ങള്‍ ബാധകമാക്കാനുള്ള മാര്‍ഗ്ഗരേഖ.

സമൂഹമാധ്യമവും റോബോട്ടും രണ്ടും രണ്ടാണ്. പക്ഷേ നിയന്ത്രണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അവയില്‍ നിരവധി സമാനതകള്‍ ആവശ്യമുണ്ട്. കാരണം, രണ്ടും യന്ത്രനിയന്ത്രിതമാണ്. മനുഷ്യചിന്തകള്‍ പങ്കുവയ്ക്കപ്പെടുന്ന സമൂഹമാദ്ധ്യമവും മനുഷ്യ പ്രവര്‍ത്തികള്‍ അനുകരിക്കുന്ന റോബോട്ടുകളും മനുഷ്യന്‍ ചെയ്യാവുന്ന എല്ലാ തെറ്റുകളും ചെയ്യാന്‍ പ്രാപ്തമായവയാവും. അതിനാല്‍, അവയ്ക്ക് മനുഷ്യന് ബാധകമായ നിയമങ്ങളും നടപ്പാക്കിയേ തീരൂ.

ഈ പരിസരത്ത് നിന്ന് ഇന്ത്യന്‍ അവസ്ഥകളെ നോക്കിക്കാണുവാന്‍ അധികമാരും തുനിഞ്ഞതായി കാണുന്നില്ല. നമ്മുടെ നിയമങ്ങളില്‍ കഴിഞ്ഞ നൂറ്റമ്പത് കൊല്ലത്തോളം കാര്യമായ പൊളിച്ചെഴുത്തുകള്‍ ഒന്നും നടന്നിട്ടില്ല; അവശ്യം ചില കൂട്ടിച്ചേര്‍ക്കലുകളോ ഭേദഗതികളോ ഒഴികെ. വിവരസാങ്കേതിക നിയമം പുതിയതായി നിര്‍മ്മിച്ചു എന്ന് പറയാമെങ്കിലും അതിന്റെ പരിമിതികള്‍ വളരെയേറെയാണ്. കേരളത്തിലടക്കം ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ന് നടക്കുന്ന വിഷം ചീറ്റലുകള്‍ ഇവിടത്തെ മനുഷ്യ ചിന്തകളെ പങ്കിലപ്പെടുത്തുന്നുണ്ട്. അതിന് ഏത് നിയമപ്രകാരമാണ് ലക്ഷ്യപ്രാപ്തിയുക്തമായ ക്രിമിനല്‍ നടപടി എടുക്കുക? അടുത്ത ദിവസം കേരളത്തില്‍ ഒരു വാട്‌സ്ആപ്പ് ഹര്‍ത്താല്‍ നടന്നത് നാം കണ്ടു. വിധ്വംസക രൂപം തികഞ്ഞ് നിന്ന ഇതിനെതിരെ ശക്തമായ നടപടി ഉണ്ടായി എന്നത് ആശ്വാസകരമാണ്. തങ്ങളല്ല ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയത് എന്നത് കൊണ്ട് മാത്രം രാഷ്ട്രീയ കേരളം കേസ്സെടുക്കുന്നതിന് അനുകൂലമായി. ഏതെങ്കിലും ഒരു ഈര്‍ക്കിലി പാര്‍ട്ടി അതിലുണ്ടായിരുന്നെങ്കില്‍ ചിലരെങ്കിലും കേസിനെ ‘ജനാധിപത്യ ധ്വംസനം’ എന്ന് വിളിച്ച് എതിര്‍പ്പുമായി വരുമായിരുന്നു. അഹിംസയിലൂന്നി ഒരു മഹാത്മാവ് ഒരിക്കല്‍ സ്വീകരിച്ച ഹര്‍ത്താല്‍ എന്ന സമരമുറ ഇന്ന് അക്രമത്തെയും ഹിംസയെയും ജനം ഭയക്കുന്നത് കൊണ്ട് മാത്രമല്ലേ വിജയിക്കുന്നത്?

നാളെ ഫേസ്ബുക്ക് വഴി ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലാവും വരിക. എറിഞ്ഞ് തകര്‍ക്കുന്നതിന് കേസ്സ് വരാതിരിക്കാന്‍ റോബോട്ടുകളെ വിട്ട് എറിയിച്ചേക്കും. കുടിപ്പക തീര്‍ക്കാന്‍ സ്ത്രീയെ അപമാനിക്കുന്നത്, കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊല്ലുന്നത് ഒക്കെ റോബോട്ടുകള്‍ വഴിയാണെങ്കില്‍ എന്ത് ചെയ്യും? ഗുണ്ടാസംഘങ്ങള്‍ റോബോട്ടുകളെ കരസ്ഥമാക്കിക്കൂടെന്നില്ലല്ലോ. അവ ചെയ്യുന്ന അക്രമങ്ങള്‍ക്ക് നിയമത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട്, വിശാലമായ ആപല്‍സാദ്ധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് അവയെ സമര്‍ത്ഥമായി തടയാനുതകുന്ന ഒരു നിയമനിര്‍മ്മാണം നമ്മള്‍ നടത്തേണ്ടിയിരിക്കുന്നു.

വാല്‍കഷ്ണം: ഈ കുറിപ്പ് എഴുതുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ തിരയുന്നതിനിടയില്‍ വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തില്‍ ഫേസ്ബുക്ക് വിചാരണ സംബന്ധിച്ച വാര്‍ത്തയ്ക്കായി പോയി. റഷ്യ എന്ന വാക്ക് വാര്‍ത്തയോടൊപ്പമുള്ള ഫോട്ടോയുടെ അടിക്കുറിപ്പില്‍ ഉണ്ടായിരുന്നു. വെബ്‌പേജ് പ്രത്യക്ഷപ്പെട്ടതോടൊപ്പം റഷ്യന്‍ ടൂറിസത്തിന്റെ പരസ്യം ഒരരികില്‍ നിന്ന് ചാടി വന്ന് പ്രത്യക്ഷപ്പെട്ടു!

Comments

comments

Categories: FK Special, Slider